നെല്ല് സംഭരണം ഓഗസ്റ്റില്‍ തന്നെ തുടങ്ങുന്ന കാര്യം പരിഗണനയില്‍

Web Desk
Posted on June 12, 2019, 5:48 pm

തിരുവനന്തപുരം: നെല്ല് സംഭരണം ഓഗസ്റ്റില്‍ തന്നെ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് സിവില്‍ സപ്ലൈസ് വകുപ്പുമായി ഉടന്‍ ചര്‍ച്ച നടത്തും. പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണിത്. പാലക്കാട് ജില്ലയില്‍ കനാലുകള്‍ വഴിയുള്ള ജലവിതരണം മെച്ചപ്പെടുത്തും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.26 ലക്ഷം മെട്രിക് ടണ്‍ നെല്‍ കൂടുതലായി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. 100 കിലോ നെല്ലിന് 64.5 കിലോ അരിയാക്കി കുറച്ചത് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രിമാരായ പി തിലോത്തമനും വി എസ് സുനില്‍കുമാറും സഭയില്‍ വ്യക്തമാക്കി.

മില്ലുടമകള്‍ക്ക് നേരത്തെ 100 കിലോ നെല്ല് നല്‍കുമ്പോള്‍ 68.5 അരിയാണ് തിരിച്ചു നല്‍കിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഈ അനുപാതം മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ കേരളത്തിലെ മില്ലുടമകളുടെ ആവശ്യത്തെതുടര്‍ന്ന് സര്‍ക്കാരിന് ഈ തീരുമാനത്തിലേക്ക് എത്തേണ്ടിവന്നുവെന്നും അവര്‍ വ്യക്തമാക്കി.കുട്ടനാട് പുതിയ പാക്കേജിന്റെ ഭാഗമായി ബണ്ടുകള്‍ ബലപ്പെടുത്തുമെന്നും മന്ത്രി സുനില്‍കുമാര്‍ അറിയിച്ചു. എന്‍വിജയന്‍പിള്ള, ജി എസ് ജയലാല്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, കെ കുഞ്ഞിരാമന്‍, പിസി ജോര്‍ജ്, തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.