Web Desk

കല്‍പ്പറ്റ

March 01, 2021, 11:47 am

കല്‍പ്പറ്റ സീറ്റിനായി കോണ്‍ഗ്രസില്‍ കടിപിടി; മുല്ലപ്പള്ളിക്കും,സിദ്ധീഖിനുമെതിരെ പ്രവര്‍ത്തകര്‍

Janayugom Online

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച കേരള യാത്ര സമാപിക്കുകയും, കോണ്‍ഗ്രസിന്‍റെയും , യുഡിഎഫിന്‍റെയും സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് വീണ്ടും ശക്മതമാകുന്നു. പല സ്ഥലത്തും നേതൃത്വത്തെ വെല്ലുവിളിച്ച് ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായിരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് രൂപീകരിച്ച് സമിതിയുടെ ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചപ്പോള്‍ മുതല്‍ ഐ ഗ്രൂപ്പുകാര്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. പരസ്യമായി അവര്‍ പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം .

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട് ഉള്‍പ്പെടുന്ന കല്‍പ്പറ്റയില്‍ കോണ്‍ഗ്രസില്‍ സീറ്റിനെ ചൊല്ലി നിരവധി പേരാണ് രംഗത്തുളളത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യംമുതല്‍ സീറ്റിനായി ചരടുവലിക്കുന്നുണ്ട്. കോഴിക്കോട് ജില്ലിയിലെ കൊയിലാണ്ടിയില്‍ പരാജയപ്പെടാനുള്ള സാഹചര്യമുള്ളതിനാലാണ് മറ്റ് മണ്ഡലങ്ങള്‍ മുല്ലപ്പള്ളി നോക്കുന്നത്. എന്നാല്‍ അദ്ദേഹത്തിനെ വേണ്ടെന്ന നിലപാടിലാണ് വയനാട്ടിലേയും,കല്‍പ്പറ്റയിലേയും കോണ്‍ഗ്രസുകാര്‍. വടകര സിറ്റിംഗ് ലോക്സഭാ സീറ്റില്‍ മത്സിരിക്കാതെ മാറി നിന്നത് മുല്ലപ്പള്ളി കെ പി സിസി പ്രസിഡന്‍റ് ആയതിനാലാണ്.

പാര്‍ട്ടി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടും അദ്ദേഹം മത്സരിച്ചില്ല. പിന്നീടാണ് കെ. മുരളീധരന് നറുക്ക് വീണത്. എന്നാല്‍ അന്നും പരാജയപ്പെടാന്‍ ഇടയുള്ളതിനാലാണ് മുല്ലപ്പള്ളി മാറി നിന്നത്. ഇപ്പൊഴും കെപിസിസി പ്രസിഡന്‍റാണ്. പിന്നെയെന്തിനാണ് മത്സരിക്കന്‍ തയ്യാറായി വരുന്നതെന്ന ചോദ്യം ശക്തമാകുന്നു. കൽപ്പറ്റ ലക്ഷ്യമിടുന്ന  മറ്റൊരു നേതാവാണ് കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ധിഖ്. അദ്ദേഹത്തിനേയും എതിര്‍ത്ത് നിരവധി പേര്‍രംഗത്തുണണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ്‌ നേതാക്കൾ കൽപ്പറ്റയിൽ രഹസ്യയോഗം ചേർന്നു. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ ജില്ലയ്‌ക്ക്‌ പുറത്തുനിന്നുള്ളവരെ അംഗീകരിക്കേണ്ടെന്ന്‌ തീരുമാനിച്ചു.

മുൻ ഡിസിസി പ്രസിഡന്റ്‌ പി വി ബാലചന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന നിർദേശമാണ്‌ ഐ ഗ്രൂപ്പ്‌ മുന്നോട്ട്‌ വെക്കുന്നത്‌.  ജില്ലയിലുള്ളവരുടെ വികാരം മാനിക്കാതെ സ്ഥാനാർഥിയെ കെട്ടിയിറക്കിയാൽ കൂട്ടരാജിക്കുള്ള പദ്ധതിയുമുണ്ട്‌. ഐ ഗ്രൂപ്പ്‌ നീക്കത്തിൽ എ ഗ്രൂപ്പ്‌ അങ്കലാപ്പിലായി. എ ഗ്രൂപ്പ്‌ നേതാക്കളായ എൻ ഡി അപ്പച്ചനും കെ സി റോസക്കുട്ടിയും സീറ്റ്‌ മോഹിക്കുന്നവരാണ്‌. സീറ്റ്‌ ലക്ഷ്യമിട്ട്‌  അപ്പച്ചൻ നടത്തിയ നീക്കമായിരുന്നു രാഹുലിന്റെ ട്രാക്ടർ റാലി. ഇതിന്റെ സംഘാടനത്തിൽ പ്രധാനിയും അപ്പച്ചനായിരുന്നു.  ഐ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ നില പരുങ്ങലിലായി. നേതാക്കളും പ്രവർത്തകരും പാർട്ടി വിടുന്നതിന്‌  മറുപടി  പറയേണ്ടിവരും. ബത്തേരി മണ്ഡലത്തിൽ മൂന്നാമതും മത്സരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്‌ ബാലകൃഷ്‌ണൻ. ഇതിനെതിരെ മുതിർന്ന നേതാക്കൾതന്നെ രംഗത്തുണ്ട്‌.

കെപിസിസിക്ക്‌ പരാതിയും നൽകി‌. സമുദായ സമവാക്യങ്ങൾ ഉയർത്തിയും കോൺഗ്രസ്‌ നേതാക്കൾ ബത്തേരിയിൽ ബാലകൃഷണനെതിരെയുണ്ട്‌. ഇതിനിടെ ഡിസിസി ജനറൽ സെക്രട്ടറിയും ഐഎന്‍റ്റിയുസി നേതാവുമായ പി കെ അനിൽകാമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് എല്‍ഡിഎഫ് ഘടക കക്ഷിയായ എല്‍ജെഡിയില്‍ എത്തിയിരിക്കുന്നു. അനിൽകുമാറിന്‌ പിന്നാലെ മറ്റുചില നേതാക്കളും വരുംദിവസങ്ങളിൽ കോൺഗ്രസ്‌ വിടും. അടിത്തട്ടിലുള്ള ധാരാളം പ്രവർത്തകർ തന്നോടൊപ്പം വരുമെന്ന്‌ അനിൽകുമാറും പ്രഖ്യാപിച്ചിട്ടുണ്ട്‌. കൂടുതൽ നേതാക്കളും പ്രവർത്തകരും പാർടി വിടുമെന്ന്‌ ഉറപ്പായതോടെ നേതൃത്വം അങ്കലാപ്പിലാണ്‌.

ENGLISH SUMMARY: con­gress work­ers against mul­lap­pal­ly and siddhique

YOU MAY ALSO LIKE THIS VIDEO