29 March 2024, Friday

Related news

March 28, 2024
March 27, 2024
March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024

കോണ്‍ഗ്രസ് പുനഃസംഘടന; സൈബര്‍ ഇടങ്ങളില്‍ പോര് മുറുകുന്നു, ചെന്നിത്തലയും മകനും രാജിവെച്ച് മാപ്പുപറയണമെന്ന് ആവശ്യം

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
August 24, 2021 6:33 pm

വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഡിസിസി പുനഃസംഘടന അനിശ്ചിതമായി നീളുന്നതിനിടെ സൈബര്‍ ഇടങ്ങളിലും പോരടിച്ച് അണികള്‍. വിവിധ നേതാക്കളെ അനുകൂലിച്ച് ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തുന്നത് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. പുനഃസംഘടന പട്ടിക ഇറങ്ങിയാൽ ശക്തമായി പ്രതികരിക്കണമെന്ന് നിർദ്ദേശിക്കുന്ന ചെന്നിത്തല അനുകൂലികളുടെ വാട്സ് അപ് ചാറ്റ് പുറത്തായതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെ സുധാകരൻ അനുകൂലികളും രംഗത്തെത്തിയിരിക്കുന്നത്.

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിക്കുന്ന ‘കോൺഗ്രസ് സൈബർ ടീം ഒഫീഷ്യൽ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ളത്. കോൺഗ്രസ് പാർട്ടി അതിജീവനത്തിനായി ശ്രമിക്കുമ്പോൾ ചെന്നിത്തല പകയോടെ നാറിയ കളികൾ കളിക്കുകയാണ് എന്നാണ് ആരോപണം. ചെന്നിത്തലയും മകൻ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോട് മാപ്പു പറഞ്ഞു രാജി വെച്ചു പുറത്തു പോവണമെന്നാവശ്യപ്പെടുന്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാൻ മടിയില്ലാത്ത പുതുതലമുറ ഇവിടെയുണ്ടെന്ന് ഓര്‍ക്കണമെന്ന താക്കീതുമുണ്ട്.

“പ്രിയ ചെന്നിത്തല സാറും മകൻ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് രാജി വെച്ച് പുറത്തു പോവേണ്ടതാണ്. നിങ്ങൾ ശവമടക്ക് നടത്തിയ കോൺഗ്രസ് പാർട്ടി അതിജീവനത്തിനായി ശ്രമിച്ച് പുനർജനിച്ചു വരുമ്പോൾ നിങ്ങൾ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി സജീവമായി രംഗത്തുറഞ്ഞാടുകയാണ്. പാർട്ടിയെ പുനർജീവിപ്പിക്കാൻ താങ്ങാവേണ്ട നിങ്ങൾ എന്താണ് കാണിച്ചു കൂട്ടുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിനെതിരെ ഗ്രൂപ്പിനാതീതമായി പ്രതിഷേധം തീർക്കണം, രമേശ്ജിയെ പുതിയ ഗ്രൂപ്പുകാർ മനപൂർവ്വം ആക്രമിക്കുന്നു എന്ന് വരുത്തണം. എന്നൊക്കെയുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ കേരളത്തിലെ കോൺഗ്രസുകാർ എത്ര അറപ്പോടെയും വെറുപ്പോടെയുമാണ് കേട്ടതെന്ന് അറിയാമോ? ഇനിയെങ്കിലും നശിപ്പിക്കരുത്. മാന്യമായി രാജിവച്ചു പുറത്തു പോവുക. ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാൻ മടിയില്ലാത്ത കോൺഗ്രസിനെ നെഞ്ചോട് ചേർക്കുന്ന പുതുതലമുറ ഇവിടെയുണ്ട്. അതുകൊണ്ട് അപ്പനും മകനും കളി നിർത്തിക്കോ” — എന്നിങ്ങനെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങിയാൽ പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ആർസി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ച പുറത്തായതോടെയാണ് സോഷ്യൽ മീഡിയയിൽ വിവിധ ഗ്രൂപ്പ് നേതാക്കളുടെ പിന്നില്‍ അണികൾ പരസ്യ പോര് ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരായ ആർസി ബ്രിഗേഡ് വാട്സ്ആപ്പ് കൂട്ടായ്മയിലെ സന്ദേശങ്ങൾ നേരത്തെ പരസ്യമായിരുന്നു. എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, യൂത്ത് കോൺ​ഗ്രസ് ഭാരവാഹികൾ, രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് എന്നിവർ അടങ്ങിയതാണ് ആർസി ബ്രി​ഗേഡ് വാട്സ് ആപ്പ് കൂട്ടായ്മ.

‘ഡിസിസി പ്രസിഡന്റാകാൻ നിന്ന നേതാക്കളുടെ ഫാൻസിനെ ഇളക്കിവിടണം’, ‘രമേശ് ജിയെ പുതിയ ഗ്രൂപ്പുകാർ മന:പൂർവ്വം ആക്രമിക്കുന്നതായി വരുത്തണം’, ‘ഉമ്മൻചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേർത്ത് ആക്രമണം നടത്തണം’, ‘ഗ്രൂപ്പ് കളിക്കുന്നത് ആർസിയും ഒസിയും അല്ലായെന്ന് തെളിയിക്കണം’ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചത്. ഇതിനിടെ ആർസി ബ്രിഗേഡ് വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ അൻവർ സാദത്ത് എംഎൽഎയും ഒട്ടേറെ പ്രമുഖ കോൺഗ്രസ് നേതാക്കളും ഈ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാണ്. ചെന്നിത്തലയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ സുബോധും അഡ്വ. ഫവാജ് പാത്തൂരും ഹബീബ് ഖാനുമാണ് ആർസി ബ്രിഗേഡിന്റെ അഡ്മിൻമാര്‍. എന്നാല്‍ പാര്‍ട്ടിയില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സൈബര്‍ ഗുണ്ടകളാണ് വിവാദത്തിനു പിന്നിലെന്നാണ് ഐ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഇടപെട്ട് അണികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വരുന്നതോടെ കോൺഗ്രസിൽ കലാപം രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.