26 March 2024, Tuesday

Related news

March 26, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 24, 2024
March 24, 2024
March 23, 2024

സ്വയം കളഞ്ഞു കുളിക്കുന്ന കോണ്‍ഗ്രസ്

Janayugom Webdesk
April 11, 2023 5:00 am

രാജ്യത്തിന്റെ നിലവിലുള്ള സാഹചര്യത്തില്‍ അനിവാര്യമായ പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്കാണ് എല്ലാ പാര്‍ട്ടികളും മുഖ്യപരിഗണന നല്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭരണപക്ഷത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനുമെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായ നിലപാടാണ് സ്വീകരിച്ചത്. വിവിധ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ സുപ്രീം കോടതിയില്‍ 14 പ്രതിപക്ഷ കക്ഷികള്‍ ഹര്‍ജി നല്കിയതും യോജിപ്പിന്റെ പ്രകടിത രൂപമായിരുന്നു. ബിജെപി ഇതര സര്‍ക്കാരുകള്‍ക്കും നേതാക്കള്‍ക്കുമെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടികളും വേട്ടയാലുകളും തുടരുന്ന സാഹചര്യത്തിലായിരുന്നു അത്തരമൊരു ഹര്‍ജി നല്കിയത്. എന്നാല്‍ സുപ്രീം കോടതി പരിഗണിക്കാതിരുന്ന സാഹചര്യത്തില്‍ അത് പിന്‍വലിക്കുകയായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന ആവശ്യം ഒറ്റക്കെട്ടായി ഉന്നയിച്ച് സഭാസമ്മേളനം അവസാനിക്കുന്നതുവരെ കേന്ദ്രത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷം മുന്നോട്ടുകൊണ്ടുപോയി.

ഇതൊക്കെയാണ് സാഹചര്യമെങ്കിലും രാജ്യത്തിന്റെ സമകാലിക സാഹചര്യത്തില്‍ പ്രതിപക്ഷത്തെയെന്നല്ല സ്വന്തം പാര്‍ട്ടിയെ പോലും ഒരുമിപ്പിച്ച് കൊണ്ടുപോകാനാകുന്നില്ലെന്നാണ് കോണ്‍ഗ്രസ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളും പ്രധാന പ്രവര്‍ത്തകരും അതിന്റെ കൂടെ പാഴ്‌വ്യക്തിത്വങ്ങളും പുറത്തുപോകുന്നുവെന്നത് പുതിയ കാര്യമല്ല. അങ്ങനെ പോയവരില്‍ പലരുടെയും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നതും വിഷയമല്ല. കോണ്‍ഗ്രസ് നേരത്തെ രാജ്യത്ത് അവതരിപ്പിച്ച ആയാറാം ഗയാറാം രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാണ് ബിജെപി നടപ്പിലാക്കുന്നത്. അതുകൊണ്ട് ബിജെപിക്കോ അത്തരം കാലുമാറ്റക്കാര്‍ക്കോ താല്ക്കാലിക നേട്ടമേ ഉണ്ടാകൂ എന്നതും വസ്തുതയാണ്. പക്ഷേ ചെറിയ സാധ്യതകളെങ്കിലും ഉപയോഗിക്കുന്നതിലും നിലനിര്‍ത്തുന്നതിലും കോണ്‍ഗ്രസ് വലിയ പരാജയമാണെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലും കോണ്‍ഗ്രസ് ഭരണം നിലവിലുള്ള രാജസ്ഥാനിലും ഈ സങ്കീര്‍ണമായ ഘട്ടത്തിലും തമ്മിലടിക്കുന്നതു കാണുമ്പോള്‍ സ്വയം കളഞ്ഞു കുളിക്കുന്ന കോണ്‍ഗ്രസിനെ കുറിച്ച് പരിതാപകരം എന്നല്ലാതെ മറ്റെന്താണ് പറയുക. കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഭരണ കക്ഷിയായ ബിജെപിയെക്കാള്‍ മുന്നിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചുവെങ്കിലും നേതാക്കള്‍ തമ്മിലുള്ള പരസ്യപ്പോരും ഉറച്ച മണ്ഡലത്തിനായുള്ള പിടിവലികളും നേരിയ വിജയസാധ്യതയെ പോലും ബാധിക്കുന്ന വിധത്തിലാണ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കപ്പെട്ട സിദ്ധരാമയ്യയും തമ്മിലാണ് പ്രധാന പോര്.


