June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

അതിജീവനത്തിന്റെ രാഷ്ട്രീയം വീണ്ടെടുക്കാത്ത കോണ്‍ഗ്രസ്

By Janayugom Webdesk
March 6, 2020

‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!’ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല സ്ഥിതി ഇതാണ്. പൊടിപോലുമില്ലാ കണ്ടുപിടിക്കുവാന്‍ എന്ന ദുരവസ്ഥയിലേയ്ക്ക് രാഷ്ട്രീയ ഭൂപടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചെന്നുപെട്ടിരിക്കുന്നു. രാജ്യതലസ്ഥാനമായ ഇന്ദ്രപ്രസ്ഥം കത്തിയമരുമ്പോള്‍, കബന്ധങ്ങള്‍ നിറയുമ്പോള്‍, കൈക്കുഞ്ഞുങ്ങളുമായി നൂറുകണക്കിന് മനുഷ്യര്‍ പ്രാണഭയത്തോടെ പലായനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളിലൊരാളെയും ഇന്ത്യന്‍ ജനത കണ്ടില്ല. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി എന്‍ പ്രതാപന്‍ ദുബായിലിരുന്ന് മാധ്യമ പ്രവര്‍ത്തകരോട് ആണയിട്ടു പറഞ്ഞു; ‘സത്യമായിട്ടും രാഹുല്‍ഗാന്ധി എവിടെയാണെന്ന് അറിയില്ല’ എന്ന്. നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെ ‘മുങ്ങല്‍‍ വിദഗ്ധനായ’ രാഹുല്‍ഗാന്ധിയെ ദില്ലി കലാപകാലത്ത് ആരോരും കണ്ടില്ലെന്നത് ഒരത്ഭുതമല്ല. ശ്രീരാമന്റെ പേരുയര്‍ത്തിയാണ് സംഘപരിവാര ശക്തികള്‍ ദുഷ്ട രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അഴിഞ്ഞാടുന്നതെങ്കില്‍ ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനും ഭരണഘടനാ ധ്വംസനത്തിനുമെതിരെ, ജനാധിപത്യ‑മതനിരപേക്ഷ‑ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഡല്‍ഹി ജനത വോട്ടുരേഖപ്പെടുത്തിയ ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നടത്തിയ അഭ്യാസപ്രകടനവും അസാധാരണമായ മെയ് വഴക്കവും ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.

ഈശ്വര അള്ളാ തേരാനാം എന്ന് പാടിനടന്ന, രാമനും റഹീമും ഒന്നുതന്നെ എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഗാന്ധിജി പിറന്ന ഗുജറാത്തില്‍ 2002‑ല്‍ വംശഹത്യാ പരീക്ഷണം അരങ്ങേറ്റിയ ഗാന്ധി ഘാതകരുടെ അനുചരന്മാരായ നരേന്ദ്രമോഡിയും അമിത് ഷായും രാഷ്ട്ര ഭരണാധികാരികളായിരിക്കുമ്പോള്‍ ഗുജറാത്ത് മോഡല്‍ പരീക്ഷണം ദില്ലിയില്‍ നടത്തുകയായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ കാലത്തുതന്നെ ഏതൊരാഘാതത്തിനും പ്രത്യാഘാതം ഉണ്ടാവുമെന്നും ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രമാണെന്നും മോഡിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു. ഗാന്ധിയുടെ സ്വന്തം അനുയായികളെന്ന് പുരപ്പുറത്തു നിന്ന് കൂവുന്ന കോണ്‍ഗ്രസുകാര്‍ ദില്ലി കത്തിയെരിയുമ്പോള്‍ മൗനത്തിന്റെ വാത്മീകത്തില്‍ മുഖം പൂഴ്‌ത്തിവച്ചത് ആ പാര്‍ട്ടിയുടെ ചരിത്രാവസ്ഥകളോട് കാട്ടിയ കൊടും അനീതിയാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം കൊണ്ടായിരിക്കാം. 1885 ഡിസംബര്‍ 28ന് ബ്രിട്ടീഷ് സായിപ്പന്മാര്‍ക്ക് സഹായകരമായനിലയില്‍ ശുപാര്‍ശ കമ്മിറ്റിയായാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബ്രിട്ടീഷ് സായിപ്പ് എ ഒ ഹ്യൂമിന്റെ നേതൃത്തില്‍ രൂപീകരിക്കപ്പെട്ടത്. 1885ലെ കോണ്‍ഗ്രസ് രൂപീകരണ സമ്മേളനത്തില്‍ ഡബ്ല്യു സി ബാനര്‍ജിയായിരുന്നു അധ്യക്ഷന്‍. 1886 ല്‍ ദാദാഭായിനവറോജിയും 1887 ല്‍ ബഹറുദീന്‍ സീയാനിയും കോണ്‍ഗ്രസ് അധ്യക്ഷന്മാരായി. ചരിത്രപരമായി രേഖപ്പെടുത്തേണ്ട ഒരു വസ്തുതകൂടിയുണ്ട്.

