Saturday
19 Oct 2019

കുലുക്കിയിട്ടിട്ടും അനക്കമില്ലാതെ കോണ്‍ഗ്രസ്

By: Web Desk | Friday 7 June 2019 10:22 PM IST


രാഷ്ട്രീയ ലേഖകന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ പ്രതാപം ലോകശ്രദ്ധേയമായിരുന്നു. ഇന്നത് എവിടെ ചെന്നെത്തിനില്‍ക്കുന്നുവെന്നത് എത്ര ചര്‍ച്ചചെയ്താലും മതിവരാത്തത്രയാണ്. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടപോലെയാണെന്ന് ആക്ഷേപമായി പറഞ്ഞുപോകാം. വിമര്‍ശിക്കുന്നവരെല്ലാം ഉള്ളില്‍ മറയ്ക്കുന്നത് കോണ്‍ഗ്രസിങ്ങനെ ചുരുങ്ങിയില്ലാതാവേണ്ടതല്ല എന്ന സത്യത്തെയാണ്. സ്വാതന്ത്ര്യലബ്ദിക്കു ശേഷം ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറിയ കോണ്‍ഗ്രസില്‍ ഇന്നും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ ചുരുക്കമൊന്നുമല്ലെന്ന് കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. എന്നിട്ടും അവര്‍ ശോഷിപ്പിന്റെ കാരണം തേടുന്നില്ല. ആവോളം വര്‍ഗീയതയും ഹിന്ദുത്വ അജണ്ടയുമായി കളത്തിലിറങ്ങിയിട്ടും രാജ്യത്തെ 37.4 ശതമാനം പേരുടെ പിന്തുണ മാത്രമാണ് സംഘപരിവാറിനുള്ളത്. വോട്ടെടുപ്പ് രീതികളും പശ്ചാത്തലവും പരിശോധിച്ചാല്‍ അതില്‍ പകുതിയോളം പണത്തിനും ഭീഷണിക്കും കീഴ്‌പ്പെട്ട് ബിജെപിക്ക് വോട്ടുചെയ്തവരാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് രാജ്യത്താകെ സമ്പാദിക്കാനായത് 45 ശതമാനം വോട്ടു മാത്രമാണ്. ശേഷിക്കുന്ന 55 ശതമാനം പേരും ബിജെപിക്കും എന്‍ഡിഎയ്ക്കും എതിരെ ചിന്തിക്കുന്നവരും വോട്ടു ചെയ്യുന്നവരുമാണെന്നര്‍ഥം.

സംഘപരിവാര്‍ തുടരുന്ന അരുതായ്മകളാണ് ബിജെപിയെ താഴെയിറക്കാന്‍ പ്രബുദ്ധരായവരെ പ്രേരിപ്പിക്കുന്നത്. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണെന്നും ആവണമെന്നും ആഗ്രഹിക്കുന്നവരുണ്ട്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ബിജെപിക്കോ എന്‍ഡിഎയ്‌ക്കോ ബദലാവാന്‍ കഴിയില്ലെന്ന് കരുതുന്നവരാണ് ഏറെയും. ഇത് തീര്‍ത്തും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന്റെ പോരായ്മകള്‍ നിരത്തിക്കൊണ്ടാണ്. ബഹുഭൂരിപക്ഷം പേരും കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ ഇസങ്ങളെയും അളന്ന് വിമര്‍ശിക്കുന്നു. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരുന്നതോളം കാലം ബിജെപിക്ക് ഇന്ത്യയുടെ ഭരണനേതൃത്വത്തില്‍ നിന്ന് ഇറങ്ങേണ്ടിവരില്ലെന്ന് കടന്നു പറയുന്നതും കണ്ടു. ദ പ്രിന്റില്‍ ശിവ വിജ് എഴുതിയ ലേഖനം ഇങ്ങനെ പറയുന്നത് അത്ഭുതകരമാണ്. എങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരും ഇതിനെ രണ്ടായി വിശകലനം ചെയ്യുമായിരിക്കും.

കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്നാണ് രാഹുല്‍ ഗാന്ധി ആദ്യം പ്രഖ്യാപിച്ചത്. പ്രവര്‍ത്തകസമിതി അത് തള്ളിയിട്ടും പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വീണ്ടും രാജിക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പക്ഷെ, ദി പ്രിന്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശിവ വിജ് പ്രവചിക്കുന്നത് രാഹുല്‍ഗാന്ധി ഏകദേശം 80 വയസുവരെ ആ സ്ഥാനത്ത് തുടരുമെന്നാണ്. ഇപ്പോള്‍ രാഹുലിന് പ്രായം 49 ആണ്. ഇനിയും 30 വര്‍ഷത്തിലേറെ രാജിയും ഉണ്ടാകില്ല, പിന്‍ഗാമിക്ക് വഴിമാറലും ഉണ്ടാകില്ല എന്ന്. അതൊരു കടന്ന നിരീക്ഷണവും പ്രവചനവുമായി തോന്നിയേക്കാം. എന്നാല്‍, രാഹുലിന്റെ ഈ പ്രായക്കണക്കും സ്ഥാനദൈര്‍ഘ്യവും പലകയില്‍ നിരത്തി ലേഖകന്‍ പ്രവചിക്കുന്ന മറ്റൊന്ന്, അടുത്ത 30 വര്‍ഷവും ബിജെപി തന്നെയായിരിക്കും ഇന്ത്യയുടെ ഭരണം നിര്‍വഹിക്കുക എന്നാണ്.

68 വയസുള്ള നരേന്ദ്ര മോഡി 78 വയസുവരെ പ്രധാനമന്ത്രിയായി തുടരുമത്രെ. മോദി മന്ത്രിസഭയിലെ രണ്ടാമനായി അവരോധിക്കപ്പെട്ട അമിത് ഷാ ആയിരിക്കും തുടര്‍ന്ന് പ്രധാനമന്ത്രി കസേരയിലേക്ക് വരിക. ഇപ്പോള്‍ 57 വയസാണ് അമിത് ഷായ്ക്ക്. നരേന്ദ്ര മോഡി 2029ല്‍ ‘അധികാരമൊഴിയുമ്പോള്‍’ 64 -ാം വയസില്‍ അമിത് ഷാ പ്രധാനമന്ത്രിയാകും എന്നാണ് ശിവ വിജുവിന്റെ ലേഖനം പറയുന്നത്. രാഹുലിന്റെ കഴിവില്ലായ്മ മുതലെടുത്ത് 2044 വരെ ബിജെപിയെ ‘സ്വസ്തമായി’ ഇന്ത്യ ഭരിക്കാന്‍ അവസരമൊരുക്കുകയാണ് ഇങ്ങനെ ചിലര്‍.
സംഘപരിവാറിന്റെ മോഹങ്ങള്‍ക്ക് എഴുത്തുലോകത്തുനിന്ന് ചിലര്‍ വര്‍ണം വിതറുമ്പോള്‍ യഥാര്‍ഥത്തില്‍ അത് കോണ്‍ഗ്രസിന് ഊര്‍ജം പകരേണ്ടതാണ്. അല്‍പ്പം ആത്മാഭിമാനമുണ്ടെങ്കില്‍ സംഘടനാപരമായ പുതുചലനങ്ങള്‍ സൃഷിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം ശ്രമിക്കും. എന്നാല്‍, രാഹുല്‍ഗാന്ധി നിലപാടിലുറച്ച് മാറിനിന്നാല്‍ പകരം അധ്യക്ഷസ്ഥാനത്തേക്ക് ‘ഞാന്‍ മതി’ എന്നാണ് നേതാക്കളെല്ലാം ആഗ്രഹിക്കുന്നത്. അവിടെയാണ് കോണ്‍ഗ്രസിന്റെ പതനവും. താനല്ലാതെ മറിച്ചാരെങ്കിലുമാവുമെന്ന ആശങ്കയുമായി ഡല്‍ഹിയിലലയുന്നത് ഡസന്‍ കണക്കിന് എഐസിസി നേതാക്കളാണ്. അവരാണ് പാര്‍ട്ടിയുടെ നാശത്തിനും വഴിതെളിക്കുന്നത്. എ കെ ആന്റണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇതിനിടയില്‍ രാജ്യം ചര്‍ച്ച ചെയ്തിരുന്നു. ആന്റണിയെ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്ന സൂചനകള്‍ വന്നതിന് പിറകെയാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനായി പാരവച്ചവനെന്ന ആക്ഷേപം ഉയര്‍ന്നത്. രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കുമെന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അധികരിച്ച് പുറത്തുവരുന്നത്. സുശീല്‍കുമാര്‍ ഷിന്‍ഡെയുടെയും മല്ലികാര്‍ജുന ഖാര്‍ഗെയുടെയും പേരുകളും ജ്യോതിരാദിത്യ സിന്ധ്യയുടെയുമെല്ലാം പേരുകള്‍ ഈവകയില്‍ പറഞ്ഞുകേള്‍ക്കുന്നു.

അതിനിടയില്‍ രാഹുലിന് പകരം രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടി അധ്യക്ഷസ്ഥാനം ചോദിച്ച് മുന്‍ കേന്ദ്രമന്ത്രി അസ്‌ലം ഷേര്‍ ഖാന്‍ രംഗത്തുവന്ന വാര്‍ത്തയും കണ്ടു. പകരക്കാരനില്ലാതെ പാര്‍ട്ടി അങ്കലാപ്പിലാകുന്നതിന്റെ മനോവിഷമമാണ് ഷേര്‍ ഖാന്. ഇടക്കാലത്ത് ബിജെപിയില്‍ പോയി തിരികെ എത്തിയ മുന്‍ ഒളിമ്പ്യന്‍ അസ്‌ലം ഷേര്‍ ഖാന്‍ രണ്ട് വര്‍ഷത്തേയ്ക്കാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ ചോദിച്ചത്. സമ്പത്ത് വച്ചാണെങ്കില്‍ കൂടുതല്‍ വില നല്‍കി തങ്ങളെടുത്തേക്കാമെന്ന് ബിജെപി ആവശ്യപ്പെട്ട വാര്‍ത്തകളും ഇനി കേട്ടെന്ന് വരാം. മുഖ്യശത്രു ബിജെപിയല്ലെന്ന് ദേശീയ അധ്യക്ഷന്‍ തന്നെ തെളിയിച്ച നിലയ്ക്ക് കോണ്‍ഗ്രസുകാരെല്ലാം നാളെ ബിജെപിയുടെ തൊഴിലാളികളായും മാറിയേക്കാം.