കെ കെ ജയേഷ്

കോഴിക്കോട്

October 28, 2020, 10:25 am

വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ്- മുസ്ലീം ലീഗ് നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി സുന്നി, മുജാഹിദ് സംഘടനകൾ

Janayugom Online

കെ കെ ജയേഷ്

ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ്- മുസ്ലീം ലീഗ് നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി സുന്നി, മുജാഹിദ് സംഘടനകൾ. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾ വിവിധ പഞ്ചായത്തുകളിൽ യു ഡി എഫ് സജീവമാക്കിയ സാഹചര്യത്തിലാണ് ശക്തമായ പ്രതികരണവുമായി സംഘടനകൾ രംഗത്തെത്തിയത്. മതേതര സഖ്യത്തെ ദുർബലമാക്കുന്ന മത തീവ്രവാദ, മതരാഷ്ട്രവാദ കക്ഷികളുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നത് ആത്മഹത്യാപരമാണെന്ന് സമസ്തയുടെ യുവജന, വിദ്യാർത്ഥി വിഭാഗങ്ങളായ എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, മുജാഹിദ് യുവജന വിഭാഗങ്ങളായ ഐ എസ് എം (സിഡി ടവർ), ഐ എസ് എം (മർക്കസുദ്ദഅവ), വിസ്ഡം യൂത്ത് മൂവ്മെന്റ് എന്നീ സംഘടനകൾ ചേർന്ന് രൂപീകരിച്ച ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി വ്യക്തമാക്കി. മതേതരത്വവും മതരാഷ്ട്രവാദവും എന്ന വിഷയത്തിൽ സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മതനേതാക്കളെല്ലാം യു ഡി എഫ് നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്നു.

മതരാഷ്ട്രവാദം ആശയമായി സ്വീകരിച്ചിട്ടുള്ള സംഘടനകളോടും തീവ്രവാദ സമീപനങ്ങൾ കൊണ്ടുനടക്കുന്നവരോടും നാളിതുവരെ മത‑രാഷ്ട്രീയ സംഘടനകൾ കൃത്യമായ അകലം പാലിച്ചുകൊണ്ടാണ് പോന്നിട്ടുള്ളത്. രാജ്യത്ത് ശക്തിപെട്ടുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭരണരീതിയെ ഇല്ലായ്മ ചെയ്യാൻ മതേതര ജനാധിപത്യ മുന്നണികളുടെ ഐക്യമാണ് ഉണ്ടാകേണ്ടത്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും പുരോഗതിക്കും ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് ഭൂരിപക്ഷം ജനങ്ങളും അതിന്നെതിരെ കൈകോർക്കാൻ തയ്യാറാകുമ്പോൾ തീവ്രവാദ, മതരാഷ്ട്രവാദ കക്ഷികളുമായി ബന്ധമുണ്ടാക്കുന്നത് രാജ്യതാൽപര്യത്തിന് എതിരാണെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഭരണഘടന മുറുകെപ്പിടിച്ചുകൊണ്ടു മതരാഷ്ട്രവാദങ്ങളെ തള്ളിക്കളയാനും അത്തരം സംഘടനകളുമായുള്ള എല്ലാ തിരഞ്ഞെടുപ്പ് സഖ്യങ്ങളും ഉപേക്ഷിക്കാനും എല്ലാ രാഷ്ട്രീയപാർട്ടികളുടെ നേതാക്കന്മാരോടും കൂട്ടായ്മ അഭ്യർത്ഥിച്ചു. സൗഹാർദവും സമത്വവും ഉയർത്തിപ്പിടിക്കേണ്ടത് ഇന്ത്യൻ പൗരൻമാരെന്ന നിലയിൽ ഓരോരുത്തരുടെയും സാമൂഹിക ബാധ്യതയാണ്. അതുകൊണ്ട്തന്നെ വരാൻപോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിൽ മതരാഷ്ട്രവാദ ആശയം മുമ്പോട്ടുവെക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ടീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായോ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്ന് വേണ്ടി പ്രവർത്തിക്കുന്ന ബിജെപിയുമായോ യുഡിഎഫ്, എൽ ഡി എഫ് മുന്നണികൾ യാതൊരു രാഷ്ട്രീയ ധാരണയോ, നീക്കുപോക്കോ ഉണ്ടാക്കരുതെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു.

സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധം അവഗണിച്ചാണ് യു ഡി എഫ് ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള മേഖലകളിൽ വെൽഫെയർ പാർട്ടിയെ കൂടി സീറ്റ് വിഭജന ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും വെൽഫെയർ പാർട്ടിയെ മുന്നണിയിലെടുക്കാനാണ് യു ഡി എഫ് നീക്കം. അതിന് മുന്നോടിയായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരസ്യ ധാരണ. നേരത്തെ യുഡിഎഫ് കൺവീനർ എം എം ഹസൻ നിലമ്പൂരിലെ വീട്ടിലെത്തി ജമാഅത് അമീർ എം ഐ അബ്ദുൾഅസീസിനെ കണ്ടിരുന്നു. സഖ്യത്തോട് കോൺഗ്രസിലെയും ലീഗിലെയും ഒരു വിഭാഗത്തിനും ശക്തമായ എതിർപ്പുണ്ട്. എന്നാൽ ഘടകകക്ഷികൾ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെൽഫെയർ പാർട്ടിയെ ഏത് രീതിയിലും മുന്നണിയിലെത്തിക്കാനുള്ള നീക്കമാണ് ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്.

ജമാ അത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ലക്ഷ്യം മത സംസ്ഥാപനമാണെന്ന് അതിന്റെ സ്ഥാപക നേതാക്കൾ തന്നെ വ്യക്തമാക്കിയതുമാണ്. എന്നാൽ ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ മതേതര രാജ്യത്ത് എളുപ്പത്തിൽ തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ജനാധിപത്യത്തെ അംഗീകരിച്ചുകൊണ്ടുള്ള അവരുടെ നീക്കങ്ങൾ. അതിന്റെ ഭാഗമായി തന്നെയാണ് വെൽഫെയർ പാർട്ടിയെ യു ഡി എഫിലെത്തിക്കാനും അതുവഴി ജനകീയാംഗീകാരം നേടിയെടുക്കാനുമുള്ള ജമാ അത്തിന്റെ ശ്രമം. അപകടകരമായ ഈ നീക്കത്തിന് സഹായം ചെയ്യുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിക്കുതെന്നതാണ് വിവിധ മുസ്ലീം സംഘടനകൾ വ്യക്തമാക്കുന്നത്.

Eng­lish sum­ma­ry: Con­gress-Mus­lim League move to form alliance with Wel­fare Party

You may also like this video: