Janayugom Online
AMU

അലിഗഢ് സര്‍വകലാശാലയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ബിജെപി യുവജന വിഭാഗം

Web Desk
Posted on February 08, 2019, 10:21 pm

ന്യൂഡല്‍ഹി: അലിഗഢ് മുസ്‌ലിം കേന്ദ്ര സര്‍വകലാശാലയില്‍(എഎംയു) ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ബിജെപി യുവജന വിഭാഗം. ഹിന്ദു വിദ്യാര്‍ഥികള്‍ക്കായി കാമ്പസിനകത്ത് ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യമുന്നയിച്ച് വി സി താരീഖ് മന്‍സൂറിന് ഭാരതീയ ജനതാ യുവ മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ മുകേഷ് സിങ് ലോധി കത്തയച്ചു.
ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മറുപടി നല്‍കാന്‍ വിസിക്ക് 15 ദിവസത്തെ സമയമാണ് സംഘം അനുവദിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം ആയിരത്തിലധികം വരുന്ന ബിജെവൈഎം പ്രവര്‍ത്തകര്‍ കാമ്പസിനകത്ത് ‘മൂര്‍ത്തി സ്ഥാപന’ നടത്തുമെന്ന് മുകേഷ് സിങ് പറഞ്ഞു.
ഹിന്ദു വിദ്യാര്‍ഥികള്‍ക്ക് ആരാധന നിര്‍വഹിക്കാന്‍ കാമ്പസില്‍ ബുദ്ധിമുട്ടുണ്ട്. ക്ഷേത്ര നിര്‍മ്മാണം മതമൈത്രി വളര്‍ത്തുന്നതിന് ഉപകരിക്കുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള കത്ത് ലഭിച്ചതായി അറിയില്ലെന്ന് യൂണിവേഴ്‌സിറ്റി വക്താവ് അറിയിച്ചു.