പുളിക്കല്‍ സനില്‍രാഘവന്‍

June 23, 2021, 12:37 pm

കോണ്‍ഗ്രസ് രാഷട്രീയ കാര്യസമിതി പ്രഹസനമാകുന്നു; കെ എസ്, വി ഡി, കെ സി അച്ചുതണ്ട് പിടിമുറുക്കുന്നു, പിന്തുണയുമായി മുരളീധരനും 

Janayugom Online

സംസ്ഥാന കോണ്‍ഗ്രസില്‍ കെ സുധാകരന്‍, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ അച്ചുതണ്ട് പിടിമുറുക്കിയതോടെ എ ഐ ഗ്രൂപ്പുകള്‍ക്ക് വലിയ പ്രാധാന്യമില്ലാതാകുന്നു.ഗ്രൂപ്പുകള്‍ക്ക് അതീതമാണെന്നു ഇവര്‍ പറയുന്നുണ്ടെങ്കിലും ഗ്രൂപ്പായി മാറിയിരിക്കുന്നു. ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ചാണണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പില്‍ നിന്നും പലരും പുതിയ അച്ചുതണ്ടിനു പന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. കെപിസിസി,ഡിസിസി പുനസംഘടനയില്‍ ഇവര്‍ക്ക് താല്‍പര്യമുള്ളവര്‍ കടന്നുവരാന്‍ സാധ്യതയേറുന്നു മുമ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലായിരുന്നു സ്ഥാനമാനങ്ങൾ വീതം വച്ചിരുന്നത്. അന്ന് ഗ്രൂപ്പിന് അനുവദിക്കുന്ന പോസ്റ്റുകളിൽ നേതാക്കൾ ചർച്ച ചെയ്ത് ആളുകളെ ശുപാർശ ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോൾ അതാത് ഗ്രൂപ്പുകളിൽ സ്ഥാനമില്ലാത്തവർക്ക് അവസരം നൽകി ഗ്രൂപ്പിന്റെ കെട്ടുറപ്പ് നഷ്ടമാകാതിരിക്കാൻ നേതാക്കൾ പ്രത്യേകം ശ്രമിക്കും. കെപിസിസിയിലും ഡിസിസിയിലും നിലവിലെ ജംബോ സമിതി ഇനി ഉണ്ടാകില്ലെന്നു സുധാകരൻ പ്രഖ്യാപിച്ചു കഴിഞ്ഞു. പാർട്ടിയിലെ പൊതു വികാരവും അതാണെങ്കിലും ഭാരവാഹികളാകാൻ നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്. സുധാകരന് കൂടുതൽ അടുപ്പം ഐ ഗ്രൂപ്പിലെ നേതാക്കളോടാണ്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പുകാർക്ക് പ്രാധാന്യം കിട്ടും. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തും. ഇതും വിശാല ഐ ഗ്രൂപ്പിന് വേണ്ടിയാരും.കെപിസിസിക്കു നിർവാഹക സമിതി അടക്കം 51 അംഗ സമിതി രൂപീകരിക്കാനാണു സുധാകരൻ ഉദ്ദേശിക്കുന്നത്. വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി പത്തിൽ താഴെ പേർ മതിയെന്നും അദ്ദേഹം കരുതുന്നു. ഡിസിസികളിലും അതേ മാതൃക തുടരുകയാണു ലക്ഷ്യം. ഈ പദവികളിലെല്ലാം സുധാകരന് താൽപ്പര്യമുള്ളവർക്ക് കൂടുതൽ പിന്തുണ കിട്ടും എന്ന് ഉറപ്പാണ്. അതുണ്ടായാൽ എ ഗ്രൂപ്പ് നേതാക്കൾ തീർത്തും നിരാശരാകും. ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളവർ വെട്ടിനിരത്തലിനും വിധേയമാകും. ഇതിനിടയില്‍ എ ഗ്രൂപ്പിലെ പ്രധാനിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സുധാകരപക്ഷത്തിനൊപ്പം നിലയുറച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായിയ്‌ക്കെതിരെ സുധാകരൻ നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ക്ക് വലിയ പിന്തുണയാണ് തിരുവഞ്ചൂര് നല്‍കിയിട്ടുള്ളത്.

