സി ദിവാകരന്‍

August 14, 2020, 3:15 am

‘ഇരുട്ടിൽ തപ്പുന്ന കോൺഗ്രസ്’

Janayugom Online

സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുന്നു. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടുകളായിട്ടും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, കിടപ്പാടം തൊഴിൽ തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങളൊന്നും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. കോവിഡ് 19 സൃഷ്ടിച്ച മഹാമാരിയിൽ തെരുവുകളിൽ മരിച്ചുവീഴുന്ന മനുഷ്യരുടെ ശവം മറവു ചെയ്യാൻപോലും കഴിയാത്ത ലജ്ജാകരമായ സംഭവങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ദുരന്തപൂർണമായ ഈ സാഹചര്യം സൃഷ്ടിച്ചതിൽ രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡിയും സംഘപരിവാറും പ്രതികളാണ്. ഇവർ മാത്രമല്ല ഇവരുടെ മുന്നേ ആറ് ദശാബ്ദം ഇന്ത്യ ഭരിച്ച കോൺഗ്രസുകാരും ജനദ്രോഹ നടപടികളിലൂടെ ജനജീവിതം ദുസ്സഹമാക്കി തീർത്തു.

കോൺഗ്രസ് ഭരണാധികാരികൾ വഴിമരുന്നിട്ട സ്വകാര്യവത്കരണ – ഉദാരവത്കരണ നയം അതിന്റെ വിശ്വരൂപത്തിൽ ബിജെപി നടപ്പിലാക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നോക്കുകുത്തിയായി മാറുന്നു.

രാജ്യത്തിന്റെ സമ്പത്ത്ഘടന ദുർബലമാക്കുന്ന നയപരിപാടികളുമായിട്ടാണ് കോൺഗ്രസ് ഭരണകൂടം മുന്നോട്ടു പോയത്. ബിജെപിയാകട്ടെ റിസർവ് ബാങ്കിനെ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഒരു ഡിപ്പാർട്ട്മെന്റാക്കി.

രാജ്യത്തിന്റെ വിഭവ സമാഹാരവും സമ്പത്തിന്റെ വിഭജനവും പദ്ധതികൾ നടപ്പിലാക്കലും തുടങ്ങി ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ മർമ്മപ്രധാനമായ ചുമതലകൾ നിർവ്വഹിക്കാൻ അതിസമർത്ഥന്മാരടങ്ങുന്ന സമിതിയായിരുന്നു ദേശീയ പ്ലാനിംഗ് കമ്മിഷൻ. പ്രധാനമന്ത്രി നരേന്ദ്രമോഡി സംഘപരിവാറിന്റെ നിർദ്ദേശാനുസരണം പ്രസ്തുത സമിതി പിരിച്ചുവിട്ടു. തൽസ്ഥാനത്ത് തങ്ങൾക്കുമാത്രം താല്പര്യമുള്ള ചില വ്യക്തികളടങ്ങുന്ന നിതി ആയോഗ് രൂപീകരിച്ചുകൊണ്ട് രാജ്യത്തെ ആസൂത്രണ പദ്ധതികളാകെ അട്ടിമറിച്ചു.

ഇന്ത്യയിലെ സാമ്പത്തിക പുരോഗതിയുടെ അടിത്തറ സൃഷ്ടിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ സമ്പൂർണമായും സ്വകാര്യവത്കരിക്കാനുള്ള സത്വര നടപടികളിലേയ്ക്ക് സർക്കാർ നീങ്ങിക്കഴിഞ്ഞു. കാർഷിക രംഗം മുരടിച്ചു. കടബാധ്യതയുടെ ഫലമായി നൂറുകണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഈ തക്കം മുതലെടുക്കാൻ ഇന്ത്യയിലെ കാർഷിക ഭൂമി പൂർണമായും പാട്ടത്തിനെടുക്കാൻ കോർപ്പറേറ്റുകൾ രംഗത്ത് എത്തിക്കഴിഞ്ഞു. അതിനാവശ്യമായ നിയമ നിർമ്മാണത്തിന്റെ തിരക്കിലാണ് കേന്ദ്രം.

കാർഷിക രംഗത്തും വ്യവസായ രംഗത്തും തൊഴിലവസരം ഗണ്യമായി കുറയുന്നതായി എല്ലാ പഠന റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 35 വർഷങ്ങൾക്കിടയിൽ ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി വർധിച്ചു. അസംഘടിത മേഖലകളിൽ മാത്രം 10 കോടി പേർ തൊഴിൽ രഹിതരാണ്. കശ്മീർ ജനതയ്ക്ക് ഭരണഘടന വാഗ്ദാനം ചെയ്ത ‘370’ എന്ന വകുപ്പ് പൂർണമായും റദ്ദാക്കി. കശ്മീരിനെ വീണ്ടും വിഭജിച്ചു. നിയമസഭയും പിരിച്ചുവിട്ടു. കശ്മീരിലെ മൂന്ന് മുൻമുഖ്യമന്ത്രിമാരെയും ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കന്മാരടക്കം 5000 പേരെ തടവിലാക്കി.