ഒരു മലയാളിയും കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷനായിരുന്നു. 1897ല്‍ സി ശങ്കരന്‍ നായര്‍ എഐസിസി അധ്യക്ഷനായി. കോണ്‍ഗ്രസിന്റെ നയസമീപനങ്ങളില്‍ ദാദാഭായിനവറോജിയും ഗോപാലകൃഷ്ണ ഗോഖലെയുമെല്ലാം അധ്യക്ഷരായിരുന്ന വേളകളില്‍ പരിപക്വമായ പരിവര്‍ത്തനങ്ങളുണ്ടായി. ഇന്നത്തെ കോണ്‍ഗ്രസിന് അതൊക്കെ മാഞ്ഞുപോയ വരികള്‍ മാത്രമാണ്. കോണ്‍ഗ്രസില്‍ ഇന്ന് ജനാധിപത്യമെന്നത് പഴങ്കഥയോ കടങ്കഥയോ ആണ്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പെന്നത് മലര്‍പ്പൊടിക്കാരന്റെ കിനാവായി കോണ്‍ഗ്രസില്‍ മാറിത്തീര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പട്ടാഭി സീതാരാമയ്യയും സുഭാഷ്ചന്ദ്രബോസും തമ്മില്‍ നടന്നത് വീറുറ്റ രാഷ്ട്രീയ സമരമായിരുന്നു. ഗാന്ധിജിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയായ പട്ടാഭി സീതാരാമയ്യ സുഭാഷ് ചന്ദ്രബോസിന് മുന്നില്‍ അടിയറവു പറയേണ്ടിവന്നു. പില്‍ക്കാലത്ത് എഐസിസി അധ്യക്ഷനായ പട്ടാഭി സീതാരാമയ്യ കോണ്‍ഗ്രസിന്റെ ചരിത്ര പുസ്തകം രചിച്ചു. അന്നത്തെ ചരിത്രം രചിക്കുന്ന വേളയില്‍ കോണ്‍ഗ്രസ് ഇന്ന് അഭിമുഖീകരിക്കുന്ന അധഃപതനവും അപചയവും ദയനീയ പതനവും പട്ടാഭിസീതാരാമയ്യ സ്വപ്‌നേപി ചിന്തിച്ചിട്ടുണ്ടാവില്ല. ഒരധ്യക്ഷനെപോലും കണ്ടെത്തുവാന്‍ കഴിയാതെ അലയുകയാണ് കോണ്‍ഗ്രസ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അധ്യക്ഷനായിരുന്ന രാഹുല്‍ഗാന്ധി താനിനി ഈ സ്ഥാനത്തില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നാടുവിട്ടോടുകയുണ്ടായി. കുടുംബ രാഷ്ട്രീയത്തിന്റെ ചരിത്രം പേറുന്നതുകൊണ്ട് അമ്മ സോണിയാഗാന്ധി ഇടക്കാല അധ്യക്ഷയായി. അമ്മ അധ്യക്ഷയായതിനു ശേഷവും തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വന്‍ തിരിച്ചടികള്‍തന്നെ കോണ്‍ഗ്രസിന് അഭിമുഖീകരിക്കേണ്ടിവന്നു. മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും ഉണ്ടായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കേവല ആശ്വാസങ്ങള്‍ മാത്രമായിരുന്നു.