ജംബോ കമ്മറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്.എ ഗ്രൂപ്പിൽ കെസി ജോസഫും ചാണ്ടി ഉമ്മനും നടത്തുന്ന ഇടപെടലാണ് തിരുഞ്ചൂരിനേയും അകറ്റുന്നതെന്നാണ് സൂചന. ഗ്രൂപ്പിന് അതീത സമീപനം സ്വീകരിക്കാനാകും തിരുവഞ്ചൂരിന്റെ ഇനിയുള്ള ശ്രമം. പ്രതിപക്ഷ നേതാവായി എത്താൻ തിരുവഞ്ചൂരിന് മോഹമുണ്ടായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി പോലും തിരുവഞ്ചൂരിന് വേണ്ടി പറഞ്ഞില്ല. കെസി ജോസഫിന്റെ താൽപ്പര്യമാണ് തിരുവഞ്ചൂരിനെ ഉമ്മൻ ചാണ്ടി തഴയാൻ കാരണമെന്നാണ് വിലയിരുത്തൽ. ചെന്നിത്തലയെ ഉയർത്തികാട്ടിയുള്ള എ ഗ്രൂപ്പിന്റെ നീക്കം പൊളിയുകയും ചെയ്തു. ഇതോടെയാണ് തിരുവഞ്ചൂരും എ ഗ്രൂപ്പും തമ്മിലെ വിള്ളൽ കൂടുന്നത്. സുധാകരനെ കെപിസിസി അധ്യക്ഷനായപ്പോൾ ആദ്യം പിന്തുണ അറിയിച്ചതും തിരുവഞ്ചൂരാണ്. ഐ ഗ്രൂപ്പിൽ ചെന്നിത്തലയ്ക്ക് മാത്രമാണ് അതൃപ്തിയുള്ളത്. എന്നാൽ കെസി വേണുഗാപോലും കെ മരുളീധരനും വിഡി സതീശനും അടക്കമുള്ള പ്രമുഖർ നിലവിൽ ഒറ്റക്കെട്ടാണ്. ഇന്നത്തെ രാഷ്ട്രീയകാര്യ സമിതിയോടെ കെഎസ്(കെസുധാകരൻ)-കെസി(കെസി വേണുഗോപാൽ)-വിഡി(വിഡി സതീശൻ) അച്യുതണ്ടിലേക്ക് കോൺഗ്രസ് രാഷ്ട്രീയം മാറുകയാണ്. ഹൈക്കമാണ്ടിനൊപ്പം നിൽക്കാൻ ഷാഫി പറമ്പിലും ടി സിദ്ദിഖും നേരത്തെ തീരുമാനിച്ചിരുന്നു. ഇവരെ ഗ്രൂപ്പില്‍ വേണ്ടായെന്ന നിലപാടാണ് കെ.സി ജോസഫ് സ്വീകരിച്ചതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്,കോൺഗ്രസിലെ ഉമ്മൻ ചാണ്ടി വിഭാഗം ആശങ്കയിലാണ്. എ ഗ്രൂപ്പിനെ പൂർണ്ണമായും വെട്ടിനിരത്തുമോ എന്നതാണ് ആശങ്ക. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി പിടി തോമസും ടി സിദ്ദിഖും ഉണ്ടെങ്കിലും അവർ ഗ്രൂപ്പിന് വേണ്ടി ശബ്ദമുയർത്തുന്നില്ല. കെപിസിസി അധ്യക്ഷനാകും ഇനി പാർട്ടിയിലെ അവസാന വാക്കെന്ന സന്ദേശമാണ് സുധാകരൻ നൽകുന്നത്. ഡിസിസി പുനഃസംഘടനയിൽ അടക്കം സുധാകര തീരുമാനങ്ങൾ നടപ്പായാൽ എ ഗ്രൂപ്പിന്റെ അസ്തിത്വം തന്നെ നഷ്ടമാകും. തിരുവഞ്ചൂരും കളം മാറ്റി. കെ ബാബുവും കരുതലോടെ പ്രവർത്തിക്കാനാണ് ആലോചന. എങ്കിലും ബാബു ഉമ്മൻ ചാണ്ടിയെ തള്ളി പറയില്ല.പാർട്ടിയെ കൈപ്പിടിയിലൊതുക്കി സുധാകരൻ മുന്നേറ്റത്തിൽ പാർട്ടിയിൽ സമൂല മാറ്റം ഉറപ്പാണ്.

