കോണ്‍ഗ്രസിന്റെ സൂററ്റ് ഓഫീസ് പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി ആക്രമിച്ചു

Web Desk

അഹമ്മദാബാദ്

Posted on November 20, 2017, 11:22 pm

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ സൂററ്റിലെ ഓഫീസ് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി ആക്രമിച്ചു. സമിതിയുടെ അനുവാദമില്ലാതെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
77 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഇതില്‍ പട്ടീദാര്‍ സമിതിയുടെ പ്രധാന നേതാക്കന്‍മാരായ ലളിത് വാസൂയ, നീലേഷ് പട്ടേല്‍ എന്നിവരെ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 20 സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും 19 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നല്‍കിയത്. മാത്രമല്ല, നല്‍കിയ പല സീറ്റുകളിലും വിജയസാദ്ധ്യത കുറവുമായിരുന്നു. ഇതാണ് പട്ടേല്‍ വിഭാഗക്കാരെ പ്രകോപിപ്പിച്ചത്.
പട്ടേല്‍ സമുദായത്തിന്റെ സംവരണം സംബന്ധിച്ച് കോണ്‍ഗ്രസും പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയും തമ്മില്‍ ധാരണയായിരുന്നു. ഇന്നലെ രാജ്‌കോട്ടില്‍ നടക്കാനിരുന്ന പരിപാടിയില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്താനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നത്. കോണ്‍ഗ്രസ് തങ്ങളുടെ സമ്മതമില്ലാതെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഇതിനെതിരെ സംസ്ഥാനത്താകമാനം പ്രക്ഷോഭം നടത്താനാണ് പട്ടീദാര്‍ സമിതി തീരുമാനിച്ചിരിക്കുന്നതെന്ന് സമിതി വക്താവ് ദിനേഷ് ബംബാനിയ പറഞ്ഞു.
പട്ടീദാര്‍ സമിതിയുടെ പ്രധാന നേതാക്കന്‍മാരായ ലളിത് വാസൂയ, നീലേഷ് പട്ടേല്‍ എന്നിവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം സംവരണം വിഷയം സംബന്ധിച്ച് ഇന്നലെ രാജ്‌കോട്ടില്‍ നടക്കാനിരുന്ന യോഗത്തില്‍ ഹാര്‍ദിക് പട്ടേല്‍ പങ്കെടുക്കില്ലെന്നും സമിതിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.