Web Desk

തിരുവനന്തപുരം

February 03, 2021, 6:42 pm

ഉത്തരകേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിപതറുന്നു; സിറ്റിംഗ് സീറ്റുകളും നഷ്ടമാകുന്നു

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന കോണ്‍ഗ്രസും, യുഡിഎഫും മുക്തരാകാത്ത സാഹചര്യത്തിലാണ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുളള സമിതിയുടെ ചെയര്‍മാനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിശ്ചയിച്ചതും ഐ ഗ്രൂപ്പിന് വലിയ അമര്‍ഷമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തുവാനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് 36 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. അതില്‍ പ്രൊഫ. കെ വി തോമസ്,പി സി ചാക്കോ, പി.ജെകുര്യന്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്ത് 101 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വ്യക്തമായ ആധിപത്യമുണ്ട്. അതായത് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ (2016ലെ ) നേടിയതിനേക്കാള്‍ 10 സീറ്റ് അധികം. 91 സീറ്റുകള്‍. ജോസ് കെ മാണി കൂടി മുന്നണിയിലേക്ക് വന്ന സഹാചര്യാണ് ഇപ്പോള്‍ ഉള്ളത്.എന്തു വില കൊടുത്തും എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്നും മാറ്റുകയെന്ന ഒറ്റ ലക്ഷ്യമേ കോണ്‍ഗ്രസിനും, യുഡിഎഫിനും ഉളളു . അതിനായി ബിജെപിയുമായി രഹസ്യധാരണയിലാണ് നീങ്ങുന്നത്.

ത്രിതല പഞ്ചായത്ത് തെര‍ഞ്ഞെടുപ്പില്‍ ബിജെപിയുമായുണ്ടാക്കിയ ബന്ധവത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍, അതായത് ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ആയവര്‍ പോലും കോണ്‍ഗ്രസ് വിടേണ്ടി വന്നിട്ടുണ്ട്. അധികാരത്തില്‍ എത്തുവാനുള്ള കുറുക്കു വഴിയിലാണ്. ന്യൂനപക്ഷ വര്‍ഗീയതയുമായും സഖ്യത്തിലാണ് നീങ്ങുന്നത്. എല്‍ഡിഎഫ് വികസന നേട്ടങ്ങളുമായി ജനങ്ങളെ സമീപിക്കുമ്പോള്‍ കോണ്‍ഗ്രസ് വര്‍ഗീയ കാര്‍ഡ് ഇളക്കിവിടുകയാണ്.ചെന്നിത്തലയുടെ യാത്രയില്‍ ഇല്ലാകഥകളും, നുണ പ്രചരണങ്ങളുമായിട്ടാണ് നീങ്ങുന്നത്, ഉത്തരകേരളത്തിലും, മധ്യകേരളത്തിലും സീറ്റുകള്‍ നേടാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. അതിനായി കോണ്‍ഗ്രസ് നടത്തുന്ന വര്‍ഗീയത ഇറക്കിയുള്ല പ്രവര്‍ത്തനങ്ങളില്‍ പൊതു സമൂഹത്തില്‍ വന്‍ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന് സംസ്ഥാന നിയമസഭയില്‍ 21 സീറ്റുകള്‍ മാത്രമേ ഉള്ളു .എന്നാല്‍ ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് വിചാരിക്കുന്നതു പോലെ നടക്കില്ല.

മലബാര്‍ മേഖലയില്‍ യുഡിഎഫ് 35സീറ്റുകള്‍ വരയെങ്കിലും നേടണമെന്നാണ് കണക്കു കുട്ടല്‍. അതില്‍ 15 സീറ്റ് കോണ്‍ഗ്രസ് സ്വന്തമായിനേടണമെന്നാണ് ഘടക കക്ഷികള്‍ ആവശ്യപ്പെടുന്നത്. കഴിഞ തവണ കോണ്‍ഗ്രസ് മത്സരിച്ചത് 31 സീറ്റുകളിലായിരുന്നു. എന്നാല്‍ ഇതില്‍ വിജയിക്കാനായത് വെറും 6 മണ്ഡലങ്ങളില്‍ മാത്രം. 4 സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെെടെയാണ് നഷ്ടമായത്. കോഴിക്കോട്,കസര്‍ഗോഡ് ജില്ലകളില്‍ നിലം തൊടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. കണ്ണൂര്‍, മാനന്തവാടി, നിലമ്പൂര്‍, പട്ടാമ്പി എന്നീ കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലങ്ങളി‍ല്‍ അടിപതറി.പേരാവൂര്‍, ഇരിക്കൂര്‍, ബത്തേരി, വണ്ടൂര്‍, പാലക്കാട്, തൃത്താല മണ്ഡലങ്ങളില്‍ വിജയിച്ചു. എന്നാല്‍ ഇപ്പോള്‍ ഇരിക്കൂറും, പേരാവൂരും ഉള്‍പ്പെടെ കോണ്‍ഗ്രസ് വിയര്‍ക്കുകയാണ്. ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളാകുവാന്‍ ഗ്രൂപ്പുകളില്‍ തന്നെ വന്‍ പട രംഗത്തുണ്ട്.

കഴിഞ്ഞ എട്ട് തവണ മത്സരിച്ചു വിജയിച്ച കെ സി ജോസഫ് ഇരിക്കൂര്‍ മണ്ഡലം വിടുകയാണ്.ഒന്‍പതാമത്തെ അംഗത്തിന് ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. തന്നെയുമല്ല യുവാക്കള്‍ക്കായി മാറി കൊടുക്കുകയാണെന്നു പറയുന്നു. എന്നാല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കായി കെ സി ജോസഫ് പിടിക്കുന്നതായി കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നു തന്നെ അഭിപ്രായം ശക്തമാണ്. വയനാട്ടിലെ കല്‍പ്പറ്റ കോണ്‍ഗ്രസും മുന്നണിയില്‍ നിന്നപ്പോള്‍ എല്‍ജെഡിയും മത്സരിച്ചതാണ് .കഴിഞ തവണ അതും കൈവിട്ടു.എല്‍ജെഡി മുന്നണി വിട്ട സാഹചര്യത്തില്‍ കല്‍പ്പറ്റിയില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം . എന്നാല്‍ ലീഗ് അതില്‍ കണ്ണുവെച്ചിട്ടുണ്ട്.സിറ്റിംഗ് സീറ്റുകളും കൈവിട്ട സീറ്റുകളും നേടുവാനുള്ള പ്രയത്നത്തിലാണ് കോണ്‍ഗ്രസ് . എന്നാല്‍ എല്‍ഡിഎഫിന്‍റെ വികസന പ്രവര്‍ത്തനങ്ങളാലും,കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനാലും, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസിനോടും, യുഡിഎഫിനോടുമുള്ള എതിര്‍പ്പുകള്‍ കാരണം നിലവിലെ 6 സീറ്റുകളും നഷ്ടമാകുന്ന സാഹചര്യമാണുളളത്.

ENGLISH SUMMARY: con­gress lost sit­ting seats in north kerala

YOU MAY ALSO LIKE THIS VIDEO