കെ കെ ജയേഷ്

കോഴിക്കോട്

December 15, 2020, 8:28 pm

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ വെൽഫെയർ പാർട്ടി സഖ്യത്തെച്ചൊല്ലി കോൺഗ്രസിൽ കലാപം

Janayugom Online

കെ കെ ജയേഷ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തെച്ചൊല്ലി കോൺഗ്രസിൽ കലാപം. സഖ്യകക്ഷികൾ കൊഴിഞ്ഞുപോയ സാഹചര്യത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ വെൽഫെയർ പാർട്ടി സഖ്യം തുടരണമെന്നാഗ്രഹിക്കുന്ന നേതാക്കളാണ്, വെൽഫെയർ ബന്ധത്തെ എതിർക്കുന്ന കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളിക്കൊണ്ട് രംഗത്തുവന്നത്. ജമാ അത്തെ ഇസ്ലാമി മതേതര സംഘടനയാണ് എന്ന പ്രസ്താവന നടത്തിയ കെ മുരളീധരൻ എം പിക്കെതിരെ രംഗത്ത് വന്ന മുല്ലപ്പള്ളി രാമചന്ദ്രനെ തുറന്നെതിർക്കുകയായിരുന്നു കെ സുധാകരൻ എം പി. ജമാ അത്തെ ഇസ്ലാമി മതേതര സംഘടനയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ നയം മാറ്റിയെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. മതേതര നയമാണ് വെൽഫെയർ പാർട്ടി പിന്തുടരുന്നത്. അവരുമായുള്ള നീക്കുപോക്ക് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാൽ പാർട്ടി പ്രവർത്തകർ അനുസരിക്കണം. ഇല്ലെങ്കിൽ നടപടിയെടുക്കുന്നത് സ്വാഭാവികമാണെന്നും മുക്കത്ത് മൂന്നു കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെ മുരളീധരൻ പറഞ്ഞു.

ഇതിന് മറുപടിയായാണ് വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശമാണ് താൻ പറഞ്ഞതെന്നും തനിക്കായി മറ്റൊരു നിലപാടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. ഘടകക്ഷികളുമായല്ലാതെ ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് കോൺഗ്രസ് നേരത്തെ നിർദ്ദേശം കൊടുത്തിരുന്നതാണെന്ന് പറഞ്ഞ മുല്ലപ്പള്ളിവെൽഫെയർ‑യുഡിഎഫ് ബന്ധത്തെ എതിർത്ത മൂന്നു കോൺഗ്രസ് പ്രവർത്തകരെ മുക്കത്ത് പുറത്താക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്കറിയില്ലെന്ന് മറുപടി നൽകി. വിഷയത്തിൽ കെ മുരളീധരനെ പിന്തുണച്ചും മുല്ലപ്പള്ളിയെ തള്ളിയുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. വെൽഫെയർ പാർട്ടിക്ക് ഇന്ന് മതേതര നിലപാടാണ്. ആ നിലപാട് ഉള്ളതുകൊണ്ടാണ് അവർ യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി നിലപാട് ഒരാൾക്ക് ഒറ്റയ്ക്ക് എടുക്കാനാവില്ലെന്നും അത് ചർച്ചയിലൂടെ എടുക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ തന്റേതാണ് അവസാന വാക്കെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളി കൂടി പങ്കെടുത്ത യോഗത്തിലാണ് വെൽഫെയർ പാർടിയുമായി ധാരണയുണ്ടാക്കാൻ തീരുമാനിച്ചതെന്നും താൻ പറയുന്നതാണ് യുഡിഎഫ് നയമെന്നും യുഡിഎഫ് കൺവീനർ എം എം ഹസനും നേരത്തെ വ്യക്തമാക്കിയിരുന്നു.

വർഗീയ സംഘടനയായ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടിയിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്.