അതെല്ലാം സുധാകരന്റെ ഇഷ്ടത്തിനുമാകും.കെ സുധാകരനാണ് കെപിസിസി അധ്യക്ഷൻ. ടി സിദ്ദീഖും പിടി തോമസും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡന്റുമാർ. ഇനി അഞ്ച് ജനറൽ സെക്രട്ടറിമാരും അഞ്ച് വൈസ് പ്രസിഡന്റുമാരും കൂടി മതിയെന്നതാണ് സുധാകരന്റെ നിലപാട്. ഇതിനൊപ്പം 14 ഡിസിസി അധ്യക്ഷന്മാരും. സുധാകരനും കൊടിക്കുന്നിലും എംപിമാരാണ്. സിദ്ദിഖും തോമസും എംഎൽഎമാരും. ഇതോടെ ഒരാൾക്ക് ഒരു പദവി എന്ന എന്ന പഴയ നയവും തെറ്റി. ഇതോടെ ഇനിയുള്ള പദവിയിലും ഹൈക്കമാണ്ടിൽ സ്വാധീനമുള്ള എംഎൽഎമാരും എംപിമാരും എത്തുമെന്ന പ്രചരണവും ശക്തമാണ്. ഇതിൽ തീർത്തും അതൃപ്തരാണ് കോൺഗ്രസിലെ യുവനേതാക്കൾ.നിയമസഭാ തെരഞ്ഞെടുപ്പിൽ അവസരം ലഭിക്കാത്ത നിരവധി ഭാരവാഹികൾ കെപിസിസിയിലുണ്ട്. ഗ്രൂപ്പ് പരിഗണനയിലാണ് ഇവർക്ക് അവസരം നഷ്ടമായത്. പാർട്ടി പുനഃസംഘടനയിലും എംപിമാരും എംഎൽഎമാരും പിടിമുറുക്കിയാൽ ഇവർക്ക് സ്ഥാനങ്ങളെല്ലാം നഷ്ടമാകും. ഇതാണ് പരാതിക്കും പരിഭവത്തിനും കാരണം. 14 ജില്ലകളിലെ ഡിസിസി അധ്യക്ഷ സ്ഥാനവും എംഎൽഎമാർ നോട്ടമിടുന്നുവെന്നതാണ് വസ്തുത. ജനപ്രിയത ചർച്ചയാക്കി ഈ സ്ഥാനങ്ങൾ കൈക്കലാക്കാനാണ് നീക്കം. ഇവരിൽ പലർക്കും ഹൈക്കമാണ്ടിൽ വലിയ സ്വാധീനവുമുണ്ട്. എംഎൽഎമാരുടേയും എംപിമാരുടേയും പിന്തുണയിലാണ് സുധാകരനും വിഡി സതീശനും സ്ഥാനങ്ങൾ കിട്ടിയത്. അതുകൊണ്ട് തന്നെ പിന്തുണച്ചവരെ പിണക്കാൻ അവർക്കും കഴിയില്ല. ഈ സാഹചര്യം മുതലെടുത്ത് കെപിസിസിയിൽ ഭാരവാഹിത്വം ഉറപ്പിക്കാനും ഡിസിസി അധ്യക്ഷന്മാരാകാനുമാണ് പല എംഎൽഎമാരുടേയും ശ്രമം. യുഡിഎഫ് കൺവീനറായി ഹൈക്കമാണ്ട് പരിഗണിക്കുന്നത് എംപിയായ കെ മുരളീധരനെയാണ്. ഈ സാഹചര്യത്തിൽ എംഎൽഎമാരും സമ്മർദ്ദം ശക്തമാക്കുന്നുണ്ടെന്നതാണ് വസ്തുത.ഇതുണ്ടാകുമ്പോൾ പാർട്ടിയെ നയിക്കുന്നവരുടേതാകും തീരുമാനം.

ഇതു കാരണം അർഹതപ്പെട്ട പലരും പുറത്തു നിൽക്കേണ്ടി വരുമെന്ന സാഹചര്യമുണ്ടാകും. കരുത്തുള്ള യുവ നേതാക്കൾ വളർന്നു വരാനുള്ള സാധ്യതയും അടയും. അതിനാൽ ഹൈക്കമാണ്ടിലെ സ്വാധീനത്തിന് അപ്പുറം നേതാക്കളുടെ മികവ് കെപിസിസി പുനഃസംഘടനയിൽ പരിഗണിക്കണമെന്നതാണ് ഉയരുന്ന ആവശ്യം. എന്നാൽ കെ സുധാകരനും കെസി വേണുഗോപാലും വിഡി സതീശനും ചേർന്നെടുക്കുന്ന തീരുമാനം അത്തരത്തിലുള്ളതാകുമോ എന്ന സംശയം നേതാക്കളിൽ സജീവമാണ്. ചുരുക്കത്തില്‍ കോണ്‍ഗ്രസിന്‍റെ ഏത് യോഗവും ചേര്‍ന്നാലും അതില്‍ കേരളത്തിലെ പുതിയ ഗ്രൂപ്പ് പിടിമുറക്കും. ചെന്നിത്തല-ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകള്‍ അപ്രസ്കിതമാകും. ഒപ്പം മുറിവേറ്റവരായി നേതാക്കള്‍ മാറും.

Eng­lish sum­ma­ry; con­gress lat­est updation

You may also like this video;