മോഡിയെ സ്തുതിക്കുന്ന കോണ്‍ഗ്രസുകാര്‍ മോഡി മാനിയ പിടിപെട്ട ശശിതരൂര്‍

Web Desk
Posted on August 29, 2019, 10:02 pm

‘ഇനി വരാനുള്ള
തായമ്പകക്കാരന്റെ
നെടുവീര്‍പ്പിനൊത്ത് ലയം
വിരിക്കും’
ഇനി വരാനുള്ള
വരള്‍ച്ചകള്‍ക്കൊക്കെയെന്‍
ചൂടുനോവ്
തോര്‍ത്തിയതായിരിക്കും
ഇനി വരാനുള്ള തുറിച്ച
സത്യങ്ങളെന്‍
ഹൃദയതാളത്തില്‍ തരിച്ചിരിക്കും
ഇനി വരാനുള്ള നശിച്ച
നാട്ട്യങ്ങളെന്‍
നിറമിഴികള്‍ കണ്ട് തിരിച്ചുപോകും
ഇനി ഹബീബില്ലാത്ത രാവുകള്‍
പകലുകള്‍
ഇനി ഹബീബില്ലാ ജനുവരികള്‍
ഇനി ഹബീബില്ലാത്ത
സായാഹ്ന യാത്രകള്‍
ഇനി ഹബീബില്ലാ ഡിസംബറുകള്‍
‘ഹബീബിന്റെ ദിനക്കുറിപ്പില്‍’ എന്ന കവിതയില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ഈവിധം കുറിച്ചുവച്ചു. അക്ഷരാര്‍ഥത്തില്‍ ഈ കവിത അന്വര്‍ഥവും വര്‍ത്തമാനകാലത്ത് അനശ്വരവുമാണ്.
പെട്ടെന്നൊരുനാള്‍ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥ പദവിയില്‍ നിന്ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായ ശശി തരൂരിനെ പോലെയുള്ള അഭിനവ കപടനേതാക്കള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കേണ്ട കവിതാ ശകലമാണിത്. ‘ഞാനെങ്ങനെ ഞാനായെന്ന് കടമ്മനിട്ട എഴുതിയതുകൂടി ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍മ്മിക്കണം. ശശിയും അത് ഓര്‍മ്മിക്കേണ്ടതാണ്.’
മോഡിയെ പുകഴ്ത്തുന്നതിലും വാഴ്ത്തുപാട്ടുകള്‍ രചിക്കുന്നതിലും എത്രമേല്‍ വ്യഗ്രതയായിരുന്നു കോണ്‍ഗ്രസിനും യുഡിഎഫ് ഘടകക്ഷികള്‍ക്കും എന്നത് ആശ്ചര്യകരമാണ്. മോഡി നവീന വിപ്ലവകാരിയാണെന്നാണ് ശശി തരൂരിന്റെ വാദം. ജയറാം രമേശും മനു അഭിഷേക് സിംഘ്‌വിയും ആ വാദത്തെ ഏറ്റുപിടിച്ചു. വംശഹത്യാ പരീക്ഷണം 2002ല്‍ ഗുജറാത്തില്‍ നടത്തിയ മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി. ഏതൊരാഘാതത്തിനും പ്രത്യാഘാതം ഉണ്ടെന്നു പറഞ്ഞ് വംശഹത്യാപരീക്ഷണത്തെ ന്യായീകരിച്ച നേതാവായിരുന്നു നരേന്ദ്രമോഡി. ഇരു കൈകളും ഉയര്‍ത്തി നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും വ്യാജ ഏറ്റുമുട്ടലുകളെ ന്യായീകരിക്കുകയും ചെയ്ത നേതാവായിരുന്നു അമിത് ഷാ.
അവരെ പിന്തുണയ്ക്കുന്ന ശശി തരൂരിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരനും നിലവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇടഞ്ഞതോടെ ശശി തരൂര്‍ പ്രതിരോധ വലയത്തിലായി. പക്ഷെ, മാലീ ദ്വീപില്‍ നിന്നും അദ്ദേഹം മുല്ലപ്പള്ളിയെയും മുരളീധരനെയും നവമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തു.
പളനിയപ്പന്‍ ചിദംബരത്തിന്റെ മതില്‍ ചാടിക്കടന്ന് നാടകീയമായി അറസ്റ്റ് ചെയ്ത സിബിഐ സംഘത്തെ ഭയപ്പെടുകയാണ് ശശി തരൂരും ജയറാം രമേശും മനു അഭിഷേക് സിംഘ്‌വിയും. സുനന്ദാ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹതയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പതിനഞ്ച് മുറിവുകളും ശശി തരൂരിനെ ഭയപ്പെടുത്തുന്നുണ്ട്. ശശി തരൂര്‍ അകത്തായാല്‍ എന്തുചെയ്യുമെന്ന ഭീതി അയാളെ അലട്ടുന്നുണ്ട്. മോഡിയെ സ്തുതിച്ച് രക്ഷപ്പെടുകതന്നെ മാര്‍ഗം. ശശി തരൂരിന് അത് മാത്രമേയുള്ളു ഏക മാര്‍ഗം.
