പ്രത്യേക ലേഖകൻ

ന്യൂഡൽഹി:

January 27, 2021, 10:29 pm

വൻ ഗൂഢാലോചന

Janayugom Online

കിസാൻ ഗണതന്ത്ര പരേഡിന്റെ മറവിൽ അക്രമസംഭവങ്ങൾ അരങ്ങേറിയതിന് പിന്നിൽ അമിത്ഷായുടെ കാർമികത്വത്തിൽ കേന്ദ്ര സർക്കാരും ഡൽഹി പൊലീസും തയ്യാറാക്കിയ തിരക്കഥ. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആളുകള്‍ക്ക് കര്‍ഷകരുമായി ബന്ധമില്ലെന്നത് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംയുക്തപ്രക്ഷോഭത്തിൽനിന്ന് വിട്ടുനില്ക്കുന്ന ചില സംഘടനകളെയും വ്യക്തികളെയും ഉപയോഗിച്ച് ഉന്നത തലത്തിൽ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് സംഘർഷം അരങ്ങേറിയതെന്നും സമാധാന പരമായ പ്രക്ഷോഭം ശക്തമായി തുടരുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

ഔദ്യോഗിക റിപ്പബ്ലിക് പരേഡിന് ശേഷം 12 മണിക്ക് സമരം ആരംഭിക്കുന്നതിനാണ് സമരത്തിന് നേതൃത്വം നല്കുന്ന സംയുക്ത കിസാൻമോർച്ച, ഓൾ ഇന്ത്യ കിസാൻ സംഘർഷ കോ ഓർഡിനേഷൻ കമ്മിറ്റി എന്നിവ തീരുമാനിച്ചിരുന്നത്. റാലി പോകുന്ന റോഡുകളും നേരത്തെ നിശ്ചയിച്ചുറപ്പിച്ചു. എന്നാൽ രാവിലെ എട്ടുമണിയോടെ ചെറിയൊരു വിഭാഗത്തിന് നേരത്തേതന്നെ നഗരത്തിൽ പ്രവേശിക്കുന്നതിന് ബാരിക്കേഡുകൾ നീക്കി പൊലീസ് അനുമതി നല്കി. രാവിലെതന്നെ ഈ വിഭാഗം നഗരത്തിൽ കടക്കുകയും നിശ്ചയിച്ചതിന് വിരുദ്ധമായ വഴികളിലൂടെ സഞ്ചരിച്ച് അനാവശ്യ പ്രകോപനം സൃഷ്ടിച്ച് അക്രമത്തിനും പൊലീസ് നടപടിക്കും വഴിയൊരുക്കുകയുമായിരുന്നു. ചെങ്കോട്ടയിലെത്തിയ സംഘത്തോട് പൊലീസ് കാട്ടിയ നിസംഗസമീപനം ഇതാണ് വ്യക്തമാക്കുന്നത്. അതേസമയം സംയുക്ത സമിതി നിശ്ചയിച്ച സമയത്തു പുറപ്പെട്ട കിസാൻഗണതന്ത്ര പരേഡ് മൂന്ന് വഴികളിലൂടെ സഞ്ചരിച്ച് ഒരു സംഘർഷവും ഇല്ലാതെ തിരികെ അതാതിടങ്ങളിൽ സമാപിച്ചു.

കർഷക പ്രക്ഷോഭം കേന്ദ്രസർക്കാരിനെ നടുക്കിയെന്നും അതിനാൽ ചില സംഘടനകളെയും വ്യക്തികളെയും കൂട്ടുപിടിച്ചു നടന്ന വൃത്തികെട്ട ഗൂഢാലോചനയുടെ ഫലമായിരുന്നു അക്രമസംഭവങ്ങളെന്നും കർഷകപ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന സംയുക്ത കിസാൻമോർച്ച കുറ്റപ്പെടുത്തി. കിസാൻ മസ്ദൂർ സംഘർഷ കമ്മിറ്റി (കെഎംഎസ്‌സി), ദീപ് സിദ്ദു തുടങ്ങിയ വ്യക്തികൾ എന്നിവരെ ഉപയോഗിച്ചാണ് പ്രക്ഷോഭത്തെ തകർക്കുന്നതിനുള്ള ഗൂഢാലോചന നടന്നത്. ഡൽഹി അതിർത്തികളിലെ പ്രക്ഷോഭത്തിൽ ഇല്ലാത്ത സംഘടനയാണ് കെഎംഎസ്‌സി.

നവംബർ 26 ന് ആരംഭിച്ച സമരത്തിൽനിന്ന് വിട്ടുനിന്ന ഈ സംഘടന 15 ദിവസത്തിന് ശേഷം പ്രത്യേകമായി സമരം ആരംഭിച്ചവരാണ്. സംയുക്തസമിതിയുമായി ഈ സംഘടനയ്ക്ക് ബന്ധവുമില്ല. ധാരണയ്ക്കു വിരുദ്ധമായി റിംഗ് റോഡിലൂടെ മാർച്ച് നടത്തുമെന്ന് കെഎംഎസ്‌സി പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ഇക്കാര്യം അറിയിച്ചിരുന്നതാണ്. എന്നാൽ പൊലീസ് അവർക്ക് ഒത്താശ ചെയ്യുകയായിരുന്നു. സമാധാനപരമായ പ്രക്ഷോഭം ശക്തമായി തുടരാനും സർക്കാരും പൊലീസും മറ്റ് സംഘടനകളും സമരത്തെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടി ഒറ്റപ്പെടുത്താനും സംയുക്തസമിതി കർഷകരെ ആഹ്വാനം ചെയ്തു.