കോവിഡ് 19ന്റെ കെടുതികളിൽപ്പെട്ട് രാജ്യം ഒരു ശവപ്പറമ്പാകുമ്പോൾ പ്രധാനമന്ത്രി ശതകോടികൾ ചെലവിട്ടു രാമക്ഷേത്രം പണിയുന്ന തിരക്കിലാണ്. ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് മന്ദിരം പണിയുന്ന മതേതരത്വ സിദ്ധാന്തം. ഈ മഹാ പാപ കർമ്മത്തിന്റെ തുടക്കം ബാബറി മസ്ജിദ് പൊളിക്കാൻ കുടപിടിച്ച മുൻ കോൺഗ്രസ്സ് പ്രധാനമന്ത്രി നരസിംഹ റാവുവും സംഘപരിവാറിന് പള്ളിയുടെ അകത്തു കയറി പൂജ നടത്താനും ശിലാന്യാസം നടത്താനും സർവ്വ സന്നാഹങ്ങളും ഒരുക്കി കൊടുത്തതും രാജീവ് ഗാന്ധിയുമാണെന്ന അപമാനകരമായ സംഭവം എന്നും കോൺഗ്രസ്സിനെ വേട്ടയാടി കൊണ്ടിരിക്കും.

“രഘുപതിരാഘവ രാജാറാം പതീത പാവന സീതാറാം. ഈശ്വര അള്ളാ തേരാനാം” എന്ന ശാന്തിമന്ത്രം പാടിയ മഹാത്മാഗാന്ധി എവിടെ, ഭക്രാനംഗൽ എന്ന മനുഷ്യ അദ്ധ്വാനത്തിന്റെ വിസ്മയം കാണുകയാണെന്റെ ക്ഷേത്രദർശനം എന്നു പറഞ്ഞ ജവഹർലാൽ നെഹ്രു എവിടെ?

രാജ്യം അത്യന്തം ആപൽക്കരമായ സാഹചര്യങ്ങൾ നേരിടുമ്പോഴും ഇന്ത്യയിലെ ദേശീയ പാർട്ടി, പ്രതിപക്ഷ പാർട്ടി, — മതേതര പാർട്ടി, എന്നെല്ലാം അവകാശപ്പെടുന്ന കോൺഗ്രസുകാർ ഇരുട്ടിൽ തപ്പുകയാണ്. അവരുടെ മുന്നിൽ “മൂകമാം അന്ധകാരം പിന്നിൽ ശൂന്യമാം ചക്രവാളം, ” ഇതാണ് അവരുടെ ഇന്നത്തെ അവസ്ഥ.

രാജ്യത്തെ പിച്ചിചീന്തുകയും, ജനങ്ങളെ മതവികാരങ്ങളുടെ അടിമകളാക്കുകയും ഭൂരിപക്ഷത്തിന്റെയും അമ്പത്താറ് ഇഞ്ച് നെഞ്ചളവിന്റെയും പേരിൽ ബിജെപിയും സംഘപരിവാറും അഴിഞ്ഞാടുമ്പോൾ കോൺഗ്രസുകാർക്ക് സ്ഥലജലഭ്രമമാണ്. കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറാൻ വെമ്പൽ കൊള്ളുന്നു. എന്ത് രാഷ്ട്രീയ തത്വസംഹിതയാണ് ഇന്ന് കോൺഗ്രസ് പിൻതുടരുന്നതെന്ന് അറിയാൻ സ്വാഭാവികമായും ജനങ്ങൾക്ക് ആഗ്രഹമുണ്ടാകും. രാജ്യം ആപത്തിൽപ്പെടുമ്പോൾ ഒരു ജനാധിപത്യ ദേശീയ പാർട്ടി സ്വീകരിക്കേണ്ട സമീപനമാണോ കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസിന് ഭരിക്കാൻ ഭൂരിപക്ഷം കിട്ടിയ ഗോവയിൽ, മണിപ്പൂരിൽ, ഒടുവിൽ രാജസ്ഥാനിൽ ലജ്ജാകരമായ രാഷ്ട്രീയ പാപ്പരത്തമല്ലേ പ്രകടിപ്പിക്കുന്നത്. ആ സംസ്ഥാനങ്ങളിൽ അപഹാസ്യരായ കോൺഗ്രസ് കേരളത്തിലെ പിണറായി സർക്കാരിനെതിരെ നടത്തുന്ന ദുഷ്‌പ്രചരണങ്ങളും, വിലകുറഞ്ഞ രാഷ്ട്രീയ സമീപനങ്ങളും ഒരു ദേശീയ പാർട്ടിയ്ക്ക് ഇതുപോലെ ഒരവസരത്തിൽ സ്വീകരിക്കുന്നത് തികച്ചും ആത്മഹത്യാപരമാണെന്ന് താമസംവിനാ കോൺഗ്രസിന് ബോധ്യമാകും.

