പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ എത്തിക്കാനും ആള്‍ക്കൂട്ടം മാത്രമായി മാറിയ കോണ്‍ഗ്രസിനെ കേഡര്‍ സ്വഭാവത്തിലേക്ക് മാറ്റാനും തീരുമാനമെടുത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി. അതേസമയം കോൺഗ്രസിൽ കുടുംബവാഴ്ച തന്നെ തുടരുമെന്ന് ജി 23 നേതാക്കൾക്ക് പരോക്ഷ സൂചനയും കോൺഗ്രസ് താൽക്കാലിക പ്രസിഡന്റ് സോണിയാ ഗാന്ധി നൽകി. രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍, കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകള്‍ എന്നിവയായിരുന്നു സിഡബ്ല്യുസി യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം യോഗത്തില്‍ പൊതു വികാരമായി ഉയര്‍ന്നു എന്നാണ് യോഗാനന്തരം നേതാക്കൾ വ്യക്തമാക്കിയത്. പാര്‍ട്ടിയെ നയിക്കാന്‍ യുവാക്കള്‍ മുന്നോട്ടു വരണമെന്ന അഭിപ്രായം ആമുഖ പ്രസംഗത്തില്‍ സോണിയ ഗാന്ധിയും വ്യക്തമാക്കി. പാര്‍ട്ടിയെ നയിക്കാന്‍ സ്ഥിരം അധ്യക്ഷനില്ലെന്ന കോണ്‍ഗ്രസിനുള്ളിലെ വിമത നേതാക്കളുടെ പരാതിക്ക് മറുപടി നല്‍കാനും സോണിയ മറന്നില്ല. പാര്‍ട്ടിയെ കൂടുതല്‍ കരുത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങളാണ് എല്ലാവരും യോജിച്ചു നടത്തേണ്ടതെന്നും സോണിയ ഗാന്ധി ഓര്‍മ്മപ്പെടുത്തി.
ഇടക്കാല പ്രസിഡന്റ് സ്ഥാനത്തുള്ള താന്‍ മുഴുവന്‍ സമയ അധ്യക്ഷ തന്നെയാണെന്ന് സോണിയാ വിമത ഗ്രൂപ്പിലെ 23 പേര്ക്കെന്നോണം മറുപടി നല്കി. പാർട്ടിയിൽ വിമത സ്വരം ഉയർത്തുന്ന ജി23 നേതാക്കൾക്ക് ഉടൻ സ്ഥിരം അധ്യക്ഷന്‍ വേണമെന്ന നിലപാടാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധിയുടെ മറുപടി. ജി 23 നേതാക്കളുടെ ആവശ്യത്തിന് വഴങ്ങേണ്ട എന്ന് തന്നെയായിരുന്നു നേരത്തെയും ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. മുൻ തീരുമാനത്തെ സാധൂകരിക്കും വിധമായിരുന്നു യോഗത്തിൽ സോണിയാ ഗാന്ധി നടത്തിയ പ്രസംഗവും.
എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് മാധ്യമങ്ങളിലൂടെ അല്ല നടത്തേണ്ടതെന്ന് സോണിയ വിമതർക്ക് മുന്നറിയിപ്പ് കൊടുത്തു. അഭിപ്രായ പ്രകടനങ്ങൾ വര്‍ക്കിങ് കമ്മിറ്റി മീറ്റിങ് നടക്കുന്ന ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങണം. പൊതുവായ തീരുമാനങ്ങള്‍ മാത്രമേ പുറത്തു വരാവൂ. വിഴുപ്പലക്കല്‍ പാടില്ല. കുടുംബ വാഴ്ചയെ എതിര്‍ക്കുന്ന വിമതര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് സോണിയ നല്‍കിയത്. പാർട്ടിക്ക് മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന് കപിൽ സിബൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങിയ ജി 23 നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഇവർ സോണിയക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്തായാലും കോണ്‍ഗ്രസ് നേതൃത്വം എന്നത് കുടുംബ വാഴ്ചയായി ഇനിയും തുടരുമെന്ന ശക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വന്നതോടെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഇതോടെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി ചുമതലയേറ്റു. രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടി വന്നാലും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രാഹുലിനെ ഒഴിവാക്കിയാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ സമയക്രമം എന്നതും ശ്രദ്ധേയം.
2022 ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് എഐസിസി യോഗത്തിന്റെ സമയക്രമം. ഇതിനു ശേഷം സെപ്റ്റംബര്‍-ഒക്ടോബറില്‍ ചേരുന്ന കോണ്‍ഗ്രസ് പ്ലീനറിയോഗമാകും പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ അംഗീകാരം നല്‍കുക. 2022 ഏപ്രില്‍ മുതലാകും പ്രാഥമിക തലം മുതലുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമാകുക. രാഷ്ട്രീയ പ്രമേയം, കാര്‍ഷിക മേഖലയും കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട പ്രമേയം, വിലക്കയറ്റം സംബന്ധിച്ച പ്രമേയം എന്നിങ്ങനെ മൂന്നു പ്രമേയങ്ങള്‍ സിഡബ്ല്യുസി പാസാക്കി.
English Summary : congress may continue to be overpowered by gandhi family
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.