Web Desk

കോഴിക്കോട്

September 27, 2021, 9:45 pm

സെമി കേഡറിന് തിരിച്ചടിയായി കലാപനീക്കങ്ങൾ; കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തില്‍

Janayugom Online

പാർട്ടിയെ സെമി കേഡർ സംവിധാനത്തിലേക്ക് മാറ്റി മുന്നോട്ടുകൊണ്ടുപോകാനുള്ള പുതിയ നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി കെപിസിസി മുൻ അധ്യക്ഷൻമാരുടെ കലാപനീക്കങ്ങൾ.
പുതിയ നേതൃത്വത്തിന് കീഴിൽ പൂർണ്ണമായും അവഗണിക്കപ്പെടുന്നതിൽ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ എന്നിവർ കടുത്ത നിരാശയിലാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നേരത്തെ തന്നെ പിന്തള്ളപ്പെട്ട ഇവർ പുതിയ നേതൃത്വം വന്നപ്പോൾ കൂടുതൽ അവഗണിക്കപ്പെടുകയായിരുന്നു. നേരത്തെ പരസ്പരം പോരടിച്ചു നിന്ന പാർട്ടിയിലെ പല അസംതൃപ്തരും കെ സുധാകരനും വി ഡി സതീശനുമെതിരെ യോജിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ മൗനാനുവാദത്തോടുകൂടിയാണ് നേതാക്കൾ പാർട്ടിയിൽ കലാപക്കൊടി ഉയർത്തുന്നത്. സെമി കേഡർ സംവിധാനത്തിലേക്ക് മാറുമെന്ന് പ്രഖ്യാപിക്കുമ്പോഴും മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് കെ സുധാകരന് വെല്ലുവിളിയായി മാറുകയാണ്. 

കേരളത്തിലെ പാർട്ടിയിൽ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോടുകൂടിയാണ് വന്നത്. പക്ഷെ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകാതെ വന്ന സ്ഥിതിവിശേഷമുണ്ടായി എന്നാണ് വി എം സുധീരൻ വ്യക്തമാക്കുന്നത്. കോൺഗ്രസ് സംസ്ക്കാരത്തിന് യോജിച്ചതല്ലാത്ത നടപടികൾ പുതിയ നേതൃത്വത്തിൽ നിന്നുണ്ടായതോടെയാണ് പ്രതികരിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറയുന്നു.
സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രൂക്ഷ വിമർശനമാണ് നടത്തിയിട്ടുള്ളത്. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോൾ നേതൃസ്ഥാനത്തുള്ളതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയിൽ ചർച്ചകളോ ആശയ വിനിമയമോ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്. 

പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വി എം സുധീരന് കെപിസിസി നേതൃത്വവുമായി എതിർപ്പുണ്ടായിരുന്നു. പാർട്ടിയിലെ എ, ഐ ഗ്രൂപ്പുകൾ പുനഃസംഘടനയിൽ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിൽ കൂടുതൽ പ്രതികരണം നടത്താൻ വി എം സുധീരൻ തയ്യാറായിരുന്നില്ല. എന്നാൽ തുടർന്ന് നിരന്തരം അവഗണനകൾ തുടർന്നതോടെയാണ് അദ്ദേഹം രാജിയിലേക്ക് നീങ്ങിയത്. പ്രധാന കാര്യങ്ങളിലൊന്നും സംസ്ഥാന നേതൃത്വം സുധീരനോട് ആലോചന നടത്താനും തയ്യാറായില്ല. 

പുനഃസംഘടനയിൽ പ്രതിഷേധിച്ച് പ്രമുഖ കെപിസിസി ഭാരവാഹികൾ രാജിവെച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്നിരുന്നു. കഴിഞ്ഞ കുറച്ചു മാസത്തിനിടയ്ക്ക് പതിനൊന്നോളം നേതാക്കളാണ് പാർട്ടി വിട്ടുപോയത്. അപ്പോഴെല്ലാം സ്ഥാനമോഹികളാണ് പുറത്തുപോയതെന്നും അതുകൊണ്ടൊന്നും പാർട്ടിക്ക് പരിക്കേൽക്കില്ലെന്നും പ്രഖ്യാപിച്ച് മുന്നോട്ടുപോവുകയായിരുന്നു നേതാക്കൾ. എന്നാൽ പുതിയ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് പാർട്ടി നേതൃത്വം നേരിട്ടുകൊണ്ടിരിക്കുന്നത്. നേതാക്കളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വലിയ പ്രതിഷേധമാണ് പാർട്ടിയിൽ ഉയർന്നുവരുന്നത്. 

രാഷ്ട്രീയകാര്യസമിതിയിൽ നിന്നുള്ള വി എം സുധീരന്റെ രാജിയോടുള്ള കെ സുധാകരന്റെ പ്രതികരണം ശരിയായില്ലെന്നാണ് വിലയിരുത്തൽ. പ്രശ്നങ്ങൾ രൂക്ഷമാക്കുന്ന തരത്തിലാണ് സുധാകരന്റെ ഇടപെടൽ ഉണ്ടാകുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രശ്നം പരിഹരിക്കാൻ സുധീരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇതുകൊണ്ടും ഫലമുണ്ടായില്ലെന്നതാണ് എഐസിസി അംഗത്വത്തിൽ നിന്നുള്ള രാജിയിലൂടെ വ്യക്തമാകുന്നത്. 

Eng­lish Sum­ma­ry : con­gress new lead­er­ship in cri­sis due to semi cadre system

You may also like this video :