29 March 2024, Friday

Related news

March 28, 2024
March 28, 2024
March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024

കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ നെഹ്റുവിനെ ഓർക്കണം: ബിനോയ് വിശ്വം എംപി

രാത്രി ഉറങ്ങാൻ കിടക്കുന്ന കോൺഗ്രസ്സുകാർ നേരംവെളുക്കുമ്പോഴേക്ക് ആർഎസ്എസ്സുകാരാകുന്ന അവസ്ഥയാണ് ഇന്നുള്ളത്…
Janayugom Webdesk
കോഴിക്കോട്
November 23, 2022 8:02 pm

കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ നെഹ്റുവിനെ ഓർക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി. കോഴിക്കോട് ടൗൺഹാളിൽ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘപരിവാർ അധികാരത്തിൽ പിടിമുറുക്കിയപ്പോൾ അവർ ആദ്യം ലക്ഷ്യമിട്ടത് നെഹ്റുവിനെയാണ്. അടിമുടി നെഹ്റുവിനെ താറടിക്കാനാണ് ആർഎസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു വ്യാജ കത്ത് ഉയർത്തിക്കൊണ്ടുവന്ന് അത് നെഹ്റു ഹിറ്റ്ലർക്ക് എഴുതിയതാണെന്ന് പ്രചരിപ്പിച്ചു. എന്നാൽ കോൺഗ്രസ് നേതൃത്വം അത് കണ്ട ഭാവം നടിച്ചില്ല. ആ കത്തും അതിലെ ഭാഷയും നെഹ്റുവിന്റേതല്ലെന്ന് വ്യക്തമാണ്. രാജ്യത്തിന്റെ രാഷ്ട്രീയഗതി നിയന്ത്രിക്കുന്നതിനോ മോഡി ഭരണകൂടത്തെ താഴയിറക്കുന്നതിനോ ഉള്ള വലിപ്പമൊന്നും ഇന്ന് കോൺഗ്രസ്സിനില്ല. രാജ്യത്തെങ്ങും സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഉയർന്നുവരുന്ന മുന്നേറ്റത്തിൽ കോൺഗ്രസ് ചേർന്നാൽ അത് അവർക്ക് കൊള്ളാം. 

കോൺഗ്രസ് യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ തയ്യാറായില്ലെങ്കിൽ അത് ആ പാർട്ടിയുടെ അധഃപതനമാണ്. ഇന്ന് കോൺഗ്രസ്സിലെ ചർച്ചകളെല്ലാം തലക്കെട്ടിന് വേണ്ടി മാത്രമാകുകയാണ്. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ മറന്ന് അവർ വലിയകാര്യങ്ങൾ പറയാൻ തയ്യാറാകുന്നു. കോൺഗ്രസ് കോൺഗ്രസ് അല്ലാതായതാണ് ആ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. 

തികഞ്ഞ മതേതരവാദിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവിതം മാതൃകയാക്കാൻ കോൺഗ്രസ്സുകാർ തയ്യാറാകുന്നില്ല. രാത്രി ഉറങ്ങാൻ കിടക്കുന്ന കോൺഗ്രസ്സുകാർ നേരംവെളുക്കുമ്പോഴേക്ക് ആർഎസ്എസ്സുകാരാകുന്ന അവസ്ഥയ്ക്കാണ് ഇന്ന് രാഷ്ട്രീയരംഗം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവിതം പുനർവായനയ്ക്ക് വിധേയമാക്കേണ്ട കാലം അതിക്രമിച്ചുവെന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനംചെയ്തുകൊണ്ട് മുൻ കേന്ദ്രമന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജ്യം കടുത്തവെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരെ എല്ലാവിഭാഗങ്ങളേയും ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചടങ്ങിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കമ്മിറ്റി പ്രസിഡന്റ് ഡോ. എൻ പി ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ എ അസീസ് സ്വാഗതവും സെക്രട്ടറി എം പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Con­gress must remem­ber Nehru if it wants to sur­vive: Binoy Viswam MP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.