Monday
25 Mar 2019

തീരദേശ മത്സ്യത്തൊഴിലാളികള്‍ക്കായി ഫ്ലാറ്റുകള്‍ നിര്‍മ്മിക്കും

By: Web Desk | Tuesday 6 November 2018 6:36 PM IST


ആലപ്പുഴ: സമുദ്രത്തിന് 50മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന കടലേറ്റ ബാധിതരായ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി വണ്ടാനത്ത് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കരുവാറ്റ ചെറുതന ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കൊപ്പാറക്കടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനു വേണ്ടി രണ്ട് ഏക്കറോളം സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴ- കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് വലിയഴീക്കലില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ പണിയും പുരോഗമിക്കുകയാണ്. 150 കോടി രൂപയാണ് അതിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന്റെ പാതയില്‍ മുന്നേറുമ്പോഴും മനപ്പൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ വിശ്വസത്തിനു എതിരല്ല. ചിലര്‍ ഒരുക്കുന്ന കെണിയില്‍ കേരളം വീഴില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അതില്‍ വിട്ടു വീഴ്ച ചെയ്യില്ല.
ജില്ലയിലെ തീരദേശ റോഡുകള്‍ക്കായി 54.33 കോടി രൂപ ഈ സര്‍ക്കാര്‍ പുതുതായി അനുവദിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ ഏഴരക്കോടി രൂപ, അര്‍ത്തുങ്കല്‍ ഹാര്‍ബറിന്റെ അറ്റകുറ്റ പണിക്കായി 81 ലക്ഷം രൂപ, നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 49 കോടിയോളം രൂപ, വലിയഴീക്കല്‍ ഹാര്‍ബറില്‍ ഡ്രെഡ്ജിംഗ് പൂര്‍ത്തിയാക്കുന്നതിനായി 1.8 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.