മഹാരാഷ്ട്രയില്‍ ഏറെ ആശ്വസിക്കാനുള്ള വകയുമില്ല. കാരണം തെരഞ്ഞെടുപ്പ് ഫലത്തില്‍ നാലാമത്തെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ എത്രമേല്‍ നിലംപറ്റുന്നുവെന്ന് തെരഞ്ഞെടുപ്പു ഫലങ്ങള്‍ സാക്ഷ്യപ്പെടുത്തും. 1952 ലെ ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 489 സീറ്റുകളാണ് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്. അതില്‍ 364 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. 74 ശതമാനം പോളിംഗ് നടന്ന ആ തെരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ട് കോണ്‍ഗ്രസിനായിരുന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സീറ്റും വോട്ടിംഗ് ശതമാനവും ഉയര്‍ന്നുകൊണ്ടേയിരുന്നു. 1984ല്‍ ഇന്ദിരാഗാന്ധി തരംഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 514 ലോക്‌സഭാ സീറ്റുകളില്‍ 404 ലും കോണ്‍ഗ്രസ് വിജയിച്ചു. മൂന്നില്‍ രണ്ടിന്റെ മഹാഭൂരിപക്ഷം. 49 ശതമാനം വോട്ടും ലഭിച്ചു. എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളില്‍ 53 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന്. 19.5 ശതമാനം വോട്ടു മാത്രവും. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും അടക്കിവാണിരുന്ന, സ്വതന്ത്ര ഇന്ത്യ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ ദയനീയ പതനത്തിന്റെ ചിത്രം പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണവും വോട്ടിംഗ് ശതമാനവും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ രണ്ടുവട്ടമായി പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ലഭ്യമാകാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് പരിണമിച്ചു. ഉഭയജീവിയായി കോണ്‍ഗ്രസില്‍ ചേക്കേറിയ ശശിതരൂര്‍ കോണ്‍ഗ്രസിന് ചരമക്കുറിപ്പ് എഴുതരുതെന്ന് നിലവിളിക്കുന്നുണ്ട്. തരൂരിന്റെ നിലവിളി നല്ലവരായ എല്ലാ കോണ്‍ഗ്രസുകാരുടെയും നിലവിളിയാണ് എന്നുള്ളത് സമീപകാല കോണ്‍ഗ്രസിന്റെ അനുഭവ ചരിത്രം ബോധ്യപ്പെടുത്തുന്നുണ്ട്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ലഭിക്കാത്ത കോണ്‍ഗ്രസിന്റെ ദയനീയത ആ പാര്‍ട്ടി ചെന്നുപെട്ടിരിക്കുന്ന ദുര്‍ഘട പ്രതിസന്ധിയെ വിളിച്ചറിയിക്കുന്നു. അതിജീവനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടത്തില്‍ ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്‌റുവും നയിച്ച മഹാപ്രസ്ഥാനത്തിന് എന്തുപറ്റി എന്ന ചോദ്യം അങ്ങേയറ്റം പ്രസക്തമാണ്. ഗാന്ധിജിയെയും നെഹ്‌റുവിനെയും മറന്ന്, ജനവിരുദ്ധ നയങ്ങളില്‍ അഭിരമിച്ച്, വര്‍ഗീയതയുമായി ഒളിഞ്ഞും തെളിഞ്ഞും സന്ധിചെയ്ത്, അഴിമതിയുടെ വിഴുപ്പുഭാണ്ഡംപേറി ജനങ്ങളില്‍നിന്ന് ക്രമേണക്രമേണ ഒറ്റപ്പെടുകയായിരുന്നു കോണ്‍ഗ്രസ്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാകുന്ന നാടകങ്ങളും നാടുകാണുന്നു. പിസിസികള്‍ക്കും ഡിസിസികള്‍ക്കും നൂറുകണക്കിന് ജനറല്‍ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രതിഷ്ഠിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബിജെപിയുടെ ‘ബി’ ടീമാകുവാന്‍ യത്‌നിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ കെപിസിസിക്കുപോലും ഒരു തീവണ്ടിയില്‍ കയറ്റാവുന്നത്ര ഭാരവാഹികളുണ്ട് ഇപ്പോള്‍തന്നെ. ഇനി സെക്രട്ടറിമാരുടെ വമ്പന്‍ പട്ടിക വരാനുമുണ്ട്. അങ്ങനെയൊരു പാര്‍ട്ടിക്ക് ഒരു ദേശീയാധ്യക്ഷനെ തേടിയലയുന്ന പരമ ദയനീയതയിലേയ്ക്ക് ആ പാര്‍ട്ടി അധഃപതിച്ചിരിക്കുന്നു. ഹാ! കഷ്ടം.

ENGLISH SUMMARY: Con­gress that has not recov­ered the pol­i­tics of survival


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.