കെ രംഗനാഥ്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേല്‍നോട്ട സമിതി അധ്യക്ഷനാക്കിയത് കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരുകള്‍ മൂര്‍ച്ഛിപ്പിക്കുമെന്ന് വിലയിരുത്തല്‍. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ പേരിനൊരു ഫോര്മുലയായല്ല പോരിനൊരു ഫോര്‍മുലയായാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഐ ഗ്രൂപ്പ് വിശേഷിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനെയും അപ്രസക്തമാക്കുന്നതാണ് തീരുമാനമെന്ന പ്രതികരണങ്ങളും വന്നുകഴിഞ്ഞു. മുതിര്‍ന്ന നേതാവായ രാജ്മോഹന്‍ ഉണ്ണിത്താന് നടത്തിയ പ്രതികരണം തന്നെ ഇതിനുദാഹരണമായി. അത്തരമൊരു തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളില്ലെന്നു പരസ്യമായി പറഞ്ഞ അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ പുതിയ സ്ഥാനലബ്ധിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
എന്നാല്‍ പ്രതിപക്ഷ മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിംലീഗും ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുടെ വരവിനെ സ്വാഗതം ചെയ്യുന്നത് ഒരു രഹസ്യ അജന്ഡയോടെയാണെന്നാണ് രമേശ് ഗ്രൂപ്പിന്റെ ആശങ്ക. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കു തൊട്ടുപിന്നില്‍ രണ്ടാമനായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കു കടന്നുകയറാനുള്ള കുറുക്കുവഴിയായാണ് ലീഗിന്റെ പിന്തുണയെ ഐ ഗ്രൂപ്പ് വ്യാഖ്യാനിക്കുന്നത്. ഇതോടെ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് പാടേ നിഷ്കാസിതനാവുമെന്നും അവര്‍ക്ക് ആശങ്കയല്ല പരിഭ്രാന്തിയാണുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പ് ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രമേശിനു നല്കി മെരുക്കാമെന്ന കണക്കുകൂട്ടലും ഹെക്കമാന്ഡിനുണ്ടെന്നാണ് സൂചന
. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥാനം നിലനിര്ത്തിക്കൊണ്ടാകാം തെരഞ്ഞെടുപ്പു മേല്‍നോട്ട സമിതി ചെയര്മാന് സ്ഥാനം ഏറ്റെടുക്കാമെന്ന നിബന്ധന ഹൈക്കമാന്‍ഡിനു മുന്നില്‍ ഉമ്മന്‍ചാണ്ടി വച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ട്. ജനറല്‍ സെക്രട്ടറി പദത്തോടൊപ്പം പ്രവര്‍ത്തക സമിതി അംഗത്വം കൂടി നല്‍കിയില്ലെങ്കില്‍ ദേശീയ നേതൃത്വത്തിലേക്ക് രമേശിനെ ഉയര്‍ത്താനുള്ള കച്ചവടത്തിനില്ലെന്ന് ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനോട് വ്യക്തമാക്കിയതായും ഈ ഗ്രൂപ്പ്കേന്ദ്രങ്ങളില് നിന്ന് അറിവായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഒഴിയുന്ന കെപിസിസി പ്രസിഡന്റ് പദവി രമേശിനു നല്കി പുതിയ ഊരാക്കുടുക്കില്‍ നിന്നു തലയൂരാനുള്ള ഒരു ഫോര്‍മുലയും ഹൈക്കമാന്‍ഡിനു മുന്നിലുണ്ടത്രേ. പക്ഷേ ഇതെല്ലാം സംഘടനാകാര്യം. പാര്ലമെന്ററിരംഗത്തു നിന്നുതന്നെ പുകച്ചു പുറത്തുചാടിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണ് വിജയിച്ചിരിക്കുന്നതെന്ന് രമേശ് ഗ്രൂപ്പ് കരുതുന്നു.
കോണ്‍ഗ്രസിലെ ‘മാസ്റ്റര്‍ മാനിപ്പുലേറ്റര്‍’ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ വ്യാപകമായി വെട്ടിനിരത്തുമെന്നുറപ്പാണ്. യുഡിഎഫ് അധ്യക്ഷനെന്ന തന്റെ പദവിയും ഇതോടെ ആലങ്കാരികമാവുമെന്നും അദ്ദേഹം ഭയക്കുന്നു. യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ചുക്കാന്‍ നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന രമേശും ഐ ഗ്രൂപ്പും അടങ്ങിയിരിക്കുമെന്ന് കരുതുന്നവര്‍ തുലോം വിരളം. ഇനി അദ്ദേഹം കളിക്കാനിരിക്കുന്ന കളികള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ അനങ്ങാനാവാത്തവിധം നങ്കൂരമിട്ട ഒരു കപ്പലിന്റെ നിലയില്‍ കൊണ്ടെത്തിക്കുമെന്ന ചില രാഷ്ട്രീയ കേന്ദ്രങ്ങളുടെ പ്രവചനങ്ങളും അസ്ഥാനത്താകാനിടയില്ല.
ENGLISH SUMMARY: congress oomen chandy udf formula
YOU MAY ALSO LIKE THIS VIDEO