ഭരണഘടനയും മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും നീതിനിര്‍വഹണവും

Web Desk
Posted on November 14, 2019, 10:16 pm

ശബരിമല ക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമായ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28ന്റെ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ അന്തിമ തീരുമാനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചില്‍ അദ്ദേഹം ഉള്‍പ്പെടെ മൂന്നംഗ ഭൂരിപക്ഷം ഉന്നയിക്കുന്ന ഏഴ് ചോദ്യങ്ങള്‍ക്ക് ഏഴ് അംഗങ്ങള്‍ അടങ്ങുന്ന വിശാല ഭരണഘടനാ ബെഞ്ച് ഉത്തരം നല്‍കുന്നതിനെ തുടര്‍ന്നേ ശബരിമല വിഷയത്തില്‍ തീര്‍പ്പുണ്ടാകൂ. മതാചാരങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കോടതിക്കാണോ മതാചാര്യന്‍മാര്‍ക്കാണോ അവകാശം; മതവിശ്വാസവും തുല്യതക്കുള്ള അവകാശവും എങ്ങനെ പൊരുത്തപ്പെടും; ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുടെ പ്രശ്നം; ഒരു മതത്തിന്റെ ആചാരങ്ങള്‍ ചോദ്യം ചെയ്യാന്‍ മറ്റ് മതസ്ഥര്‍ക്കുള്ള അവകാശം തുടങ്ങിയ ഏഴ് ചോദ്യങ്ങള്‍ക്കാണ് വിശാല ബെഞ്ച് ഉത്തരം കണ്ടെത്തേണ്ടത്. അതിന്റെ അടിസ്ഥാനത്തില്‍ അതേ ബെഞ്ചുതന്നെ ശബരിമല വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുമോ എന്നതിന് ഇപ്പോഴത്തെ വിധിയില്‍ വ്യക്തതയില്ല. അക്കാര്യത്തില്‍ മറ്റൊരു ബെഞ്ചാണ് തീര്‍പ്പുകല്‍പ്പിക്കേണ്ടതെങ്കില്‍ ശബരിമല പുനഃപരിശോധനാ ഹര്‍ജികളിന്മേലുള്ള അന്തിമവിധി ഏറെ നീണ്ടുപോകാനാണ് സാധ്യത.

അഞ്ചംഗ ബെഞ്ച് നിലവിലുള്ള വിധിക്ക് സ്റ്റേ നല്‍കാത്തിടത്തോളം ആ വിധിയുടെ നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരും. അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേരള സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കേണ്ടതുണ്ട്. ഭൂരിപക്ഷവിധിയോട് ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാനും ഡി വെെ ചന്ദ്രചൂഡും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇപ്പോഴത്തെ വിധി ആരുടെയെങ്കിലും പരാജയമായോ വിജയമായോ ചിത്രീകരിക്കുന്നതും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതും തികഞ്ഞ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ്. ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജി കൂടുതല്‍ വിപുലമായ സ്ത്രീതുല്യത അവകാശപ്രശ്നമായി മാറിയെന്നതും ശ്രദ്ധേയമാണ്. ദാവൂദിബോറ സമുദായത്തിലെ സ്ത്രീ ചേലാകര്‍മ്മം, മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ കൂടി പരിശോധിക്കാനാണ് ശബരിമല വിഷയത്തിലെ അന്തിമവിധി മാറ്റിവച്ചിരിക്കുന്നത്. 2018 സെപ്റ്റംബറിലെ വിധിയില്‍ മേല്‍പറഞ്ഞ വിഷയങ്ങള്‍ പരിഗണനാവിഷയം ആയിരുന്നില്ല. പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഭരണഘടന ബെഞ്ച് തീര്‍പ്പുകല്‍പ്പിച്ച വിഷയം മറ്റ് വിഷയങ്ങളുമായി കൂ‍ട്ടിക്കുഴയ്ക്കുന്നതിനോട് ന്യൂനപക്ഷ ജഡ്ജ്മാര്‍ ശക്തമായി വിയോജിക്കുന്നുണ്ട്. ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളെ ജസ്റ്റിസ് നരിമാന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.

ഇന്നലത്തെ ഭൂരിപക്ഷവിധി നേരത്തെയുണ്ടായ വിധിയെ അട്ടിമറിക്കുന്നുവെന്ന സൂചനയും നരിമാന്‍ നല്‍കുന്നുണ്ട്. ഇതരസമുദായങ്ങളില്‍ സ്ത്രീവിവേചനപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടരുന്നുവെന്നത് മറ്റൊരു സമുദായത്തില്‍ അത്തരം ലിംഗവിവേചനപരമായ അനാചാരങ്ങള്‍ തുടരാനുള്ള അവകാശമായി വ്യാഖ്യാനിക്കപ്പെട്ടുകൂട. ഇവിടെ വിവിധ സമുദായങ്ങളില്‍ നിലനിന്നുവരുന്ന അവകാശ നിഷേധങ്ങള്‍ക്ക് സാധൂകരണം നല്‍കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ ഒരു മതത്തെയും അനുവദിച്ചുകൂട. മതത്തിന്റെയും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ സ്ത്രീതുല്യത നിഷേധിക്കപ്പെടുന്നതും അതിന് നിയമത്തിന്റെയും കോടതിയുടെയും അംഗീകാരം നല്‍കുന്നതും പരിഷ്കൃത ജനാധിപത്യ സമൂഹങ്ങള്‍ക്ക് ഭൂഷണമല്ല. സ്ത്രീതുല്യതയടക്കം മനുഷ്യാവകാശങ്ങളുടെയും ഭരണഘടനാ തത്വങ്ങളുടെയും നിയമവാഴ്ചയുടെയും നിഷേധത്തെയും ലംഘനങ്ങളെയും വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ സാധൂകരിക്കാനുള്ള ഏതുനീക്കവും പ്രതിഷേധാര്‍ഹവും ചെറുക്കപ്പെടേണ്ടതുമാണ്.

ഭരണഘടനയും ആഗോളതലത്തില്‍ നിര്‍വചിക്കപ്പെട്ട മനുഷ്യാവകാശങ്ങളും നിയമവാഴ്ചയുമായിരിക്കണം നീതിപീഠത്തെ നയിക്കേണ്ട നിയാമക തത്വങ്ങള്‍. നീതിപീഠം ആ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാവുന്നത് ജനാധിപത്യത്തെയും രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ തന്നെയും ദുര്‍ബലപ്പെടുത്തും. അയോധ്യ ഭൂമിതര്‍ക്കത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അത്തരത്തില്‍ വ്യതിചലിച്ചുവെന്ന ആശങ്ക ഗണ്യമായ ഒരു വിഭാഗം ജനങ്ങളില്‍ ശക്തമാണ്. നീതിനിര്‍വഹണം ഭൂരിപക്ഷ പ്രീണനമായി മാറുന്നത് അപകടകരമാണ്. പരമോന്നത നീതിപീഠത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം അചഞ്ചലമായി നിലനിര്‍ത്താന്‍ വിവേകമതികളായ ന്യായാധിപന്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട്.