December 6, 2023 Wednesday

നന്നാവില്ലെന്നുറച്ച് കോണ്‍ഗ്രസ്

Janayugom Webdesk
March 16, 2022 5:00 am

അഞ്ചുസംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മാര്‍ച്ച് പത്തിന് എല്ലാവരും ഉറ്റുനോക്കിയത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്കായിരുന്നു. നാലിടങ്ങളില്‍ അധികാരത്തിലിരുന്ന ബിജെപി അധികാരം നിലനിര്‍ത്തിയപ്പോള്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഏക സംസ്ഥാനമായ പഞ്ചാബും കയ്യില്‍ നിന്ന് പോയി ദയനീയമായി തോറ്റ സാഹചര്യത്തിലായിരുന്നു പ്രസ്തുത ആകാംക്ഷയുണ്ടായത്. ഏകദേശം എല്ലാ സംസ്ഥാനങ്ങളും തനിച്ച് ഭരിച്ചതിന്റെ കുളിരുള്ള ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് ഈ തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞതോടെ പഞ്ചാബിലെ തുരുത്തും നഷ്ടപ്പെട്ട് രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം അധികാരമുള്ള പാര്‍ട്ടിയായി മെലിഞ്ഞുപോയിരിക്കുന്നു കോണ്‍ഗ്രസ്. യുപിയിലെ മുഴുവന്‍ സീറ്റുകളിലും മത്സരിച്ച് ശക്തി തെളിയിക്കാനിറങ്ങിയ കോണ്‍ഗ്രസിന് 399 സീറ്റില്‍ കെട്ടിവച്ച കാശുപോലും നഷ്ടമായി. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങി. എങ്കിലും പഴയ പ്രതാപത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഭാഷ കൈവിടുന്നുമില്ല. കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തെ വിമര്‍ശിച്ച മമതാ ബാനര്‍ജിക്കു ബംഗാള്‍ പിസിസി അധ്യക്ഷന്‍ നല്കിയ മറുപടി അതാണ് സൂചിപ്പിക്കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 700 നിയമസഭാംഗങ്ങളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും 20 ശതമാനം വോട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബംഗാളില്‍ മാത്രം 215 നിയമസഭാംഗങ്ങളുള്ള തൃണമൂല്‍കോണ്‍ഗ്രസിന്റെ നേതാവിനോട് അദ്ദേഹത്തിന്റെ പ്രതികരണമെന്നത് കൗതുകകരമാണ്. ഓരോ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഘട്ടത്തിലും തിരുത്തല്‍ നടത്തി തിരിച്ചുവരുമെന്ന് ധരിക്കുന്ന അതിന്റെ അഭ്യുദയകാംക്ഷികളെ പോലും നിരാശപ്പെടുത്തിയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. അഞ്ച് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനുശേഷം ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലും അതിന്റെ അണികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. സംഘടനാ തെര‍ഞ്ഞെടുപ്പ് വരെ അധ്യക്ഷയായി സോണിയ തന്നെ തുടരണമെന്നും തീരുമാനിച്ചു. വലിയ തമാശ തിരുത്തല്‍ നടപടികള്‍ക്ക് സോണിയയെ തന്നെ ചുമതലപ്പെടുത്തിയെന്നതാണ്. തോല്‍വി പഠിക്കുവാനോ പഠിപ്പിക്കുവാനോ ഉടന്‍തന്നെ ബോധവല്ക്കരണ ശിബിരം നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം; ഈ വിധിയെഴുത്ത് ഒരു വെല്ലുവിളിയാണ്


