കെ രംഗനാഥ്

തിരുവനന്തപുരം

January 02, 2021, 9:56 pm

പുതിയ കുപ്പിയില്‍ പഴയ ചാണ്ടി

Janayugom Online

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിക്കുപ്പായമണിയിച്ച് തെരഞ്ഞെടുപ്പ് പടയ്ക്കിറക്കാനുള്ള ഹെെക്കമാന്‍ഡിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് ജീവന്മരണ കലാപത്തിലേക്ക്. യുഡിഎഫ് അധ്യക്ഷസ്ഥാനം പോലും നിരസിച്ചു മാറിനിന്ന ഉമ്മന്‍ചാണ്ടിയെ താരതമ്യേന അപ്രധാനമായ പ്രചാരണ വിഭാഗം മേധാവിയായി കൊണ്ടുവരുന്നത് രമേശിനെ ഔട്ടാക്കി ഐ ഗ്രൂപ്പിനെ അപ്രസക്തമാക്കാനുള്ള പദ്ധതിയാണെന്നാണ് രമേശ് പക്ഷം ഉന്നയിക്കുന്ന ഗുരുതരമായ ആരോപണം. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളി അവസാനിപ്പിക്കണമെന്ന ഹെെക്കമാന്‍ഡ് നിലപാടിനു കടകവിരുദ്ധമായി ഗ്രൂപ്പിസത്തിന്റെ തീയാളി കത്തിക്കുകയാണ് പുതിയ നീക്കമെന്നും ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. 

തങ്ങളുടെ ഗ്രൂപ്പിനെ ദുര്‍ബലമാക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെ രഹസ്യനീക്കങ്ങള്‍ നടത്തുന്നതിനു പിന്നാലെയാണ് രമേശിനെ ഒതുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തകസമിതി അംഗവുമായ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഏതാനും മാസം മുമ്പുതന്നെ ഐ ഗ്രൂപ്പിനെ പിളര്‍ക്കാനും ഗ്രൂപ്പ് നേതാക്കളെ സംശയമൂലയില്‍ നിര്‍ത്താനും ഉമ്മന്‍ചാണ്ടി ആസൂത്രണ വെെഭവത്തോടെ നീങ്ങിയിരുന്നുവെന്നാണ് രമേശ് പക്ഷത്തിന്റെ ആരോപണം.

ഗ്രൂപ്പിന്റെ നടുനായകരിലൊരാളായിരുന്ന മുന്‍മന്ത്രി അടൂര്‍ പ്രകാശ് എംപിയെ അടര്‍ത്തിയെടുത്തുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടി ആദ്യ വെടി പൊട്ടിച്ചത്. വിസ്മൃതമായിക്കിടന്ന ബാര്‍കോഴക്കേസ് വീണ്ടും കുത്തിപ്പൊക്കി രമേശ് ചെന്നിത്തലയേയും മുന്‍ മന്ത്രി വി എസ് ശിവകുമാറിനേയും പ്രതിസ്ഥാനത്തു കൊണ്ടുവരുന്നതിനുള്ള ചരടുവലി നടത്തിയത് അടൂര്‍ പ്രകാശാണെന്ന ആരോപണവും ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നു. ഇതിനു പിന്നാലെ വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവെെഎഫ് ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയത് അടൂര്‍ പ്രകാശാണെന്ന പ്രചാരണം നടത്തിയതിലൂടെ ഐ ഗ്രൂപ്പ് തിരിച്ചടിക്കുകയായിരുന്നുവെന്ന് എ ഗ്രൂപ്പില്‍ അണിയറ വര്‍ത്തമാനമുണ്ടായതും യാദൃശ്ചികമല്ല. 

