തലസ്ഥാനത്ത് കോൺഗ്രസ് വട്ടപൂജ്യം

Web Desk

ന്യൂഡല്‍ഹി

Posted on February 11, 2020, 10:11 pm

പഴയകാല പ്രതാപം കൈമുതലാക്കി ഡൽഹിയിൽ ഇറങ്ങിയ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ ഫലം കണ്ടില്ല. കഴിഞ്ഞ തവണത്തെ വട്ടപൂജ്യം ഇക്കുറിയും ആവര്‍ത്തിച്ചു. കഴിഞ്ഞ തവണത്തേതിലും വോട്ടു വിഹിതം കുറഞ്ഞു എന്നതു മാത്രമാണ് ഉണ്ടായ വ്യത്യാസം. എങ്കിലും ഒടുവിൽ കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനം ചൊരിഞ്ഞു. 2013ല്‍ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി ഭരണം പിടിച്ചെടുക്കുമ്പോള്‍ പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് ഭരണത്തിനാണ് അവസാനമായത്. 1998ല്‍ ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി ചുമതലയേറ്റു. പിന്നീടു വന്ന തിരഞ്ഞെടുപ്പുകളിലും വിജയിച്ചു കയറിയ ഷീലാ ദീക്ഷിതാണ് പിന്നീടുള്ള പതിനഞ്ചു വര്‍ഷം ഡല്‍ഹി ഭരിച്ചത്.

ഡല്‍ഹിയുടെ വികസനത്തില്‍ ഷീലാ ദീക്ഷിത് നല്‍കിയ സംഭാവനകളെയാണ് കോണ്‍ഗ്രസ് പ്രചരണത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ഡല്‍ഹിയുടെ വികസനത്തിന്റെ മുഖങ്ങളായ മെട്രോയും ഫ്‌ളൈ ഓവറുകളും ഒക്കെ ചേര്‍ത്ത പ്രചരണ വാചകങ്ങളും ദൃശ്യങ്ങളുമാണ് കോണ്‍ഗ്രസ് മുന്നോട്ടു വച്ചത്. വീണ്ടും കോണ്‍ഗ്രസിന്റെ ഡല്‍ഹി എന്ന പ്രചരണമൊന്നും ഏറ്റെടുക്കാന്‍ പക്ഷെ ജനങ്ങള്‍ തയ്യാറായില്ലെന്നത് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. ദളിത്, നഗരങ്ങളിലെ ദരിദ്രവിഭാഗം തുടങ്ങിയ കോണ്‍ഗ്രസ് വോട്ടു ബാങ്കുകള്‍ കെജ്‌രിവാളിന്റെ വരവോടെ കോണ്‍ഗ്രസിനെ കൈവിടുകയാണുണ്ടായത്. സിഎഎക്കെതിരെ പ്രതിഷേധിക്കുന്നവരെല്ലാം ദേശവിരുദ്ധരാണെന്നു സ്ഥാപിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് അവർ നേരിട്ട പരാജയത്തിനു കാരണം. ബിജെപിയുടെ പരാജയത്തില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.

രാജ്യത്തെ എല്ലാ സംസ്ഥാനത്തുനിന്നുമുള്ള ജനങ്ങള്‍ അധിവസിക്കുന്ന ഡല്‍ഹിയില്‍ ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണത്തെയാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍തന്നെ അഭിപ്രായ ഭിന്നതകള്‍ പുറത്തുവന്നു തുടങ്ങി. സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിക്കുള്ളിലെ തങ്ങളുടെ എതിരാളികള്‍ക്കു പുറകെയായിരുന്നു. യോജിച്ച് പ്രവര്‍ത്തിക്കാനല്ല ശ്രമിച്ചത്. കേന്ദ്ര നേതൃത്വത്തില്‍നിന്നും തീരുമാനങ്ങള്‍ വൈകിയതും സംസ്ഥാന തലത്തിലെ ഐക്യരാഹിത്യവും തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ അഭാവവും താഴേത്തട്ടിലേക്ക് എത്താന്‍ കഴിയാതെ പോയതും ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തകരും എല്ലാം ചേര്‍ന്നാണ് പരാജയം കൂടുതല്‍ ശക്തമാക്കിയതെന്ന് കോണ്‍ഗ്രസ് ഡല്‍ഹി വക്താവും വനിതാ വിഭാഗം അദ്ധ്യക്ഷയുമായ ശര്‍മ്മിഷ്ട മുഖര്‍ജി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മറനീക്കി പുറത്തുവരും.

Eng­lish Sum­ma­ry: Con­gress los­es in Del­hi elec­tion

You may also like this video