നീതിന്യായ വ്യവസ്ഥക്ക് സംഘ്പരിവാര്‍ ഭീഷണി

Web Desk
Posted on December 27, 2018, 10:22 pm

നീതിന്യായ വ്യവസ്ഥക്കും നിയമവാഴ്ചക്കും നേരെ ഉന്നത ബിജെപി നേതൃത്വത്തില്‍ നിന്നും ഭരണ നേതൃത്വത്തില്‍ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയരുന്ന ഭീഷണികളും അന്ത്യശാസനങ്ങളും ഉല്‍ക്കണ്ഠാജനകമാണ്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ കോടതിവിധി എന്തുതന്നെയായാലും രാമക്ഷേത്രം പണിയുമെന്ന ദുശാഠ്യമാണ് പരമോന്നത നീതിപീഠത്തിന് അന്ത്യശാസനം നല്‍കുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് പ്രേരകമായത്. തര്‍ക്കഭൂമി സംബന്ധിച്ച കേസ് സുപ്രിംകോടതി കേള്‍ക്കാനിരിക്കെയാണ് ബിജെപി അധ്യക്ഷന്‍ പരസ്യമായ ഭീഷണിയുമായി രംഗത്തുവന്നത്. പത്ത് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നായിരുന്നു റിപ്പബ്ലിക്ക് ടിവി അഭിമുഖത്തില്‍ നല്‍കിയ അന്ത്യശാസനം. കോടതിയില്‍ എന്തു തീരുമാനം ഉണ്ടായാലും തര്‍ക്കഭൂമിയില്‍ തന്നെ ക്ഷേത്രം പണിയുമെന്നും അത് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ അഭിലാഷവും വിശ്വാസവുമാണെന്നായിരുന്നു ഷായുടെ വാദം. തുടര്‍ന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ഊഴമായിരുന്നു. കേസ് തീര്‍പ്പാക്കുന്നതില്‍ സുപ്രിംകോടതി മടികാണിക്കുന്നുവെന്ന് ആരോപിച്ച നിയമമന്ത്രി ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയാണ് അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് നിഷ്‌കര്‍ഷിച്ചത്. ആര്‍എസ്എസിന്റെ അഭിഭാഷക സംഘടന യുപിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സുപ്രിംകോടതി ജഡ്ജ് എം ആര്‍ ഷാ, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ നിര്‍ദേശം. ബിജെപി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതൃത്വത്തിലെ ആര്‍എസ്എസ് പ്രതിനിധിയുമായ റാം മാധവും സമാന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ബിജെപി എംപിമാരുടെ യോഗത്തിലും ഈ ആവശ്യം ഉയര്‍ന്നിരുന്നു. കോടതിവിധി എന്തുതന്നെയായാലും ഓര്‍ഡിനന്‍സ് വഴിയൊ നിയമനിര്‍മാണം വഴിയൊ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നീതിപീഠത്തെയും നീതിനിര്‍വഹണ പ്രക്രിയയെയും മറികടന്ന് രാമക്ഷേത്ര നിര്‍മാണത്തെ രാഷ്ട്രീയ വിഷയമാക്കി മുതലെടുപ്പിനുള്ള ശ്രമത്തിനാണ് സംഘ്പരിവാര്‍ ആക്കം കൂട്ടിയിരിക്കുന്നത്.
അയോധ്യയിലെ തര്‍ക്കഭൂമി കേസില്‍ ബിജെപി നേതൃത്വവും നിയമമന്ത്രി തന്നെയും നടത്തുന്ന വിവാദ പ്രഖ്യാപനങ്ങള്‍ നീതിപീഠത്തിന്റെ അവകാശ അധികാരങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. അത് ഭരണഘടനാ തത്വങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമാണ്. ബിജെപി-ഭരണ നേതൃത്വങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട പരമോന്നത കോടതിക്കുമേല്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനാ ജനാധിപത്യ സ്ഥാപനങ്ങളെ അസ്ഥിരീകരിക്കാന്‍ ബിജെപിയും സംഘ്പരിവാറും നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപി-സംഘ്പരിവാര്‍ വൃത്തങ്ങളെ കടുത്ത അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും നിറവേറ്റാന്‍ മോഡി ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഭരണനേട്ടങ്ങളുടെ പേരില്‍ ജനങ്ങളെ സമീപിക്കാന്‍ അവര്‍ക്ക് കഴിയില്ല. അഴിമതിയും ഭരണപരാജയവും തെരഞ്ഞെടുപ്പുഫലങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുമെന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചിരുന്ന ജനവിഭാഗങ്ങള്‍ ഏറെയും അവരില്‍ നിന്നും അകന്നുപോയിരിക്കുന്നു. അയോധ്യയടക്കം വൈകാരിക വിഷയങ്ങള്‍ കുത്തിയിളക്കാതെ മറ്റു മാര്‍ഗമില്ലെന്ന ഘട്ടത്തിലാണ് ബിജെപി അത്യന്തം അപകടകരമായ രാഷ്ട്രീയ തീക്കളിക്ക് മുതിര്‍ന്നിരിക്കുന്നത്. സുപ്രിംകോടതിയുടെ പരിഗണനയില്‍ പോലുമില്ലാത്ത ഒരു വിഷയത്തിലാണ് കോടതി തീര്‍പ്പുകല്‍പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയം അയോധ്യയിലെ തര്‍ക്കഭൂമിയുടെ ഉടമാവകാശമാണ്. അതില്‍ വിശ്വാസത്തിന്റെ പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല. രാമന്‍ എവിടെ ജനിച്ചു എന്നത് കോടതിയുടെ പരിണഗണനാ വിഷയമല്ല.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് സ്ത്രീ പുരുഷ തുല്യത സംബന്ധിച്ച ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒന്നായിരുന്നു. അതുമായി അയോധ്യ തര്‍ക്കഭൂമി കേസിനെ താരതമ്യം ചെയ്യാന്‍ കേന്ദ്ര നിയമമന്ത്രി നടത്തിയ ശ്രമം ദുരുപദിഷ്ടമാണ്. അത് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച തര്‍ക്കത്തെ വിശ്വാസവുമായി കൂട്ടിക്കുഴയ്ക്കാനുള്ള പാഴ്ശ്രമമാണ്. ഇരു കേസുകളിലും ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥക്കും ഉപരി വിശ്വാസത്തെ പ്രതിഷ്ഠിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാറിന്റെ അജണ്ടയാണ് മറനീക്കി പുറത്തുവരുന്നത്. ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും സംരക്ഷിച്ചു നിലനിര്‍ത്തുക എന്നത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും കനത്ത വെല്ലുവിളിയാണ്. പരാജയ ഭീതി പൂണ്ട ബിജെപി-സംഘ്പരിവാര്‍ പ്രഭൃതികള്‍ അധികാരം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനകളാണ് സുപ്രിംകോടതിക്കെതിരായ ഭീഷണി തുറന്നുകാട്ടുന്നത്. ഈ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ഉന്നതമായ രാഷ്ട്രതന്ത്രജ്ഞത പ്രകടിപ്പിക്കാന്‍ ജനാധിപത്യ‑മതനിരപേക്ഷ‑ഇടതുപക്ഷ ശക്തികള്‍ സന്നദ്ധമാകണം.