Thursday
21 Mar 2019

ഭരണഘടന ഭീഷണിയില്‍

By: Web Desk | Saturday 12 January 2019 10:12 PM IST


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കുന്നതിലൂടെ മോഡി സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കിയത്. ഇത് രാജ്യത്തിന്റെ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന വാദഗതികള്‍ ഉന്നയിക്കുന്ന ബൂര്‍ഷ്വാ പാര്‍ട്ടികള്‍പോലും സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോഡി സര്‍ക്കാരിനൊപ്പംനിന്നു എന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം.

ജാതിവ്യവസ്ഥയുടെ ഭാഗമായി നിലനിന്നിരുന്ന സാമൂഹ്യ അസമത്വം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി സംവരണം എന്ന വിഷയം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്നപ്പോഴും പിന്നീടും പലതവണ സാമ്പത്തിക സംവരണം എന്ന ആശയം പലവിധത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി. സാമൂഹ്യ വിവേചനം, വിദ്യാഭ്യാസപരമായുള്ള പിന്നാക്കാവസ്ഥ എന്നിവ ഇല്ലാതാക്കുകയും ജാതിരഹിതമായ ഒരു സമൂഹം വാര്‍ത്തെടുക്കുകയുമാണ് സംവരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി പലതവണ തിരസ്‌കരിച്ചു. സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജാതിരഹിതമായ ഒരു സമൂഹമാണ് ഭരണഘടന ലക്ഷ്യമിടുന്നത്. മ്ലേച്ഛമായ ജാതിവ്യവസ്ഥ ഒഴിവാക്കുകയായിരുന്നു പരമമായ ലക്ഷ്യം. ജാതിവ്യവസ്ഥ നിലനിര്‍ത്തുകയും തുടരുകയും ചെയ്യുകയെന്നതാണ് ആര്‍എസ്എസിന്റെ ആവശ്യം. സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തെ സംഘപരിവാര്‍ എതിര്‍ത്തിരുന്നു. ഈ ലക്ഷ്യം മറച്ചുവച്ചാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള സംവരണ ആവശ്യം സംഘപരിവാര്‍ ഉയര്‍ത്തുന്നത്.

സംഘപരിവാറിന്റെ ആവശ്യത്തെ മോഡി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ നേടിയെടുത്തു. ഉന്നത ജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി. സംവരണം 50 ശതമാനത്തില്‍ കൂടുതലാകുന്നത് തടയുന്ന നിയമത്തെ മറികടക്കുന്നതിനാണ് ഭരണഘടനാ ഭേദഗതി നടത്തിയതെന്ന മോഡി സര്‍ക്കാരിന്റെ വാദം ശുദ്ധ അസംബന്ധമാണ്. തമിഴ്‌നാട്ടില്‍ 69 ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പക്ഷേ ഇത് സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലെന്നുമാത്രം. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനം തികച്ചും വഞ്ചനയാണ്. സാമൂഹ്യ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സംവരണം ആത്യന്തികമായി ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായി മാറി. പാവപ്പെട്ട ജനവിഭാഗങ്ങളുടെ സാമ്പത്തിക വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ കാര്യങ്ങളില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ആത്മാര്‍ഥത ഏവര്‍ക്കും അറിവുള്ള കാര്യമാണ്.

