Web Desk

തിരുവനന്തപുരം

January 15, 2021, 5:39 pm

നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റിനായി നെട്ടോട്ടമോടുന്നു

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ച കിട്ടുവാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് അങ്കലാപ്പില്‍. തദ്ദേശസ്വയം ഭരണ തെര‍ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് വികസനപ്രവര്‍ത്തനങ്ങളിലൂന്നിയ ഭരണനേട്ടങ്ങളാണ്. കേരളത്തില്‍ എങ്ങനെയും അധികാരത്തില്‍ എത്തിയേ മതിയാകു എന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഭരണം അല്ലാതെ മറ്റൊന്നുമില്ലെന്നാണ് അവരുടെ നിലപാട്. തെക്കേ ഇന്ത്യയില്‍ കേരളം ആയിരുന്നു സ്വാധീന മേഖല. പക്ഷെ അതു തകര്‍ന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നിലവിലെ രാഷട്രീയ സാഹചര്യം സംസ്ഥാനം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ഹൈകമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു.

സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെ കൂടാതെ മൂന്ന് നിരീക്ഷകെ കൂടി നിയമിച്ചിട്ടും കാര്യങ്ങള്‍ പഴയതുപോലെ തന്നെ. സംഘടനാപരമായി കോണ്‍ഗ്രസ് വലിയ ദൗര്‍ബല്യത്തിലാണ് . താഴെ തട്ടില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. പാര്‍ട്ടിയില്‍ജംബോ കമ്മിറ്റികള്‍ നിലനില്‍ക്കുന്നതല്ലാതെ പ്രവര്‍ത്തനങ്ങള്‍ മോശമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് വികസന വാഗ്ധാനങ്ങളുമായി ഒരു തെരഞെടുപ്പ് പ്രകടന പത്രിക യുഡിഎഫ് ഇറക്കിയിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലാണ പലരുടേയം കണ്ണ്. അതിനായി ദേശീയ രാഷട്രീയത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച നേതാക്കളെല്ലാം നിയമസഭാ സീറ്റിനായി നെട്ടോട്ടമാണ്. ഹൈക്കമാന്‍ഡ് ഗ്രൂപ്പ് അവസാനിപ്പിക്കുവാന്‍ അന്ത്യശാസനം നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും അവര്‍ ഗൗനിക്കുന്നേയില്ല. ഹൈക്കമാ‍ന്‍ഡിലുള്ള സ്വാധീനത്തിനു ശ്രമം തുടങ്ങി.കൂടാതെ ജാതി, മത , സമുദായ സംഘടനകളുടെ സഹായവും അഭ്യര്‍ത്ഥിക്കുന്നു.

ഇവരുടെ വരവിനെ യൂത്ത്കോണ്‍ഗ്രസ് കെഎസ് യു പ്രവര്‍ത്തകര്‍ നഖശിഖാന്തം എതിര്‍ക്കുന്നു. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലുമാണവര്‍, ഇതിനിടയില്‍ എംപിമാരായകെ.മുരളീധരന്‍, അടൂര്‍പ്രകാശ്, കൊടിക്കുന്നില്‍സുരേഷ്, കെ .സുധാകരന്‍, ബെന്നി ബഹന്നാന്‍ , ഹൈബി ഈടന്‍ തുടങ്ങിയവര്‍ ലോക്സഭാ അംഗത്വം രാജിവെച്ച് സംസ്ഥാന രാഷട്രീയത്തില്‍ വന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ കച്ചകെട്ടി രംഗത്തു വന്നു. പക്ഷെ ഹൈക്കമാന്‍ഡ് എതിര്‍ത്തതിനെ തുടര്‍ന്ന പിന്മാറേണ്ടിവന്നു. ഇതു പാര്‍ട്ടിക്കുള്ളിലും, പൊതുസമൂഹത്തിലും വലിയവിമര്‍ശനം നേരിടേണ്ടി വന്നു. ഇവരല്ലാത്തവരാണ് പി.ജെകുര്യന്‍, കെ വി തോമസ്, പി. സി ചാക്കോ തുടങ്ങിയ ദേശിയനേതൃത്വത്തില്‍ പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ സീറ്റിനായി നോട്ടമിട്ടിരിക്കുന്നത്. കെ. വി തോമസിന് കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിരുന്നു. പാര്‍ട്ടിയിലും വേണ്ടത്രെ പരിഗണന നല്‍കിയില്ല. അതിനാല്‍ അദ്ദേഹം നേതൃത്വവുമായി അകല്‍ച്ചയിലാണ്.

