കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് സിപിഐ (എം)ലേക്ക്

Web Desk
Posted on April 18, 2019, 4:30 pm

കണ്ണൂര്‍: അഴിമതിയിലും അവിശുദ്ധകൂട്ടുകെട്ടിനുമെതിരെ പ്രതിഷേധിച്ചുകൊണ്ട്  കണ്ണൂരിലെ മുന്‍ കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച്‌ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കെ കെ രാഗേഷ് തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് പ്രദീപിനെ സ്വീകരിച്ചത്.

കെ സുധാകരന്റെ അഴിമതിയും, കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് പ്രദീപ് വട്ടിപ്രം വ്യക്തമാക്കി. ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിലുള്‍പ്പെടെ കെ സുധാകരന്റെ അഴിമതികള്‍ തുറന്നു പറഞ്ഞതിന് പ്രദീപിന് പാര്‍ട്ടി ഊരുവിലക്ക് പ്രഖ്യാപിച്ചിരുന്നു. കെ.സുധാകരന്‍ ബി.ജെ.പിയില്‍ ചേരുമെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രി ആക്കാമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അദ്ദേഹത്തിന് വാഗ്ദാനം നല്‍കിയെന്നും പ്രദീപ് ആരോപിച്ചു.