ഈ സാഹചര്യത്തില്‍ മോഡി സര്‍ക്കാരിന്റെ നെറികെട്ട സാമ്പത്തിക സംവരണനീക്കത്തിന് വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അത്ഭുതപ്പെടേണ്ടതില്ല. വര്‍ഗ പ്രതിബന്ധത എന്നതിലുപരിയായി ഈ പാര്‍ട്ടികളെയൊക്കെ ജാതി ധ്രുവീകരണമെന്ന രോഗം ബാധിച്ച അവസ്ഥയിലാണ്. ബിജെപിയെപോലെ ഈ പാര്‍ട്ടികളും വരുന്ന തെരഞ്ഞെടുപ്പിലെ വോട്ട് സമാഹരണമാണ് ലക്ഷ്യമിടുന്നത്. സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയെ ആകെയുള്ള ആറ് ദേശീയ പാര്‍ട്ടികളില്‍ എതിര്‍ത്തത് സിപിഐ മാത്രമാണ്.
കഴിഞ്ഞ നാലരവര്‍ഷത്തെ തുടര്‍ച്ചയായ ഭരണ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുക എന്നഅജണ്ടയാണ് തിടുക്കത്തിലുള്ള ഭരണഘടനാ ഭേദഗതിയിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, പാവപ്പെട്ട ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 15ലക്ഷം രൂപവീതം നിക്ഷേപിക്കും തുടങ്ങിയ പൊള്ളയായ വാഗ്ദാനങ്ങള്‍, ജനജീവിതം ദുസ്സഹമാക്കിയ നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി നടപ്പാക്കല്‍ എന്നിവയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് സാമ്പത്തിക സംവരണം തിടുക്കത്തില്‍ നടപ്പാക്കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളും ഏറെ ചര്‍ച്ചാവിഷയമായി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കഥകളും പുറത്തുവന്നു. ഖജനാവില്‍ നിന്നും 30000 കോടി രൂപ കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലുകളും മറനീക്കി പുറത്തുവന്നുകഴിഞ്ഞു. ജനശ്രദ്ധ തിരിക്കുന്ന തീരുമാനങ്ങളിലൂടെ റഫാല്‍ ഇടപാട് സംബന്ധിച്ച അന്വേഷണം ഒഴിവാക്കുകയാണ് മോഡിയുടെ തന്ത്രം. തെരഞ്ഞെടുപ്പിന് ശേഷവും റഫാല്‍ ഇടപാട് മോഡിയെ വേട്ടയാടും. ദേശീയ, പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികള്‍ വിവിധ കാരണങ്ങളില്‍ ഇക്കാര്യങ്ങളില്‍ നിന്നും ശ്രദ്ധതിരിഞ്ഞെന്നുവരാം.
എന്നാല്‍ രാജ്യത്തെ സാധാരണ ജനങ്ങള്‍ സര്‍ക്കാരിന്റെ യഥാര്‍ഥമുഖം തിരിച്ചറിഞ്ഞു. ഈ സര്‍ക്കാരിനെ പുറത്താക്കാന്‍ ഏത് തരത്തിലുള്ള പോരാട്ടത്തിനും രാജ്യത്തെ തൊഴിലാളികള്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്നതാണ് ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ നടന്ന ദേശീയ പണിമുടക്ക്. സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കു പുറമേ കര്‍ഷകര്‍, ബാങ്ക് ജീവനക്കാര്‍, മസ്ദൂര്‍മാര്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പണിമുടക്കിന് പിന്തുണയുമായി രംഗത്തെത്തി. ഈ ഐക്യം സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും വേണം.

രാജ്യത്തെ 20 കോടി തൊഴിലാളികള്‍ പണിമുടക്കിയ ദിനത്തില്‍ ട്രേഡ് യൂണിയന്‍ നിയമത്തില്‍ ഭേദഗതിവരുത്തുന്നതിനുള്ള ബില്‍ അവതരിപ്പിച്ചു. കഴിഞ്ഞ അമ്പത് വര്‍ഷമായി ശക്തമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മോഡി സര്‍ക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധ നീക്കത്തിനെതിരെ ഇപ്പോഴുള്ള ഐക്യം കൂടുതല്‍ വിശാലമാക്കാന്‍ തൊഴിലാളി യൂണിയനുകള്‍ തയ്യാറാകണം.
പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ സമ്മേളനത്തില്‍ നിന്നും വ്യക്തമാണ്. ബജറ്റിന്‍മേലുള്ള ഉപധനാഭ്യര്‍ഥനകള്‍ക്കായി ചേരുന്ന സമ്മേളനത്തില്‍ തൊഴിലാളി വിരുദ്ധ നിയമം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ധനബില്ലുകളായാണ് കഴിഞ്ഞകാലങ്ങളില്‍ ജനവിരുദ്ധ, കോര്‍പ്പറേറ്റ് പ്രീണന നിയമങ്ങള്‍ മോഡി സര്‍ക്കാര്‍ പാസാക്കിയത്. ജനവിരുദ്ധ സര്‍ക്കാരിന്റെ ബാക്കിയുള്ള നൂറുദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.