സുരേഷ് എടപ്പാള്‍

മലപ്പുറം:

January 27, 2021, 9:56 pm

ലീഗിന് അധിക സീറ്റില്ല, മത്സരിക്കുന്ന സീറ്റുകള്‍ വച്ചു മാറാന്‍ ഒരുക്കമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Janayugom Online

മത്സരിക്കാന്‍ കൂടുതല്‍ സീറ്റ് എന്ന നിലപാടില്‍ നിന്ന് പിറകോട്ട് പോകണമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാണക്കാട്ട് നിലവിലെ സാഹചര്യത്തില്‍ ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നും അതേസമയം മുന്നണിക്കുള്ളില്‍ സീറ്റുകള്‍ വച്ചുമാറുന്ന കാര്യം ആലോചിക്കാമെന്നും ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി തങ്ങളേയും കുഞ്ഞാലിക്കുട്ടിയേയും കണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സൂചന നല്‍കിയതായി അറിയുന്നു. നിയമസഭയില്‍ കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ ആറ് അധിക സീറ്റുകള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. അതില്‍ 18 സീറ്റുകളില്‍ വിജയം നേടുകയും ചെയ്തു.

75 ശതമാനം വിജയംനേടാന്‍ ലീഗിനു കഴിയുന്നുണ്ടെന്നും അതുകൊണ്ട് തന്നെ സംസ്ഥാന ഭരണം യു ഡി എഫിന് ഉറപ്പാക്കണമെങ്കില്‍ തങ്ങള്‍ക്കു കൂടുതല്‍ സീറ്റികള്‍ മത്സരിക്കാന്‍ നല്‍കണമെന്നുമാണ് മുസ്ലീംലീഗ് മുന്നോട്ടുവക്കുന്ന ആവശ്യം. മലപ്പുറം, കോഴിക്കോട് പാലക്കാട്, കണ്ണൂര്‍, എറണാങ്കുളം ജില്ലകളിലാണ് ലീഗ് കൂടുതല്‍ ആവശ്യപ്പെടുന്നത്. ആറെണ്ണം ലക്ഷ്യമുടുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ രണ്ടെങ്കിലും നേടാന്‍ കഴിയുമെന്നാണ് ലീഗ് കരുതുന്നത്.

അധികസീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തിയത്. ആവശ്യമാണെങ്കില്‍ രാഹുല്‍ഗാന്ധിയേയൊ സോണിയാ ഗാന്ധിയേയോ ഇടപെടുത്തി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വം കരുതുന്നത്. ഇന്നലെ മലപ്പുറത്തെത്തിയ എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചും കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂടിയാലോചനകള്‍ നടത്തി.

ENGLISH SUMMARY: CONGRESS LEAGUE SEAT IN ASSEMBLY ELECTON

YOU MAY ALSO LIKE THIS VIDEO