ശശി തരൂര്‍ ബിജെപിയില്‍ ചേരുമോ എന്നതാണ് പ്രസക്തമായ ചോദ്യം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചാകര ഒഴുക്ക് നടക്കുന്ന കാലമായതുകൊണ്ട് ശശി താമര കുടക്കീഴില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. എഐസിസിയുടെയും കെപിസിസിയുടെയും ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടിയാണ് ശശി തരൂര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ ആവശ്യപ്പെട്ടത് ശശി തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ്. ബിജെപിക്ക് ശുശ്രൂഷ നടത്തുന്നവര്‍ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുരളി പാര്‍ട്ടിയില്‍ തിരിച്ചെത്തിയതിനുശേഷം എട്ട് വര്‍ഷമേ ആയുള്ളുവെന്ന് തരൂര്‍ പ്രതികരിച്ചു. തന്റെ പിതാവ് കെ കരുണാകരന്റെയും തന്റെയും കോണ്‍ഗ്രസ് പാരമ്പര്യം അറിയുവാന്‍ ശശി തരൂരിന് കഴിഞ്ഞിട്ടില്ലെന്ന് മുരളീധരന്‍ തിരിച്ചടിക്കുകയും ചെയ്തു. ഒന്നുകൂടി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു: ‘വിശ്വപൗരനൊന്നുമല്ല, ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു അദ്ദേഹം’ എന്ന് പരസ്യപ്പെടുത്തി.
സമീപകാലത്ത് വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കൊപ്പം ഐക്യജനാധിപത്യ മുന്നണി സഖ്യം ചേര്‍ന്നിരുന്നില്ല എന്നത് നേരുതന്നെ. പക്ഷെ, ബിജെപി ജയിക്കുമെന്ന ഭീതിപടര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് സംഭരിക്കുന്നതില്‍ വിദഗ്ധരായിരുന്നു യുഡിഎഫിലെ കൂട്ടര്‍. ആ പ്രവണത പ്രതിരോധിക്കുകയും ഇടതുപക്ഷ വോട്ടുകള്‍ സമാഹരിക്കുകയുമാണ് ഉപതെരഞ്ഞെടുപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ പരിപ്രേക്ഷ്യം.
ഇക്കരയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം എന്ന നിലയിലാണ് ശശി തരൂരെന്ന് കെ മുരളീധരന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അവസര സേവകന്മാര്‍ എന്നാണ് ശശി തരൂരിനെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. അബ്ദുള്ളക്കുട്ടിയെപ്പോലെ ഒരു വയ്യാവേലിയാണ് കോണ്‍ഗ്രസിന് ശശി തരൂരെന്ന് മുല്ലപ്പള്ളി കടന്നാക്രമിച്ചു. ശശി തരൂരിന്റെ മനോഭാവം ജവഹര്‍ലാല്‍ നെഹ്‌റുവും ലാല്‍ ബഹ്ദൂര്‍ ശാസ്ത്രിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഒക്കെ കാലഹരണപ്പെട്ടുവെന്നാണ്. പിന്നെ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും എന്ത് പ്രസക്തി. 10 ശതമാനമെങ്കിലും കോണ്‍ഗ്രസിനുവേണ്ടി പണിയെടുത്ത ആരെങ്കിലും പാര്‍ലമെന്റില്‍ ഉണ്ടായിരുന്നോ എന്നുപോലും വെല്ലുവിളി സ്വരത്തില്‍ ശശിതരൂര്‍ ചോദിച്ചു.
കശ്മീരിനെ വിഭജിച്ചപ്പോള്‍, ഭരണഘടനാ തത്വങ്ങളെ ലംഘിച്ചപ്പോള്‍, 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍, മുത്തലാഖ് ബില്‍ പാസാക്കിയെടുത്തപ്പോള്‍, ദോശ ചുട്ടെടുക്കുന്നതുപോലെ ജനവിരുദ്ധ‑രാഷ്ട്രവിരുദ്ധ ബില്ലുകള്‍ നരേന്ദ്രമോഡിയും അമിത് ഷായും പാസാക്കിയെടുക്കുമ്പോള്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ എവിടെയായിരുന്നു എന്ന ചോദ്യം ഇന്ത്യന്‍ ജനതയുടെ മുന്നിലുണ്ട്. മോഡീഭക്തിയില്‍ അലിഞ്ഞുചേര്‍ന്ന തരൂര്‍മാരെ വരുംകാലത്ത് ജനത വിചാരണ ചെയ്യും എന്നതില്‍ തര്‍ക്കമില്ല.