കര്‍ണാടക പ്രതിസന്ധിയെ നേരിടാനുറച്ച് കോണ്‍ഗ്രസ്; സ്പീക്കറുടെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

Web Desk
Posted on July 11, 2019, 11:12 pm

ബംഗളുരു: ഭരണ പ്രതിസന്ധിയെ മറികടക്കാന്‍ കോണ്‍ഗ്രസ് അടവുകള്‍ മാറ്റുന്നു. സ്പീക്കറുടെ വിവേചനാധികാരം ചൂണ്ടിക്കാട്ടി സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാജി ചട്ടപ്രകാരമാണോ എന്ന് പരിശോധിച്ച ശേഷമേ സ്വീകരിക്കാനോ തള്ളാനോ സാധിക്കൂ. പക്ഷെ, അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികള്‍ നല്‍കിയ ഹര്‍ജികള്‍ കോടതിക്ക് വേഗത്തില്‍ തീര്‍പ്പാക്കാമായിരുന്നുവെന്ന് രമേഷ്‌കുമാര്‍ പറഞ്ഞു.
സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പീക്കര്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജി നാളെ പരിഗണിക്കും. എംഎല്‍എമാരുടെ ഹര്‍ജി പരിഗണിച്ച് ഇന്നലെ വൈകിട്ട് ആറ് മണിക്ക് രാജിക്കത്ത് സ്പീക്കര്‍ക്ക് നേരിട്ട് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.  രാജിക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് സ്പീക്കര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് കോടതിക്കെതിരെ നിയമ മാര്‍ഗത്തിലൂടെ സ്പീക്കറുടെ പ്രതികരണങ്ങളുണ്ടായതും അത് ഹര്‍ജിയായി കോടതിയില്‍ ആവശ്യപ്പെട്ടതും. അതിനിടെ തങ്ങളുടെ മൂന്ന് എംഎല്‍എമാരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജെഡിഎസ് സ്പീക്കര്‍ക്ക് കത്ത് നല്‍കി.

താനാണു നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വേദനിപ്പിക്കുന്നതാണെന്ന് സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ വന്ന് കണ്ട എംഎല്‍എമാരില്‍ പലരും പറഞ്ഞത് ചിലര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് മുംബൈയിലേക്ക് പോയതെന്നാണ്. സഭാനാഥനെന്ന നിലയില്‍ അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചതോടെ ഭൂകമ്പമുണ്ടായ പോലെയായിരുന്നു പെരുമാറ്റമെന്നും സ്പീക്കര്‍ പറഞ്ഞു. സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം ബംഗ്ലുരുവിലെത്തി രാജി നല്‍കിയ എംഎല്‍എമാര്‍ തിരികെ മുംബൈയിലേക്ക് തന്നെ പോയി. രാജിസ്വീകരിക്കുന്ന കാര്യം ചട്ടങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. എംഎല്‍എമാര്‍ക്കൊപ്പം യെദ്യൂരപ്പയും ആറ് ബിജെപി എംഎല്‍എമാരും ഉണ്ടായിരുന്നു. വിമതരെ ഒഴികെ മറ്റാരെയും കാണാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. പ്രധാന കവാടം ഉപേക്ഷിച്ച് മറ്റൊരു കവാടത്തിലൂടെയായിരുന്നു യെദ്യൂരപ്പയും സംഘവും എത്തിയത്. ബലമായി സ്പീക്കറുടെ ചേംബറിലേക്കു കയറാന്‍ ശ്രമിച്ച യെദ്യൂരപ്പയെയും കൂട്ടരെയും പൊലീസ് തടഞ്ഞു. എംഎല്‍എ ഭാരതി ബസവരാജ് പൊലീസുകാര്‍ക്കൊപ്പം സ്പീക്കറുടെ ചേംബറിലേക്ക് ഓടിക്കയറിയത് ആശങ്കയുണ്ടാക്കി.
അതിനിടെ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഏഴ് തവണ എംഎല്‍എയുമായ രാമലിംഗ റെഡ്ഡി പറഞ്ഞു.