കെപിസിസി വര്‍ക്കിംഗ് പ്രിസിഡന്‍റ്, യുഡിഎഫ് കണ്‍വീനര്‍, എഐസിസി ജനറല്‍ സെക്രട്ടറി ഇതിലേതെങ്കിലും ഒരു സ്ഥാനമാണ് അദ്ദേഹം ചോദിച്ചത്.പാര്‍ട്ടിയിലെ ശാക്തിക ചേരിയിലെ ഐ വിഭാഗത്തിലെ പ്രധാനിയായിരുന്നു കെ വി തോമസ്.നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊച്ചിയോ, വൈപ്പിനോ നല്‍കണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യം.പി. ജെ കുര്യന്‍ തിരുവല്ല സീ്റ്റിനായിട്ടാണ് നോട്ടമിടുന്നത്. മല്ലപ്പള്ളി അടക്കമുള്ള പ്രദേശങ്ങളില്‍ യുവാക്കള്‍ രംഗത്തു വന്നു കഴിഞ്ഞു. പി. സി ചാക്കോയ്ക്ക് ചാലക്കുടി സീറ്റാണ് നോട്ടം. ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇടുക്കി, കോട്ടയം , മുകുന്ദപുരം, തൃശൂര്‍ സീറ്റുകളില്‍ നിന്നും വിജയിച്ച ചാക്കോ പിന്നീട് അതേ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കില്ലെന്ന പരാതി നിലനില്‍ക്കെയാണ് നിയമസഭാ സീറ്റ് തരപ്പെടുത്താനുള്ള ശ്രമം നടക്കുന്നതെന്നു പാര്‍ട്ടി അണികള്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു വിജയിച്ച ശേഷം പിന്നീട് അങ്ങോട്ട് തിര‍ഞ്ഞു നോക്കിയിട്ടില്ല. തുടര്‍ന്ന് ചാലക്കുടിയിലേക്ക് പോകുകയായിരുന്നു. അവിടെ ചലച്ചിത്ര നടന്‍ കൂടിയായ ഇന്നസെന്‍റിനോട് പരാജയപ്പെടേണ്ടിവന്നു. മുന്‍ മന്ത്രി ഡൊമനിക് പ്രസന്‍റേഷന്‍ ആവശ്യപ്പെടുന്നത് വൈപ്പിന്‍ സീറ്റാണ്.കെ പി ധനപാലന്‍ കൊടുങ്ങല്ലൂരോ, ചാലക്കുടിയോ വേണമെന്ന നിലപാടിലാണ്.ഇരിക്കൂറില്‍ പരാജയഭീതി മൂലം കെ സി ജോസഫ് മണ്ഡലം മാറി കോട്ടയംജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണ് താല്‍പര്യം. ഇരിക്കൂറില്‍ നിന്നും എട്ടുതവണ മത്സരിച്ചു വിജയിച്ച ആളാണ് കെ സി ജോസഫ് .

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഉപനേതാവ് കൂടിയായ കെ സി ജോസഫ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ്. കൂടാതെ എ ഗ്രൂപ്പിന്‍റെ നേതൃത്വം ഏറ്റെടുത്ത് ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്. എ ഗ്രൂപ്പിന്‍റെ കിംഗ് മേക്കറായ ബന്നി ബഹന്നാനെ ഗ്രൂപ്പ് നേതൃത്വത്തില്‍ നിന്നും ഒഴിവാക്കിയ സംഘത്തിലെ പ്രധാനിയുമാണ് കെ. സി ജോസഫ്. കോട്ടയം സീറ്റാണ് നോട്ടം. പക്ഷെ എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം വിട്ടുപോകുവാന്‍ സാഹചര്യമില്ലാത്തതിനാല്‍ ചങ്ങനാശേരി സീറ്റില്‍ കെ സി ജോസഫിന് നോട്ടമുണ്ട്. പക്ഷെകേരള കോണ്‍ഗ്രസിന്‍റെ സീറ്റായതാണ് കീറാമുട്ടിയായിരിക്കുന്നത്. അതിനാല്‍ കോട്ടയത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട് .അത് എ ഗ്രൂപ്പില്‍ തന്നെ വടംവലിക്ക് ഇടയാകുമെന്ന് ഗ്രൂപ്പില്‍ തന്നെ സംസാരമുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ആരെ കൊള്ളണം, ആരെ തള്ളണമെന്ന വിഷമവൃത്തത്തിലാണ്.

You may also like this video: