പുളിക്കല്‍ സനില്‍രാഘവന്‍

July 19, 2021, 12:02 pm

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്, ലോക്ഡൗണ്‍; നിലപാടുകളില്ലാതെ കോണ്‍ഗ്രസ്

Janayugom Online

ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ ആർക്കും ആശങ്ക വേണ്ടെന്നും കിട്ടുന്ന ആനുകൂല്യത്തിൽ ഒരു കുറവും വരില്ലെന്നും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു കഴിഞ്ഞിട്ടും ഇതിന്‍റെ പേരില്‍ നാട്ടില്‍ കലാപം ഉണ്ടാക്കുവാന്‍ മുസ്ലീം ലീഗ് ശ്രമിക്കുമ്പോള്‍ അവര്‍ക്ക് കുട പിടിക്കുന്ന കോണ്‍ഗ്രസും ഒറ്റപ്പെടുകയാണ്.ന്യൂനപക്ഷ സ്‌കോളർഷിപ്പിലും ലോക്ക്ഡൗൺ ഇളവിലും കൃത്യമായ നിലപാടില്ലാതെ കോൺഗ്രസ്‌ നേതൃത്വം. ഉഴലുന്നകാഴ്ചയാണ് കേരളീയ സമൂഹം കണ്ടുകൊണ്ടിരിക്കുന്നത്. 

സ്‌കോളർഷിപ്പിൽ ‌ഹൈക്കോടതി വിധിയെത്തുടർന്ന്‌ ഏവർക്കും സ്വീകാര്യമായ തീരുമാനമാണ്‌ സംസ്ഥാന‌ സർക്കാർ എടുത്തത്‌. ഇത് ആദ്യം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പിന്നീട്‌ മുസ്ലിംലീഗിന്‌ വഴങ്ങി പറഞ്ഞത് വിഴുങ്ങേണ്ടി വന്നത്. ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടു മടക്കുന്ന കാഴ്ചയാണ്.ജനതാൽപ്പര്യം മുൻനിർത്തിയും രോഗം പടരാതിരിക്കാനുള്ള മുൻകരുതലെടുത്തും സർക്കാർ നൽകിയ ലോക്ക്ഡൗൺ ഇളവിലും കോൺഗ്രസിന്‌ കൃത്യമായ നിലപാടില്ല. ‘എല്ലാം തുറക്കൂ’ എന്ന്‌ സംസ്ഥാന നേതാക്കൾ മുറവിളി കൂട്ടിയപ്പോൾ ‘ഒന്നും തുറക്കണ്ട’ എന്നാണ്‌ അഖിലേന്ത്യാ നേതൃത്വം പറയുന്നത്‌. കേരളത്തിൽ മൂന്നു ദിവസത്തെ ഇളവ്‌ നൽകിയത്‌ പരിതാപകരമാണെന്നാണ്‌ കോൺഗ്രസ്‌ ദേശീയ വക്താവ്‌ മനു അഭിഷേക്‌ സിങ്‌വി പറഞ്ഞത്‌. ഉത്തരേന്ത്യയിലെ കാവടിയാത്ര തെറ്റാണെങ്കിൽ ബക്രീദ്‌ ആഘോഷത്തിനുള്ള ഇളവും ശരിയല്ലെന്ന്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്തു. 

കടകൾ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം ശരിയാണെന്നും അവരെ ആത്മഹത്യയിലേക്ക്‌ തള്ളിവിടരുതെന്നും വാദിച്ച കെ സുധാകരനെയും വി ഡി സതീശനെയും തള്ളിയുള്ള സിങ്‌വിയുടെ നിലപാടും കോൺഗ്രസിനെ വെട്ടിലാക്കി.ന്യൂനപക്ഷ സ്‌കോളർഷിപ്‌ നിലപാടിൽ രാഷ്ട്രീയമുതലെടുപ്പ്‌ നടത്താനുള്ള ലീഗ് നീക്കത്തിന്‌ മുതിർന്ന ചില കോൺഗ്രസ്‌ നേതാക്കളുടെ പിന്തുണയുമുണ്ട്‌. സതീശനെയാണ്‌ അവർ ഉന്നംവയ്‌ക്കുന്നത്‌.സ്വന്തം തട്ടകങ്ങളിൽപ്പോലും അടിത്തറയിളകിയ സാഹചര്യത്തിലാണ്‌ പച്ചനുണ പറഞ്ഞും പഴയ നിലപാടുകൾ വിഴുങ്ങിയും ലീഗ്‌ വർഗീയചേരിതിരിവിന്‌ ശ്രമിക്കുന്നത്‌. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്കുൾപ്പെടെ ഈ കള്ളക്കളി മനസ്സിലായിട്ടുണ്ട്. നിലപാടില്ലായ്മ കോൺഗ്രസ് നേതൃത്വത്തെ നാണക്കേടിലാക്കി.ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ കോൺഗ്രസും മുസ്ലിംലീഗും നേർക്കുനേർ ഏറ്റുമുട്ടിയതോടെ ‌യുഡിഎഫിലെ ഭിന്നതയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. 

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും മുസ്ലിംലീഗ്‌ നേതാക്കളുമാണ്‌‌ തർക്കം തുടങ്ങിയത്‌. ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്‌ പുനഃക്രമീകരിച്ചതിലൂടെ മുസ്ലിം സമുദായത്തിന്‌ ഒരാനുകൂല്യവും നഷ്ടമായില്ലെന്ന സതീശന്റ വാദം പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്‌ ബഷീറും ചോദ്യം ചെയ്‌തു. ലീഗ്‌ നിലപാട്‌ കടുപ്പിച്ചതോടെ ഒന്നരമണിക്കൂറിനുശേഷം സതീശൻ മലക്കംമറിഞ്ഞു. മുസ്ലിം സമുദായത്തിനുമാത്രമായുള്ള ഒരു പദ്ധതി നഷ്ടമായെന്നാണ്‌ താൻ ഉദ്ദേശിച്ചതെന്നും തന്റെ അഭിപ്രായം മനസ്സിലാക്കാതെയാണ്‌ ലീഗ്‌ പ്രതികരണമെന്നുമായി സതീശൻ.സർക്കാരിനെതിരെ തിരിഞ്ഞവർ പരസ്‌പരം പൊരുതുന്ന കാഴ്‌ചയാണ്‌ യുഡിഎഫിൽ. പ്രതിപക്ഷ നേതാവിന്റെ വാദം തള്ളി ലീഗ്‌ ആഞ്ഞടിച്ചിട്ടും കോൺഗ്രസ്‌ നേതൃത്വം മൗനം തുടർന്നു. സ്‌കോളർഷിപ്‌ പ്രശ്‌നത്തിൽ കരുതലോടെ നീങ്ങാനുള്ള യുഡിഎഫ്‌ നേതൃത്വത്തിന്റെ ധാരണയാണ്‌ പൊളിഞ്ഞത്‌. ലീഗിന്റെ പരാതി യുഡിഎഫ്‌ പരിഗണിക്കുമെന്ന്‌ സതീശൻ പറഞ്ഞിട്ടുണ്ടെങ്കിലും കോൺഗ്രസും ലീഗും രണ്ട്‌ ധ്രുവത്തിലാണെന്ന്‌ വ്യക്തമായി. സതീശനാണ്‌ ശനിയാഴ്‌ച തർക്കത്തിന്‌ തുടക്കമിട്ടത്‌. സ്‌കോളർഷിപ്‌ അനുപാതം മാറ്റിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. 

യുഡിഎഫ്‌ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഭൂരിപക്ഷവും സർക്കാർ അംഗീകരിച്ചെന്നും തങ്ങൾ ഒറ്റക്കെട്ടായാണ്‌ നിലപാട്‌ എടുത്തതെന്നും സതീശൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചശേഷമാണ്‌ നിലപാട്‌ എടുത്തതെന്നും പ്രതിപക്ഷ നേതാവ്‌ തുറന്നുപറഞ്ഞു. ഇതോടെ മുസ്ലിംലീഗ്‌ നേതൃത്വം വെട്ടിലായി. സ്‌കോളർഷിപ്‌ പ്രശ്‌നം സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനുള്ള ലീഗ്‌ നീക്കത്തിന്‌ തിരിച്ചടിയായി.സതീശന്റെ നിലപാട്‌ ചോദ്യംചെയ്‌ത്‌ ലീഗ് നേതാവ് ഇ ടി മുഹമ്മദ്‌ ബഷീറാണ്‌ ആദ്യം രംഗത്തുവന്നത്‌. സതീശൻ പറഞ്ഞത്‌ ശരിയല്ലെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ടു. പിറകെ പി കെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ്‌ നേതാക്കൾ കൂട്ടത്തോടെ രംഗത്തിറങ്ങി. ലീഗ്‌ നേതാക്കളും പ്രതിപക്ഷ നേതാവും മുഖാമുഖം നിരന്നതോടെ പ്രതിസന്ധി കടുത്തു. വിഷയത്തിൽ കഴിഞ്ഞ ദിവസം ഒരുമിച്ച കോൺഗ്രസും മുസ്ലിംലീഗും ഇപ്പോൾ പരസ്‌പരം പോരിനിറങ്ങിയിരിക്കുകയാണ്‌.ന്യൂനപക്ഷ സ്‌കോളർഷിപ്പ്‌ വിഷയത്തിൽ കോൺഗ്രസും കൈവിടുന്നതായി മുസ്ലിം ലീഗിന്‌ ആശങ്ക. തിരുത്തലാവശ്യപ്പെട്ട്‌ ലീഗ്‌ നേതൃത്വം കോൺഗ്രസിനുമേൽ കനത്ത സമ്മർദവും തുടങ്ങി. ‌