ഇതിനിടെ ഐ ഗ്രൂപ്പുകാരായ ഏതാനും കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ ഗ്രൂപ്പിലേക്കു ചാക്കിട്ടുപിടിച്ചതും ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന ആരോപണവും ഉയരുന്നു. കെപിസിസിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കെ മുരളീധരന്റെയും കെ സുധാകരന്റെയും അനുയായികള്‍ സംസ്ഥാനത്തുടനീളം നടത്തിയ പോസ്റ്റര്‍ യുദ്ധം ഫലം കാണാതെ വന്നത് ഉമ്മന്‍ചാണ്ടിയുടെ കളികളെത്തുടര്‍ന്നാണെന്ന് രമേശ്പക്ഷപാതികള്‍ക്കൊപ്പം മുരളിയും സുധാകരനും കരുതുന്നു. ഹെെക്കമാന്‍ഡ് നിരീക്ഷകനായി എത്തി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പടുതോല്‍വിയേയും കോണ്‍ഗ്രസിനെ വിഴുങ്ങുന്ന ഗ്രൂപ്പിസത്തേയും കുറിച്ച് പഠിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേന്ദ്ര നേതൃത്വത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നേതൃമാറ്റമാവശ്യം അപ്പാടെ തള്ളിക്കളഞ്ഞത് മുരളീധരനെയും സുധാകരനെയും പ്രകോപിപ്പിച്ചിട്ടുണ്ട്. സമീപകാലത്തായി ഗ്രൂപ്പുകളിലൊന്നും പെടാതെ നിന്ന ഇവര്‍ ഇപ്പോള്‍ രമേശും എ ഗ്രൂപ്പുമായി അടുത്തുകഴിഞ്ഞുവെന്ന വാര്‍ത്തയുമുണ്ട്.

ഇനി ഉമ്മന്‍ചാണ്ടിയുടെ മടങ്ങിവരവിനു തടയിടാനുള്ള പോരില്‍ മുന്നില്‍നിന്നു പടനയിക്കുന്നത് രമേശ്-മുരളി-സുധാകരന്‍ ത്രയം ആയിരിക്കുമെന്ന സൂചനയും ശക്തമായി. നേതൃമാറ്റമില്ലെന്ന ആശ്വാസത്തോടെ ഇതുവരെ എങ്ങും തൊടാതെ നിന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തിരിച്ചറിവിന്റെ പാതയില്‍ ഉമ്മന്‍ചാണ്ടിപക്ഷത്തേയ്ക്ക് പൂര്‍ണമായും ചാഞ്ഞുകഴിഞ്ഞു. കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് അദ്ദേഹം സുദീര്‍ഘചര്‍ച്ച നടത്തിയതും ശ്രദ്ധേയം. ഉമ്മന്‍ചാണ്ടിയെ തിരികെ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാനെന്ന പേരില്‍ സംസ്ഥാനത്തുടനീളം എ ഗ്രൂപ്പിന്റെ രഹസ്യ യോഗങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. 

പ്രചാരണസമിതി അധ്യക്ഷപദവിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനായി അടുത്ത ദിവസം ഇവിടെയെത്തുന്ന ഹെെക്കമാന്‍ഡ് സംഘത്തിന്റെ ദൗത്യത്തിനു ചരടുവലിച്ചതും മുല്ലപ്പള്ളിയാണെന്ന വാര്‍ത്തകളും പുറത്തുവരുന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനെന്ന പേരില്‍ മൂന്നു എഐസിസി സെക്രട്ടറിമാരെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ നിയോഗിച്ചത് ഐ ഗ്രൂപ്പിനും രമേശിനും മൂക്കുകയറിടാനാണെന്ന വിലയിരുത്തലുമുണ്ട്. രമേശ്-മുരളി-സുധാകര ത്രയത്തെ പ്രകോപിപ്പിക്കുന്ന ഹെെക്കമാന്‍ഡിന്റെ ഈ നടപടിക്കെതിരെ വരുംനാളുകളില്‍ പൊട്ടലും ചീറ്റലും അസംഭവ്യമല്ലെന്ന് നിരീക്ഷകര്‍ കരുതുന്നു. 

ENGLISH SUMMARY:congress lead­ers con­flict in kerala
You may also like this video