Web Desk

കാട്ടാക്കട

December 27, 2020, 2:17 pm

കോൺഗ്രസ്‌ യോഗത്തിൽ കുപ്പിയേറും തെറിവിളിയും; എംഎൽഎയും നേതാവും കാറിൽ രക്ഷപ്പെട്ടു

Janayugom Online

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ കുപ്പിയേറും തെറിവിളിയും. സ്ഥലത്ത് നിന്ന് കെപിസിസി നേതാവും എംഎൽഎയും കാറിൽ കയറി രക്ഷപ്പെട്ടുകയായിരുന്നു. ശനിയാഴ്ച വൈകിട്ട്‌ നാലോടെ പൂവച്ചൽ ഫിർദൗസ് ഓഡിറ്റോറിയത്തിൽ ചേർന്ന കോൺഗ്രസ് അരുവിക്കര ബ്ലോക്ക് കമ്മിറ്റി യോഗമാണ് പരസ്പരമുള്ള തെറി വിളിയിലും കുപ്പിയേറിലും അവസാനിച്ചത്. ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി പുനലൂർ മധുവായിരുന്നു യോഗം വിളിച്ചത്. പൂവച്ചൽ, കുറ്റിച്ചൽ, വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളിലെ കോൺഗ്രസ് ഭാരവാഹികളായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വെള്ളനാട് ശശിയെയും കോൺഗ്രസ് വെള്ളനാട് മണ്ഡലം പ്രസിഡന്റ്‌ വെള്ളനാട് സത്യദാസിനെയും പങ്കെടുപ്പിക്കണ്ടായെന്ന്‌ ധാരണയുണ്ടായിരുന്നു. 

ബ്ലോക്ക് ഡിവിഷനിൽ മത്സരിച്ച കോൺഗ്രസ് നേതാവ് കമൽ രാജിനും ഒമ്പത് വാർഡ് സ്ഥാനാർഥികൾക്കുമെതിരെ റിബൽ സ്ഥാനാർഥികളെ നിർത്തുകയും ഇവരെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തവരുമാണ് ഇരുവരും. എന്നാൽ, യോഗം തുടങ്ങാറായതോടെ വെള്ളനാട് ശശിയും സത്യദാസും യോഗ ഹാളിൽ എത്തി. അധ്യക്ഷനായിരുന്ന ബ്ലോക്ക് പ്രസിഡന്റ്‌ സി ആർ ഉദയകുമാർ ഇരുവരോടും യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന്‌ പറഞ്ഞു. തങ്ങളെ പങ്കെടുപ്പിക്കാതെ യോഗം ചേരേണ്ട എന്ന നിലപാടിൽ ഇരുവരും യോഗ ഹാളിൽ ഇരുപ്പുറപ്പിച്ചു. മറ്റ് നേതാക്കൾ ഇത് ചോദ്യം ചെയ്ത് രംഗത്ത് വന്നു. ഇരുവരെയും യോഗത്തിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കെ എസ് ശബരീനാഥൻ എംഎൽഎയും രംഗത്ത് വന്നു. 

ഇതോടെ മറ്റ് നേതാക്കൾ കെ എസ് ശബരീനാഥനെതിരെ തിരിഞ്ഞു. തെറിവിളി രൂക്ഷമായതിനിടയിൽ നേതാക്കൾ തമ്മിൽ കുപ്പിയേറ് തുടങ്ങുകയായിരുന്നു. കുടിവെള്ള കുപ്പികൾകൊണ്ടാണ്‌ പരസ്പരം എറിഞ്ഞത്‌. പലർക്കും ഏറ് കൊണ്ടു. കെപിസിസി ജനറൽ സെക്രട്ടറി പുനലൂർ മധു യോഗം പിരിച്ചുവിട്ടതായും വേണമെങ്കിൽ പഞ്ചായത്തുകളിൽ യോഗം ചേരാനും പറഞ്ഞ് ഇറങ്ങി. പിന്നാലെ കെഎസ് ശബരീനാഥനും പുറത്തിറങ്ങി. ആര്യനാട്, ഉഴമലയ്‌ക്കൽ, വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ നേതാക്കളുടെ യോഗം ഉഴമലയ്ക്കൽ കോൺഗ്രസ് ഓഫീസിൽ ചേർന്നിരുന്നു. ഇവിടെയും കെ എസ് ശബരീനാഥൻ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ്‌ ഉയർന്നത്‌. 

ENGLISH SUMMARY:Congress meet­ing; The MLA and the leader escaped in a car
you may also like this video