സർക്കാർ തീരുമാനത്തെ സ്വാഗതംചെയ്‌ത പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ മണിക്കൂറുകൾക്കകം മലക്കം മറിഞ്ഞത്‌ ഈ ഇടപെടലിലാണെന്നാണ്‌ സൂചന. എന്നാൽ ലീഗ്‌ നിലപാട്‌ അംഗീകരിക്കാൻ ഭൂരിപക്ഷം കോൺഗ്രസ്‌ നേതാക്കളും തയ്യാറല്ല. ന്യൂനപക്ഷ സ്‌കോളർഷിപ്പ്‌ അനുപാതം കുറക്കാൻ ഉമ്മൻചാണ്ടി ഭരണത്തിൽ ശ്രമിച്ച വിവരം ഇപ്പോള്‍ പുറത്തായിരിക്കുന്നു. ‌. 80:20 എന്നത്‌ 60:40 ആക്കാനാണ്‌ ന്യൂനപക്ഷ കമീഷൻ തീരുമാനിച്ച്‌ സർക്കാരിനോട്‌ ശുപാർശ ചെയ്‌തത്‌. കോൺഗ്രസ്‌ നേതാവ്‌ അഡ്വ. എം വീരാൻകുട്ടി ചെയർമാനും മുസ്ലിംലീഗ്‌ നേതാവ്‌ അഡ്വ. കെ പി മറിയുമ്മ, ഉള്‍പ്പെടെയുള്ള സംസ്ഥാന ന്യൂനപക്ഷ കമീഷനാണ്‌ മുസ്ലിം സ്‌കോളർഷിപ്പ്‌ അനുപാതം കുറക്കാൻ ശുപാർശ നൽകിയത്‌. ഹൈക്കോടതി വിധിയുടെ പേരിൽ എൽഡിഎഫ്‌ സർക്കാർ ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ്‌ നിശ്ചയിച്ചതിനെ എതിർക്കുന്ന മുസ്ലിംലീഗിന്റെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും കാപട്യം വ്യക്തമാക്കുന്നതാണീ ശുപാർശ. നിലവിലുള്ള നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും 80:20 മാറ്റി 60:40 എന്ന ജനസംഖ്യാനുപാതം നടപ്പാക്കണമെന്നായിരുന്നു കമീഷൻ നിർദേശം. 

ക്രിസ്‌ത്യൻ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള വിശദമായ പഠന റിപ്പോർട്ടും കമീഷൻ ശുപാർശയും എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം 2016 ജൂൺ എട്ടിനായിരുന്നു സർക്കാരിന്‌ സമർപ്പിച്ചത്‌. ന്യൂനപക്ഷ സ്‌കോളർഷിപ്പ്‌ ജനസംഖ്യാനുപാതികമായി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ മുസ്ലിംലീഗ്‌ പാർലമെന്ററി പാർടി 2021 ജൂൺ മൂന്നിന്‌ മുഖ്യമന്ത്രിക്ക്‌ അയച്ച കത്തും പുറത്തുവന്നിരുന്നു.2014‑ൽ യുഡിഎഫ്‌ ഭരണത്തിലാണ്‌ കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ നിയമം(കേരള സ്‌റ്റേറ്റ്‌ കമീഷൻ ഫോർ മൈനോറിറ്റീസ്‌ നിയമം–-2014) കൊണ്ടുവന്നത്‌. ജനസംഖ്യാനുപാതം ശുപാർശ ചെയ്യുന്ന നിയമം പാസാക്കുമ്പോൾ പി കെ കുഞ്ഞാലിക്കുട്ടിയടക്കം അഞ്ച്‌ മുസ്ലിംലീഗ്‌ മന്ത്രിമാരായിരുന്നു ഭരണത്തിൽ. ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ വിവിധ തൊഴിൽ–-സാമൂഹിക–-വികസന പദ്ധതികളിൽ ജനസംഖ്യ അനുപാതത്തിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നാണ്‌ നിയമത്തിലെ വ്യവസ്ഥ. നിയമത്തിന്റെ മൂന്നാം അധ്യായത്തിൽ 9 കെ വകുപ്പിലാണീ വ്യവസ്ഥ. കഴിഞ്ഞ ദിവസം 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ ഈ വകുപ്പ്‌ എടുത്തുപറഞ്ഞിട്ടുണ്ട്‌. ഇതെല്ലാം മറച്ചുവെച്ചാണ്‌ ലീഗും കോൺഗ്രസിലെ ചെറുവിഭാഗവും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം വർഗീയവൽക്കരിക്കുന്നത്‌.

eng­lish summary:Congress with­out minor­i­ty schol­ar­ship and lock­down stance
you may also like this video