കോൺഗ്രസിന് ഇന്ന് ഒരു നേതൃത്വമില്ല. ഭാരിച്ച ചുമതലകൾ നിർവഹിക്കേണ്ട സാഹചര്യത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഇടക്കാല പ്രസിഡന്റാണെന്ന് കോൺഗ്രസ് തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സോണിയാഗാന്ധിയുടെ പദവി താൽക്കാലികമാണെങ്കിലും ആ സ്ഥാനത്ത് അവർക്ക് തുടരാം. എന്നാൽ ധാരണ പ്രകാരം അവരുടെ കാലാവധി 2020 ഓഗസ്റ്റ് 10‑ന് അവസാനിക്കുകയാണ്. തന്റെ അനന്തരാവകാശി വരുന്നതുവരെയും അപ്രകാരമുള്ള നടപടികൾ പൂർത്തിയാകുന്നതുവരെ അവർക്കു തുടരാം എന്ന് കോൺഗ്രസിന്റെ വക്താവ് ‘അഭിഷേക് മനു’ ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേയ്ക്കും പ്രസിഡന്റ് സ്ഥാനത്തേയ്കും അടിയന്തിരമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് ശശി തരൂർ അതേ പത്രത്തിലെ ഇന്റർവ്യൂവിൽ വ്യക്തമാക്കുന്നു. തന്നെയുമല്ല, ശശി തരൂർ മറ്റൊരു കാര്യം കൂടി തന്റെ ഇന്റർവ്യൂവിൽ വ്യക്തമാക്കി. “സോണിയാഗാന്ധിയിൽ നിന്ന് ഇന്നത്തെ ബാധ്യതകൾ പൂർണമായി നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് നീതിയല്ല. എന്ന് ഞാൻ വിശ്വസിക്കുന്നു. (I do believe it is unfair to her to expect her to car­ry this bur­den indefinitely).”

ഈ നേതാക്കന്മാരെല്ലാം പറയാതെ പറയുന്നത് ഒരു പാർട്ടിയുടെ പാപ്പരത്തമാണ്. അവരെ നയിക്കാൻ ഇപ്പോൾ ഒരു ദേശീയ നേതാവില്ല. ഈ സന്ദർഭത്തിൽ അവർ ഈ പതനത്തിലെത്തിയ പശ്ചാത്തലത്തെ വിസ്മരിക്കാൻ പാടില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റുവാങ്ങിയ കനത്ത പരാജയത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും അവർ മുക്തി നേടിയിട്ടില്ല. അത് ബുർഷ്വ പാർട്ടികളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളെക്കുറിച്ച് നടത്തിയ അവലോകനത്തിന്റെ ഫലമാണ് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ രാജി. 2019 ജൂലൈ മൂന്നിന് രാഹുൽ ഗാന്ധി നൽകിയ രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കിയത് ഈ പരാജയത്തിന് പൂർണ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ അവസാനം ഞാൻ ഒറ്റപ്പെട്ടിരുന്നു. “At times I stood alone”.

കേരളത്തിലെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ഏഐസിസിയുടെ ഭാഗമല്ലേ? കോൺഗ്രസ് നേതൃത്വത്തിന് സ്വന്തം പാർട്ടിയെ രക്ഷിക്കാനാവുന്നില്ല; പാർട്ടിയുടെ ഒരു നേതാവിനെ തെരഞ്ഞെടുക്കാൻ കഴിയുന്നില്ല. ഇന്ത്യയിലെയും കേരളത്തിലെയും കോൺഗ്രസ് കരകയറാനാവാത്ത ആഭ്യന്തരം കുഴപ്പത്തിലകപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് അവരുടെ ആഭ്യന്തര കലാപങ്ങളിൽ നിന്ന് കരകയറാതെ ജനങ്ങളുടെ പ്രശ്നങ്ങൾക്കായുള്ള പോരാട്ടങ്ങൾ നടത്താനാവില്ല. കേരളത്തിലെ കോൺഗ്രസിന് തൽക്കാലം പ്രസ്താവനകൾ നടത്താനുള്ള ഒരവസരം വീണുകിട്ടി, കോവിഡ് 19 ഉം സ്വർണ്ണക്കടത്തും പ്രളയവും. ഏതാനും മാസങ്ങൾക്കകം കേരളം ഈ പ്രതിസന്ധികളിൽ നിന്ന് വിജയകരമായി പുറത്തുവരും. അന്ധകാര പൂർണമായ ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനമല്ലാതെ ജനങ്ങളുടെ മുന്നിൽ മറ്റൊന്നും പ്രതീക്ഷിക്കാനില്ല എന്ന യാഥാർത്ഥ്യം കോൺഗ്രസിനും ബോധ്യമാകും.