വർഗീയ കക്ഷിയുമായുള്ള ബന്ധത്തെ എതിർത്തതിന്റെ പേരിലാണ് മുക്കത്ത് മൂന്നു പ്രവർത്തകരെ ഡിസിസി പുറത്താക്കിയത്. മുക്കം ബ്ലോക്കിലെ കോൺഗ്രസ് പ്രവർത്തകരായ പ്രസാദ് ചെനംതൊടിക, കെ സി മൂസ, എൻ പി ഷംസുദ്ദീൻ എന്നിവരെയാണ് സംഘടനാ വിരുദ്ധപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പാർട്ടിയിൽ നിന്നും ആറു വർഷത്തേക്ക് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്താക്കിയിട്ടുള്ളത്. വർഗീയതയുമായി സന്ധി ചെയ്യുന്ന പ്രവർത്തകരെ പുറത്താക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വർഗീയതയെ എതിർത്തതിന്റെ പേരിൽ പ്രവർത്തകരെ പുറത്താക്കിയ നേതൃത്വത്തിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ വ്യക്തമാക്കുന്നുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശവും കെപിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവനകളും വിശ്വസിച്ച് പ്രവർത്തിച്ച പ്രവർത്തകരെ പുറത്താക്കിയ സംഭവത്തിൽ പാർട്ടിക്കുള്ളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മുക്കം നഗരസഭയിൽ ഉൾപ്പെടെ യുഡിഎഫ്-വെൽഫെയർ പാർട്ടി പരസ്യകൂട്ടുകെട്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബൂത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന കെ സി മൂസ കമ്മിറ്റി പിരിച്ചുവിടുകയും കെപിസിസി പ്രസിഡന്റിന് പ്രതിഷേധമറിയിച്ച് കത്തെഴുതുകയും ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ നടപടിയില്ലാതെ വന്നതോടെ കെ സി മൂസയുടെ നേതൃത്വത്തിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ സഖ്യത്തിൽ വിയോജിപ്പുള്ള ലീഗ്, ആം ആദ്മി പാർട്ടി പ്രവർത്തകരെ ഉൾപ്പെടുത്തി ജനകീയ മുന്നണി രൂപീകരിച്ച് വെൽഫെയർ പാർട്ടി മത്സരിക്കുന്ന സ്ഥലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പ്രസാദ് ചെനംതൊടിക ജനകീയ മുന്നണി സ്ഥാനാർത്ഥിയായിരുന്നു.

കെ സി മൂസ ഇരുപതാം ബൂത്ത് കമ്മിറ്റി പ്രസിഡന്റും എൻ പി ഷംസുദ്ദീൻ മുക്കം മണ്ഡലം പ്രസിഡന്റുമായിരുന്നു. വെൽഫെയർ ബന്ധത്തെ എതിർത്ത മുക്കത്തെ കോൺഗ്രസ് പ്രവർത്തകനോട് നാടുവിടാൻ കൽപ്പിക്കുന്ന ജമാ അത്ത് നേതാവിന്റെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ചിരുന്നു. ചേന്ദമംഗല്ലൂരിൽ വെൽഫെയർ പാർട്ടിയോട് എതിരിടുന്നതുകൊണ്ട് പ്രയോജനമില്ലെന്നും അതിനേക്കാൾ നല്ലത് നാടുവിടുകയാണെന്നുമായിരുന്നു ജമാ അത്തെ ഇസ്ലാമിക്കാരന്റെ കൽപ്പന. ഇത്തരത്തിൽ തീർത്തും അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരും മതരാഷ്ട്രവാദികളുമായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ സഖ്യത്തിലൂടെ അവർക്ക് പൊതു ഇടത്തിൽ സ്വാധീനമുറപ്പിക്കാനുള്ള അവസരമാണ് യുഡിഎഫ് ഒരുക്കിയതെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ കുറ്റപ്പെടുത്തുന്നു.

Eng­lish sum­ma­ry: Con­gress- wel­fare par­ty alliance

You may also like this video: