കാനം രാജേന്ദ്രന്‍

August 10, 2021, 5:32 am

സുസമ്മതനായ ജനനേതാവ്

Janayugom Online

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രമെഴുതുന്നവർക്ക് കെ സി ജോർജ്ജ് എന്ന ഇതിഹാസ പുരുഷന്റെ കാൽപ്പാടുകൾ കാണാതെ മുന്നോട്ടു പോകാനാവില്ല. കെ സിയുടെ മുപ്പത്തിയഞ്ചാം ചരമ വാർഷിക ദിനമാണ് ഇന്ന്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സുധീരം പടപൊരുതിയ മുന്നണിപ്പോരാളി, രാജഭരണത്തിന്റെ ദുഷ്ചെയ്തികൾക്കെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച ദേശാഭിമാനി, മർദ്ദിതരും ചൂഷിതരുമായ ജനതയെ സ്വാതന്ത്ര്യ സമരാവേശത്തിലേക്ക് ആകർഷിച്ച സുസമ്മതനായ ജനനേതാവ്, സർവോപരി കറകളഞ്ഞ അതുല്യമായ ഒരു വ്യക്തിത്വത്തിനുടമ എന്നീ നിലകളിൽ ഒരു കാലഘട്ടം മുഴുവൻ കേരളത്തിലെ ജനജീവിതത്തിൽ നിറഞ്ഞു നിന്ന കർമധീരനായിരുന്നു കെ സി ജോർജ്ജ്.

തന്റെ ആത്മകഥയായ ‘എന്റെ ജീവിത യാത്ര’യിൽ താൻ എങ്ങനെ കമ്മ്യൂണിസ്റ്റായി എന്ന് കെ സി ഇങ്ങനെ വിവരിക്കുന്നു: ”1924 കാലത്ത് മദ്രാസിലെ ഒരു അഭിഭാഷകനായിരുന്ന ശിങ്കാരവേലുവിന്റെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അറിവ് പരിമിതമെങ്കിലും തൊഴിലാളി രംഗത്ത് പ്രവർത്തിക്കുന്നതിനുള്ള താല്പര്യം എന്നിൽ ജനിപ്പിച്ചു. അതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നയത്തെയും ഗാന്ധിജിയുടെ നേതൃത്വത്തെയും ഞാൻ നിരൂപണദൃഷ്ട്യാ പരിശോധിക്കാൻ തുടങ്ങി.

1934 ൽ സമരം പിൻവലിച്ചതോടുകൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയുടെ സ്വാതന്ത്ര്യ ലക്ഷ്യം കൈവരിക്കാൻ കഴിയുകയില്ലെന്ന് എനിക്ക് മനസിലായി. ആ കാലത്ത് ഞാനൊരു അഡ്വക്കേറ്റായി തുടരുകയായിരുന്നെങ്കിലും സോഷ്യലിസ്റ്റ് സാഹിത്യങ്ങൾ വായിച്ചു കൊണ്ടിരുന്നതുകൊണ്ട് എന്റെ ചിന്തയും അഭിപ്രായവും ആ വഴിക്ക് തിരിഞ്ഞിരുന്നു. ഞാൻ യഥാർത്ഥത്തിൽ ഒരു കമ്മ്യൂണിസ്റ്റായി കഴിഞ്ഞിരുന്നു എന്ന് പറയുന്നതാണ് ശരി.”

1939ലാണ് കെ സി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു. എം എൻ, കെ വി സുരേന്ദ്രനാഥ്, കാട്ടായിക്കോണം വി ശ്രീധർ, ഉള്ളൂർ ഗോപി, കാട്ടായിക്കോണം സദാനന്ദൻ തുടങ്ങിയവരെ കമ്മ്യൂണിസ്റ്റുകാരാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് കെ സി ആണ്. പുന്നപ്ര‑വയലാർ സമരത്തിന്റെ മുൻനിരയിൽ കെ സി ഉണ്ടായിരുന്നു.

ക്ലേശം നിറഞ്ഞ ജീവിതം നയിക്കുമ്പോഴും പുന്നപ്ര‑വയലാറിലെ തൊഴിലാളികൾ അനുഭവിച്ച ഭീകര മർദ്ദനങ്ങളെക്കുറിച്ചുള്ള സ്മരണ പച്ചപിടിച്ച് ഹൃദയത്തിൽ നിന്ന കാലത്തും കെ സി തന്റെ പ്രസാദാത്മകത്വം കൈവെടിഞ്ഞില്ല. 1946ൽ പുന്നപ്ര‑വയലാർ സമരത്തിനു ശേഷം തിരുവിതാംകൂറിന് അകത്ത് ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരനും നിയമവിധേയമായി പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഇ­ല്ലാതായി. പുന്നപ്ര‑വയലാർ സ­മരം ഉച്ചസ്ഥായിയിൽ എത്തിയതോടെ കെ സി സാഹസികമാ­യ രീതിയിൽ ഒരു ദിവസം രാത്രി രക്ഷപ്പെട്ടു. പല ദിക്കിലും ഒന്നോ രണ്ടോ ദിവസം വീതം താമസിച്ച് ഒടുവിൽ കോഴിക്കോട്ട് എത്തിച്ചേർന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും സർ സി പി തിരുവിതാംകൂർ വിടുകയും ചെയ്തതിനു ശേഷമേ പിന്നീട് കെ സി തിരുവിതാംകൂറിലേക്ക് തിരിച്ചു പോയുള്ളൂ. തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചു. ‘മൂട്ടവനം’ എന്ന് കെ സി തന്നെ വിശേഷിപ്പിച്ച തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനം തിരുവനന്തപുരത്ത് ആയുർവ്വേദ കോളജിനു സമീപം മാഞ്ഞാലിക്കുളം റോഡിൽ തുറന്നതും കെ സി തന്നെ.

പാർട്ടി നിരോധിക്കപ്പെട്ടിരുന്നതിനാൽ പരസ്യമായ ബോർഡൊന്നും സ്ഥാപിക്കാതെയായിരുന്നു പ്രവർത്തനം. തിരുവനന്തപുരം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കുന്നത് കെ സി ആണ്. തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിച്ച് ജയിക്കുകയും ചെയ്തു. 1952–54 കാലയളവിൽ രാജ്യസഭാംഗമായി അദ്ദേഹം പ്രവർത്തിച്ചു.

1957ൽ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ നിന്ന് വിജയിച്ച കെ സി ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഭക്ഷ്യ‑വനം വകുപ്പു മന്ത്രിയായി. പ്രതിസന്ധികൾ നിറഞ്ഞ ആ ഗവണ്മെന്റിന്റെ പ്രവർത്തനത്തെ നയിക്കുക മാത്രമല്ല, നല്ലൊരു ഭരണാധികാരി എന്ന പേരു സമ്പാദിക്കാനും കെ സിക്ക് കഴിഞ്ഞു.

കെ സി ജോർജ്ജ് കമ്മ്യൂണിസ്റ്റ് പാർട്ടി നേ­തൃനിരയിൽ ദീർഘനാൾ പ്രവർത്തിച്ചു. അനാരോഗ്യം വകവയ്ക്കാതെ പാർട്ടി സംസ്ഥാന കൗ­ൺസിൽ യോഗങ്ങൾക്കെത്തി നിർദ്ദേശങ്ങൾ നൽകാനും ക­മ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് മാർഗദീപമാകാനും കെ സി ഒരു മടിയും കാണിച്ചില്ല.

സത്യസന്ധനും അഴിമതിക്കറ പുരളാത്ത വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ സി. അദ്ദേഹത്തിന്റെ പേരിൽപോലും അഴിമതി ആരോപണം ഉന്നയിക്കാൻ കോൺഗ്രസ് മടിച്ചില്ല. ആരോപണങ്ങളൊന്നും ഏശിയില്ല. അചഞ്ചലമായ മനോധൈര്യത്തോടെയാണ് കെ സി ആരോപണങ്ങളെ നേരിട്ടത്.

കെ സി ജോർജ്ജാണ് താനൊരു കമ്മ്യൂണിസ്റ്റ് ആണെന്ന് കേരളത്തിൽ തുറന്നു പ്രസ്താവിച്ചത്. ജീവിതാന്ത്യംവരെ ലാളിത്യവും ആദർശനിഷ്ഠയും കാത്തുസൂക്ഷിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം.

കെസിയെപ്പോലുള്ളവരുടെ സാന്നിധ്യം ഏറെ ആവശ്യപ്പെടുന്ന രാഷ്ട്രീയ സന്ദർഭമാണിത്. വർഗീയതക്കും വിഘടനവാദത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരായ വരുംകാല പോരാട്ടങ്ങൾക്ക് കെ സിയുടെ സ്മരണ നമുക്ക് കരുത്താകട്ടെ.