ഇതുകൂടി വായിക്കൂ: ഇനിയും പഠിച്ചില്ലെങ്കില്‍…


കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് മത്സരരംഗത്തുവരുന്നതിനുള്ള ശ്രമങ്ങള്‍ ശിവകുമാര്‍ നടത്തുമ്പോള്‍ അത് തടയുന്നതിനുള്ള നീക്കങ്ങള്‍ രാമയ്യയും നടത്തുന്നു. സംസ്ഥാനത്ത് പല മേഖലകളിലും സ്വാധീനമുള്ള ജനതാദള്‍ തനിച്ച് മത്സരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും അവരുമായി സംസാരിച്ച് വിട്ടുവീഴ്ചകള്‍ നടത്തി ധാരണയുണ്ടാക്കുന്നതിനുള്ള ഒരു ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതുമില്ല. ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് അത്തരമൊരു ശ്രമം ഉണ്ടായില്ലെന്നു മാത്രമല്ല സ്വന്തം പാളയത്തില്‍ തന്നെ പട സൃഷ്ടിച്ചും പരസ്പരം പോരടിച്ചും നേതാക്കള്‍ തന്നെ കൂറുമാറുമെന്ന് പ്രഖ്യാപിച്ചും സ്വയം കുഴിതോണ്ടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 2018ല്‍ ജയിച്ചതു മുതല്‍ പരസ്പരം പോരടിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ആദ്യം മുഖ്യമന്ത്രി പദത്തിനുവേണ്ടിയായിരുന്നു തര്‍ക്കം. അശോക് ഗെലോട്ട് മുഖ്യമന്ത്രിയും സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയുമായി താല്ക്കാലിക പരിഹാരമുണ്ടായി. എന്നാല്‍ ഇരുവരും തമ്മിലും അനുയായികള്‍ തമ്മിലും പരസ്പരപ്പോര് അവസാനമില്ലാതെ തുടര്‍ന്നു. ഉപമുഖ്യമന്ത്രി പദം ഉപേക്ഷിച്ചും ഗെലോട്ടിനെതിരെ രംഗത്തെത്തിയും പൈലറ്റ് സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ നിരന്തരം പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എങ്കിലും തട്ടിമുട്ടി തകരാതെ പോകാന്‍ സംസ്ഥാന ഭരണത്തിനായി.

ഒരു കാര്യത്തില്‍ ആശ്വസിക്കാം, മറ്റ് പലയിടങ്ങളിലുമെന്നതുപോലെ പൈലറ്റ് ബിജെപിയെ തേടിപ്പോയില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്ക്കേ പൈലറ്റ് വീണ്ടും സംസ്ഥാന കോണ്‍ഗ്രസിനും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുവാനുള്ള ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ വസുന്ധരെ രാജെയ്ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ നടപടിയെടുക്കുവാന്‍ തയ്യാറാകാത്ത ഗെലോട്ടിനെതിരെയാണ് പൈലറ്റ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധസൂചകമായി അദ്ദേഹം പരസ്യ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണകക്ഷിയില്‍ ഇതുപോലെ ഭിന്നതയുണ്ടാകുമ്പോള്‍ അത് ജനങ്ങളിലെ വിശ്വാസം നഷ്ടപ്പെടുന്നതിനിടയാക്കുമെന്നതില്‍ സംശയമില്ല. ഈ വിധത്തില്‍ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാത്ത നേതാക്കളാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.