രാമായണമാസാചരണം ; കോണ്‍ഗ്രസ് പിന്മാറി

Web Desk
Posted on July 15, 2018, 3:38 pm

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായതോടെ രാമായണ മാസാചരണ പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചു. കെ മുരളീധരന് പിന്നാലെ വി എം സുധീരനും ശക്തമായ വിമര്‍ശനവുമായി എത്തിയതോടെയാണ് പരിപാടി ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കെപിസിസി വിചാര്‍ വിഭാഗമാണ് രാമായണ മാസം ആചരിക്കാന്‍ നീക്കം നടത്തിയത്. നാളെ മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണ മാസാചരണം നടത്താനായിരുന്നു പരിപാടി തയ്യാറാക്കിയത്.
രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ് എന്ന പേരിലാണ് കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ പരിപാടി പ്രഖ്യാപിച്ചത്. കര്‍ക്കിടകം ഒന്നായ നാളെ രാവിലെ തൈക്കാട് ഗാന്ധിഭവനിലാണ് സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയാണ് ഉദ്ഘാടകനായി തീരുമാനിച്ചത്.രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. രാമായണ മാസാചരണത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ പരിപാടി ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിചാര്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരനാണ് ആദ്യം രംഗത്തു വന്നത്. കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നത് ശരിയല്ലെന്നും നാല് വോട്ടിന് വേണ്ടി ദൈവങ്ങളെ ഉപയോഗിക്കരുതെന്നുമായിരുന്നു മുരളീധരന്റെ വാദം. രാമായണ മാസം ആചരിക്കാന്‍ രാഷ്ട്രീയകാര്യ സമിതിയിലോ കെപിസിസിസി നിര്‍വാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ വിഎം സുധീരനും എതിര്‍പ്പു ഉയര്‍ത്തിയതോടെയാണ് പരിപാടി ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായത്. രാമനെ ചൂഷണം ചെയ്തത് ബി ജെപി ക്കാരാണ്. അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടെന്ന് സുധീരന്‍ പറഞ്ഞു. മുഖ്യശത്രുവായ ബിജെപിയെ നേരിടാന്‍ രാമായണ മാസാചരണം പോലെയുള്ള മാര്‍ഗമല്ല സ്വീകരിക്കേണ്ടതെന്നായിരുന്നു ഇരുവരുടേയും അഭിപ്രായം.