ആരെ പഠിപ്പിക്കാനാണ്, ആര് പഠിക്കുവാനാണ് എന്ന് അത് കഴിഞ്ഞുമാത്രമേ മനസിലാക്കുവാനാകൂ. സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അത് സെപ്റ്റംബറിലേ നടക്കൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ജൂലൈയില്‍ രാജ്യത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. അതിനും ഇപ്പോഴത്തെ നിലയില്‍ നിലവിലുള്ള നേതൃത്വം തന്നെ തുടരുമെന്നര്‍ത്ഥം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിയെ തോല്പിക്കുകയെന്നതാണ് രാജ്യത്തെ സ്നേഹിക്കുന്ന പ്രസ്ഥാനങ്ങളുടെ മുന്നിലുണ്ടാകേണ്ട പ്രാഥമിക പരിഗണന. അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലെയും ബിജെപി വിജയം എല്ലാവരെയും ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ്. എങ്കിലും വരാനിരിക്കുന്നത് തോല്ക്കുന്ന തെരഞ്ഞെടുപ്പുകളായിരിക്കുമെന്ന് എഴുതിത്തള്ളാവുന്ന സാഹചര്യം ഇപ്പോഴില്ല. ഇടതു — മതേതര പാര്‍ട്ടികളും പ്രാദേശിക കക്ഷികളും പൊതുധാരണയോടെ നിന്നാല്‍ ബിജെപിയെ തോല്പിക്കുക അസാധ്യവുമല്ല. രാജ്യത്തിന്റെ ഭരണഘടന, മതേതരത്വം, ഫെഡറല്‍ സംവിധാനം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിക്കെതിരായി പൊതു ഐക്യമുന്നണി കെട്ടിപ്പടുക്കപ്പെടണം. അങ്ങനെയൊരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് അതിന് അനുകൂലമായ സമീപനങ്ങള്‍ ഉണ്ടാവുന്നില്ലെന്നതാണ് വസ്തുത. വലിയ ആള്‍ക്കൂട്ടം അടിത്തറയായി ഉണ്ടായിരുന്നപ്പോഴും അങ്ങനെയല്ലാത്ത ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളില്ലെന്നത് കോണ്‍ഗ്രസിന്റെ വലിയ പോരായ്മയാണ്. അതുകൊണ്ടാണ് ആ പാര്‍ട്ടി തോറ്റുകൊണ്ടേയിരിക്കുന്നത്. കുറച്ചെങ്കിലും പ്രവര്‍ത്തിച്ചു പരിചയമുള്ളവരെ നേതൃത്വത്തിലെത്തിച്ചും വ്യക്തിനിഷ്ഠ — ഗ്രൂപ്പു താല്പര്യങ്ങള്‍ ഉപേക്ഷിച്ചും പൂര്‍വകാല രാഷ്ട്രീയ നയസമീപനങ്ങളിലേക്ക് ചുവടുമാറ്റുവാന്‍ തയാറാകുന്നില്ലെങ്കില്‍ നൂറ്റാണ്ട് പഴക്കമുള്ള കോണ്‍ഗ്രസിന് അന്ത്യ കൂദാശ നടത്തിയത് നെഹ്റു കുടുംബത്തിലെ ഇപ്പോഴത്തെ തായ്‌വഴിക്കാരാണെന്ന് ചരിത്രം അടയാളപ്പെടുത്തും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അടിമുടി മാറുവാന്‍ കോണ്‍ഗ്രസ് തയാറായേ മതിയാകൂ. പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെപോലുള്ളവര്‍ മൂന്ന് ഗാന്ധിമാര്‍ നേതൃത്വം ഒഴിയാതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ പ്രവര്‍ത്തക സമിതി സോണിയയിലും മക്കളിലും വിശ്വാസം രേഖപ്പെടുത്തി പിരിയുകയാണ് ചെയ്തത്. ബിജെപിയെ തോല്‍പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പൊതുമുന്നേറ്റത്തില്‍ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും പങ്ക് വഹിക്കുവാനുണ്ട്. അത് രാജ്യത്തോടും തങ്ങളുടെ തന്നെ പൂര്‍വികരോടുമുള്ള കടമയായി കണ്ട് നിര്‍വഹിക്കുവാന്‍ സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കുവാന്‍പോലും സാധിക്കാത്ത വിധം നന്നാകുകയേ ഇല്ലെന്നുറച്ച് മുന്നോട്ടുപോകകയാണ് കോണ്‍ഗ്രസ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.