കേരള ഫീഡ്‌സിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം: ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മാനേജ്മന്റ്

Web Desk
Posted on March 15, 2019, 9:22 pm

ഷാജി ഇടപ്പള്ളി

കൊച്ചി: കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ചാക്കിന് 100 രൂപ വര്‍ദ്ധിപ്പിച്ചെന്നും ഗുണനിലവാരമില്ലന്നുമുള്ള തരത്തില്‍ ക്ഷീരകര്‍ഷകരില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന തരത്തില്‍ നവ മാധ്യമങ്ങള്‍ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ സ്വകാര്യ കാലിത്തീറ്റ കമ്പനികളെ സഹായിക്കുന്നതിനായി ചില തല്പര കക്ഷികള്‍ പ്രചാരണം നടത്തുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ കാലിത്തീറ്റയുടെ വില കുത്തനെ കൂടാതെ നിയന്ത്രിച്ചു നിര്‍ത്താനാവുന്നത് കേരള ഫീഡ്‌സിന്റെ ഇടപെടല്‍ മൂലമാണ്. ഗുണമേന്മ ഉറപ്പാക്കിയാണ് കമ്പനി നഷ്ട്ടം സഹിച്ചും വിലനിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വന്‍ വര്‍ധനവ് പ്രതിസന്ധി സൃഷ്ഠിച്ചിട്ടും 25 രൂപ മാത്രം വര്‍ദ്ധിപ്പിച്ച് ക്ഷീരകര്‍ഷകരിലേക്ക് ഇതിന്റെ മുഴുവന്‍ ആഘാതം അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണ്. ഇതിനിടയിലാണ് തെറ്റായ പ്രചാരണം കമ്പനിക്കെതിരായി ഉയര്‍ന്നത്. കൂടാതെ സര്‍ക്കാരില്‍ നിന്നും 27 കോടി രൂപ സബ്‌സിഡി ലഭിച്ചതായും തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. കാലിത്തീറ്റയുടെ വില കുത്തനെ ഉയര്‍ത്തി വിപണി കയ്യടക്കാന്‍ പരിശ്രമിക്കുന്ന ചിലരാണ് പൊതുമേഖലാ സ്ഥാപനത്തിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ളത്.

Read this also

ഞെട്ടിക്കുന്ന ലഹരിപ്പിടി; തലസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് കൊലപാതകങ്ങള്‍

യാഥാര്‍ഥ്യമറിയാവുന്ന ക്ഷീര കര്‍ഷകര്‍ ഇതില്‍ വിശ്വസിക്കുന്നില്ലെന്നും ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ പറഞ്ഞു. റിച്ച്, മിടുക്കി, എലൈറ്റ് എന്നീ മൂന്ന് ഉത്പന്നങ്ങളാണ് പ്രധാനമായും കേരള ഫീഡ്‌സ് നിര്‍മ്മിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവിനനുസരിച്ച് കാലിത്തീറ്റയുടെ വില വര്‍ധിപ്പിക്കാതെയിരുന്നതിനാല്‍ കമ്പനിക്ക് 2015 മുതല്‍ പ്രവര്‍ത്തന നഷ്ട്ടം 72  കോടി രൂപയാണ്.

സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയെ ക്കുറിച്ചുള്ള സമഗ്ര പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രൈസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒരു ശതമാനം മുതല്‍ മൂന്നു ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും അത്തരത്തില്‍ തീരുമാനമെടുക്കാറില്ലന്നും പുതിയ സാഹചര്യത്തില്‍ വില നിര്‍ണയ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ , ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍, മാനേജിങ് ഡയറക്ടര്‍ ഡോ. ബി ശ്രീകുമാര്‍, ഡയറക്ടര്‍ സി കെ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

You may like this