Friday
19 Jul 2019

തോല്‍വിയില്‍ ജനങ്ങളെ ഭയന്ന് യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍

By: Web Desk | Sunday 2 June 2019 10:14 PM IST


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കനത്ത തോല്‍വിയോടെ ജനങ്ങളെ ഭയന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍. യുപിയില്‍ നടക്കാനിരിക്കുന്ന 11 നിയമസഭാ ഉപതെരഞ്ഞടുപ്പുകളില്‍ മത്സരിക്കേണ്ടെന്ന നിലപാടാണ് നേതാക്കളില്‍. ഇക്കാര്യം ഒരുകൂട്ടം മുന്‍ എംഎല്‍എമാരായ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കത്തിലൂടെ അറിയിച്ചിരിക്കുകയാണ്. എംഎല്‍എമാരായിരുന്നവര്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. തുണ്ട്‌ല, ഗോവിന്ദ് നഗര്‍, കാന്‍പൂര്‍, പ്രതാപ്ഗഡ്, ചിത്രകൂട്, ഹാത്ര, രാംപൂര്‍, ജല്‍പൂര്‍ തുടങ്ങിയ പതിനൊന്ന് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞടുപ്പ്. എട്ട് സീറ്റുകളില്‍ ബിജെപിയുടെയും ഒരിടത്ത് ബിഎസ്പിയുടെയും രണ്ടിടത്ത് എസ്പിയുടെയും എംഎല്‍എമാരായിരുന്നു നിലവിലുണ്ടായിരുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ആദ്യം പരിഗണന നല്‍കേണ്ടത് സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. അതിനുശേഷം മതി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. യുപി കോണ്‍ഗ്രസില്‍ നിന്നുള്ള ഈ നിലപാടിനെക്കുറിച്ച് രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. ദേശീയ അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യത്തോടെ എഐസിസിയും ഹൈക്കമാന്‍ഡും അനശ്ചിതാവസ്ഥയിലായിരിക്കെയാണ് യുപിയിലെ പാര്‍ട്ടി നേതൃത്വത്തിന്റെ പിറകോട്ടുപോക്ക്.

നിലവിലെ സാഹചര്യത്തില്‍ ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന വസ്തുത നേതാക്കള്‍ ഉള്‍ക്കൊള്ളണമെന്ന് മുന്‍ എംഎല്‍എമാര്‍ പറയുന്നു. 2022 ലെ നിയമസഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ വേണ്ടത്. ബൂത്ത്തലം മുതല്‍ സംഘടനയെ ശക്തിപ്പെടുത്തണമെന്നും യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ 403 മണ്ഡലങ്ങളാണുളളത്. അവിടെ എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ ഒരു ദിവസംകൊണ്ട് കഴിയില്ല. അതേസമയം പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള പതിമൂന്ന് മാസത്തിനുള്ളില്‍ സംഘടനയെ ശക്തിപ്പെടുത്താനാകും. തുടര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമെന്നും ഉത്തര്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബാര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി കൂട്ടായി പ്രവര്‍ത്തിച്ചാല്‍ തിരുച്ചുവരവ് അസാധ്യമല്ല. ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ പ്രത്യേകിച്ച് നേട്ടമുണ്ടാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് രാജിവച്ച പിസിസി പ്രസിഡന്റാണ് രാജ് ബബ്ബാര്‍.

Related News