വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ്- മുസ്ലീം ലീഗ് നീക്കങ്ങൾക്ക് തുടക്കം തന്നെ തിരിച്ചടി

കെ കെ ജയേഷ്

കോഴിക്കോട്:

Posted on October 31, 2020, 7:24 pm

കെ കെ ജയേഷ്

ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ്- മുസ്ലീം ലീഗ് നീക്കങ്ങൾക്ക് തുടക്കം തന്നെ തിരിച്ചടി. സഖ്യത്തിന് മുന്നോടിയായി തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ സഹകരണമുണ്ടാക്കുന്നതിന്റെ ഭാഗമായി സീറ്റ് വിഭജന ചർച്ചകൾ നടത്തുന്നതിനെതിരെ യു ഡി എഫ് അണികൾ തന്നെ വിവിധ സ്ഥലങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.
വെൽഫെയർ പാർട്ടിക്ക് സ്വാധീനമുള്ള മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ പ്രദേശം ഉൾക്കൊള്ളുന്ന മൂന്നു വാർഡുകളാണ് യു ഡി എഫ് വെൽഫെയർ പാർട്ടിക്ക് നൽകാൻ നീക്കം നടത്തുന്നത്. കാലങ്ങളായി യു ഡി എഫും ജമാ അത്തെ ഇസ്ലാമിയുമായി പ്രദേശത്ത് നല്ല ബന്ധമല്ല ഉള്ളത്. സഖ്യവുമായി മുന്നോട്ട് പോവുകയാണെങ്കിൽ വെൽഫെയർ പാർട്ടിക്കെതിരെ ജനകീയ മുന്നണി രൂപീകരിക്കുമെന്ന് യു ഡി എഫിലെ ഒരു വിഭാഗം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

കാരശ്ശേരി പഞ്ചായത്തിൽ കറുത്തപറമ്പ് വാർഡാണ് വെൽഫെയർ പാർട്ടിക്ക് യു ഡി എഫ് നൽകിയത്. കൊടിയത്തൂർ പഞ്ചായത്തിൽ രണ്ട് സീറ്റ് നൽകാമെന്നാണ് ധാരണ. ഈ പ്രദേശങ്ങളെല്ലാം സുന്നി, മുജാഹിദ് വിഭാഗങ്ങൾക്ക് വലിയ സ്വാധീനമുള്ള മേഖലകളാണ്. വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വാർഡുകളിൽ അവരെ പരാജയപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ വിവിധ മുസ്ലീം സംഘടനകൾ തയ്യാറെടുത്തു കഴിഞ്ഞതായാണ് വിവരം. ഇത് കോൺഗ്രസ്, ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വാർഡുകളിലും വലിയ തിരിച്ചടിയായി മാറും. വെൽഫെയർ പാർട്ടിയുമായി സഹകരിക്കാനുള്ള തീരുമാനം യു ഡ‍ി എഫിന് വലിയ നഷ്ടം വരുത്തുമെന്ന് പ്രവർത്തകർ പറയുന്നു.

നിലവിൽ ലഭിക്കുന്ന വോട്ടുകൾ പോലും വ്യാപകമായി നഷ്ടപ്പെടാൻ സഖ്യം കാരണമാകും. യു ഡി എഫ് പ്രാദേശിക തെരഞ്ഞെടുപ്പ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രവർത്തകർ ചേരിതിരിഞ്ഞ് വെൽഫെയർ ബന്ധത്തിന്റെ പേരിൽ ഏറ്റുമുട്ടുന്ന സാഹചര്യമാണുള്ളത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ്- മുസ്ലീം ലീഗ് നീക്കങ്ങൾക്കെതിരെ സുന്നി ‑മുജാഹിദ് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മതേതര സഖ്യത്തെ ദുർബലമാക്കുന്ന മത തീവ്രവാദ, മതരാഷ്ട്രവാദ കക്ഷികളുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നത് ആത്മഹത്യാപരമാണെന്ന് സമസ്തയുടെ യുവജന, വിദ്യാർത്ഥി വിഭാഗങ്ങളായ എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, മുജാഹിദ് യുവജന വിഭാഗങ്ങളായ ഐ എസ് എം (സിഡി ടവർ), ഐ എസ് എം (മർക്കസുദ്ദഅവ), വിസ്ഡം യൂത്ത് മൂവ്മെന്റ് എന്നീ സംഘടനകൾ ചേർന്ന് രൂപീകരിച്ച ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി നേരത്തെ വ്യക്തമാക്കിയിരുന്നു.

മത സംസ്ഥാപനമാണ് ജമാ അത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് അതിന്റെ സ്ഥാപക നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ പോലുള്ള ജനാധിപത്യ മതേതര രാജ്യത്ത് അജണ്ടകൾ എളുപ്പം നടപ്പിലാക്കാൻ കഴിയില്ലെന്ന ബോധ്യമാണ് ജനാധിപത്യത്തെ അംഗീകരിച്ചെന്ന് വരുത്തിക്കൊണ്ടുള് സംഘടനയുടെ നീക്കങ്ങൾ. ഇതിന്റെ ഭാഗമായി തന്നെയാണ് വെൽഫെയർ പാർട്ടിയെ യു ഡി എഫിലെത്തിക്കാനും അതുവഴി ജനകീയാംഗീകാരം നേടിയെടുക്കാനുമുള്ള ജമാ അത്തിന്റെ ശ്രമം. അപകടകരമായ നീക്കത്തിനാണ് യു ഡി എഫ് പിന്തുണ നൽകുന്നതെന്നാണ് വിവിധ മുസ്ലീം സംഘടനകൾ വ്യക്തമാക്കുന്നത്.

ENGLISH SUMMARY: con­gress Mus­lim league coali­tion with wel­fare par­ty

YOU MAY ALSO LIKE THIS VIDEO