ചരിത്രം കുറിച്ച കിസാന്‍ ഗണതന്ത്ര പരേഡ്

കരിനിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭത്തിന്റെ അപ്രതിരോധ്യത പ്രഖ്യാപിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് കര്‍ഷകരും ബഹുജനങ്ങളും റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രതലസ്ഥാനത്തും രാജ്യത്തുടനീളവും കിസാന്‍ ഗണതന്ത്ര പരേഡില്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ ചുവപ്പുകോട്ടയിലും ചില തന്ത്രപ്രധാന മേഖലകളിലും നടന്ന അനിഷ്ടസംഭവങ്ങള്‍ കിസാന്‍ ഗണതന്ത്ര പരേഡിന്റെ വിജയത്തെ തെല്ലും ബാധിച്ചില്ല. ഡല്‍ഹി നഗരാതിര്‍ത്തിയിലെ സിംഘു, ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച ആയിരക്കണക്കിന് ട്രാക്ടറുകളും പതിനായിരക്കണക്കിന് കര്‍ഷകരും നിശ്ചിത വഴികളിലൂടെ പരേഡ് നടത്തി സമരകേന്ദ്രങ്ങളില്‍ തിരിച്ചെത്തി.

പരേഡ് കടന്നുപോയ വഴികളിലുടനീളം ഡല്‍ഹി നിവാസികള്‍ കയ്യടികളോടെയും പുഷ്പവര്‍ഷത്തോടെയുമാണ് കര്‍ഷകരെ വരവേറ്റത്. കര്‍ഷകരുടെ സംയുക്ത സമരസമിതിയില്‍ അംഗങ്ങളല്ലാത്ത, പ്രധാനമായും രണ്ട് സംഘടനകളുടെ നേതൃത്വത്തിലാണ് നിശ്ചിത വഴിവിട്ട് ദില്‍ഷാദ് ഗാര്‍ഡന്‍, പ്രഗതി മെെതാന്‍, ഐടിഒ ജംഗ്ഷന്‍, ചുവപ്പുകോട്ട എന്നിവിടങ്ങളിലേക്ക് ട്രാക്ടര്‍ പ്രകടനവുമായി എത്തിയത്. ബാരിക്കേഡുകള്‍ നീക്കി നഗരഹൃദയത്തിലേക്ക് കടക്കാന്‍ കര്‍ഷകരെ അനുവദിച്ചത് ഡല്‍ഹി പൊലീസ് തന്നെയാണെന്ന് അതിക്രമിച്ചുകയറിയ കര്‍ഷകര്‍ പറയുകയുണ്ടായി.

നിശ്ചിതവഴികളിലൂടെ ട്രാക്ടര്‍ പരേഡ് തിരിച്ചുവിടുന്നതിനും നിയന്ത്രിക്കുന്നതിനും പൊലീസ് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നില്ല. ജലപീരങ്കികളും കണ്ണീര്‍വാതകവും ലാത്തിയും ഗ്രനേഡും പ്രയോഗിക്കേണ്ടിവന്നത് പൊലീസിന്റെ ഒത്താശയോടെ നിശ്ചിത പാത വിട്ട് റാലി നടന്ന ഇടങ്ങളിലാണ്. ഐടിഒ ജംഗ്ഷനില്‍ ഒരു യുവകര്‍ഷകന്‍ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ ബിജ്പൂരില്‍ നിന്നുള്ള നവനീത് സിങ് (25) ആണ് മരിച്ചത്. തലയില്‍ പൊലീസിന്റെ‍ വെടിയേറ്റ് ട്രാക്ടര്‍ നിയന്ത്രണംവിട്ടാണ് മരണമെന്ന് ബന്ധുക്കളും മറ്റ് കര്‍ഷകരും പറഞ്ഞു. എന്നാല്‍ പൊലീസിനു നേരെ ട്രാക്ടര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിക്കവെ മറിഞ്ഞാണ് മരണമെന്നാണ് പൊലീസ് ഭാഷ്യം. ചെങ്കോട്ടയില്‍ പൊലീസ് വലയം ഭേദിച്ച് പ്രക്ഷോഭകര്‍ കൊത്തളത്തില്‍ സിഖ് മത പതാക ഉയര്‍ത്തി. എന്നാല്‍ കാര്‍ക്കശ്യത്തില്‍ ഒട്ടും വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്ത പൊലീസിന്റെ വലയംഭേദിച്ച് കടന്നുകയറിയെന്നത് തികച്ചും അവിശ്വസനീയമാണ്. സിഖ് മത പതാക ഉയര്‍ത്തിയതിന് പൊലീസ് മൂകസാക്ഷികളായി നിന്നുവെന്നത് ആരെയും അമ്പരപ്പിക്കുന്നതാണ്. ഗണതന്ത്ര പരേഡിന് ഐക്യദാര്‍ഢ്യവുമായി രാജ്യത്തുടനീളം നഗര ഗ്രാമ വ്യത്യാസം കൂടാതെ പതിനായിരങ്ങള്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.

ENGLISH SUMMARY: con­spir­a­cy behind the farm­ers protest

YOU MAY ALSO LIKE THIS VIDEO