June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ട്രാന്‍സ്ജെൻഡര്‍ നിയമത്തിന്റെ ഭരണഘടനാ സാധുത: കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

By Janayugom Webdesk
January 27, 2020

ട്രാന്‍സ്ജെൻഡര്‍ വ്യക്തികള്‍ക്കായുള്ള (അവകാശ സംരക്ഷണം) നിയമം 2019ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചത്.ആസ്സാമിലെ ആദ്യ ട്രാന്‍സ്‌ജെൻഡര്‍ ജഡ്ജും ഗ്രാന്‍സ്ജെൻഡര്‍ പ്രവര്‍ത്തകയുമായ സ്വാതി ബിദ്വാന്‍ ബറുവയാണ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ട്രാന്‍സ്‌ജെണ്ടറുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം ഫലത്തില്‍ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നു ഹര്‍ജിയില്‍ പറയുന്നു. നിയമം അനുശാസിക്കും പ്രകാരം ഒരാള്‍ ഗ്രാന്‍സ്ജെൻഡര്‍ ആണെന്ന് തെളിയിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ സര്‍ട്ടിഫിക്കേറ്റ് അനിവാര്യമാണ്. ട്രാന്‍സ്ജെൻഡറിൽ ഉള്‍പ്പെട്ട ഒരാള്‍ സ്ത്രീയായോ പുരുഷനായോ ലിഗഭേദം വരുത്താനുള്ള ശസ്ത്രക്രിയ നടത്തിയാലും ജില്ലാ മജിസ്‌ട്രേറ്റിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. ഒരു വ്യക്തിയുടെ അന്തസിനും അയാളുടെ സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റമാണിത്. നാല്‍സ കേസ് വിധിയില്‍ ഒരാള്‍ സ്വയം ട്രാന്‍സ്‌ജെൻഡറാണോ എന്നു വെളിപ്പെടുത്തിയാല്‍ മതിയെന്നു വ്യക്തമാക്കുമ്പോള്‍ നിയമം പ്രാബല്യത്തിലായതോടെ സ്വയം തിരിച്ചറിയല്‍ എന്നത് സര്‍ക്കാര്‍ തിരിച്ചറിയല്‍ എന്ന നിലയില്‍ മാറിയെന്നും ഹര്‍ജിയില്‍ പറയുന്നു.

നാഷ്ണല്‍ ലീഗല്‍ സെല്‍ അഥോറിറ്റി (നാല്‍സ) കേസിലെ വിധിയില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടി വേണമെന്ന് സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിയമത്തില്‍ ഇക്കാര്യം സംബന്ധിച്ച് നിര്‍ബന്ധിതമായ നിബന്ധനകളൊന്നും മുന്നോട്ടു വയ്ക്കുന്നില്ലെന്നും ക്ഷേമ നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നൊരു നിര്‍ദ്ദേശം മാത്രമാണ് നിയമത്തിലുള്ളതെന്നും ഹര്‍ജിയിലുണ്ട്. സംവരണത്തിലൂടെ തുല്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യം നേടാനാണെന്നും എന്നാല്‍ പാര്‍ലമെന്റ് നിയമത്തില്‍ അത്തരമൊരു കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ട്രാന്‍സ്‌ജെൻഡറുകാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കുള്ള ശിക്ഷയുടെ കാര്യത്തിലും പോരായ്മകളുണ്ട്. ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായാല്‍ അതിലെ പ്രതിക്ക് ജീവപര്യന്തംവരെ ശിക്ഷ നല്‍കാന്‍ വകുപ്പുകള്‍ ഉള്ളപ്പോള്‍ ട്രാന്‍സ്‌ജെൻഡറിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ആറുമാസം മുതല്‍ രണ്ടു വര്‍ഷംവരെ തടവാണ് നിയമത്തിലുള്ളത്. ഇത് നിയമത്തിലെ വേര്‍തിരിവാണ്. വിവേചനത്തിനെതിരെയുള്ള നിയമത്തിലെ വകുപ്പുകള്‍ക്ക് ശക്തിപോരെന്നും ഹര്‍ജിയില്‍ പറയുന്നു.

അസമില്‍ നടന്ന ദേശീയ പൗരത്വ രജിസ്റ്ററില്‍ സ്ത്രീ, പുരുഷന്‍, എന്നീ രണ്ടു വിഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റു വിഭാഗം എന്ന കോളം ഇല്ലാതിരുന്നതിനാല്‍ അസമിലെ ട്രാന്‍സ്‌ജെൻഡറുകളില്‍ രണ്ടായിരത്തോളം പേര്‍ക്ക് സ്വന്തം വ്യക്തിത്വം നഷ്ടമായതായും ട്രാന്‍സ്‌ജെൻഡറുകള്‍ പുരുഷനോ സ്ത്രീയോ എന്നി രണ്ടിലേതെങ്കിലുമൊരു വിഭാഗമായി മാറേണ്ടി വന്നെന്നും ഹര്‍ജിയില്‍ പറയുന്നു. എൻആർസിക്ക് ആവശ്യമായ രേഖകളില്‍ 1971 ന് മുമ്പുള്ള രേഖകളൊന്നും ഈ വിഭാഗത്തില്‍ പെട്ടതാണെന്നു തെളിയിക്കാന്‍ പോന്നതായി ട്രാന്‍സ്‌ജെൻഡേഴ്‌സിന്റെ കൈവശം ഇല്ലാതിരുന്നതാണ് ഇതിനു കാരണമായതെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.ട്രാന്‍സ്‌ജെൻഡര്‍ അവകാശ സംരക്ഷണ നിയമം 2019 നവംബര്‍ 26നാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. ഡിസംബര്‍ അഞ്ചിന് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു.

Eng­lish sum­ma­ry: Con­sti­tu­tion­al valid­i­ty of trans­gen­der law: Supreme Court notice to cen­tral government

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.