Janayugom Online
KKD-Wayanad Resort Issues-WYD (1)

കുന്നുകളിലെ നിര്‍മ്മാണം ഇനിയും ദുരന്തത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക

Web Desk
Posted on August 26, 2018, 10:18 pm

ബിജു കിഴക്കേടത്ത്
മാനന്തവാടി: കുന്നുകളിലെയും നീര്‍ച്ചാലുകളിലെയും മണ്ണിടിച്ചിലിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇനിയും കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ആശങ്ക. ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ ഭൂരിഭാഗം പ്രദേശങ്ങളിലും വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉണ്ടായിരിക്കുന്ന മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും നടന്നത് മലയോരമേഖലയിലാണ്. ഈ പ്രദേശങ്ങളിലെ കുന്നുകളില്‍ വ്യാപകമായി മണ്ണ് ഇടിച്ച് നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ട്. വയനാട് ജില്ലയിലെ തലപ്പുഴ മക്കിമല ഉരുള്‍പ്പൊട്ടിയ കുന്ന് 2015ല്‍ അനധികൃത മണ്ണെടുക്കല്‍ നടന്ന പ്രദേശമാണ്. അന്ന് പ്രദേശവാസികള്‍ റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. അനധികൃത നിര്‍മ്മാണത്തിന് എതിരെ മുമ്പ് ജനയുഗം വാര്‍ത്തയും നല്‍കിയിരുന്നു.
വയനാട് ജില്ലയില്‍ തവിഞ്ഞാല്‍, തിരുനെല്ലി, മാനന്തവാടി, തൊണ്ടര്‍നാട്, വൈത്തിരി, പൊഴുതന, തരിയോട്, വെള്ളമുണ്ട, പുല്‍പ്പള്ളി, അമ്പലവയല്‍, മേപ്പാടി, കല്‍പ്പറ്റ എന്നീ പഞ്ചായത്തുകളിലും നഗരസഭയിലും വ്യാപകമായി കുന്നിടിച്ചും നീര്‍ച്ചാലുകള്‍ നികത്തിയും വന്‍ നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ട്. നിര്‍മ്മാണങ്ങള്‍ക്ക് എതിരെ പരാതി ഉയരുമ്പോള്‍ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ കൊടുക്കും. നിര്‍മ്മാണ നടത്തുന്നവര്‍ കോടതിയില്‍ പോയി സ്റ്റേയും കൊണ്ടുവരും. വയനാട് ജില്ലയില്‍ മാത്രം അപകടസാധ്യതയുള്ള കുന്നിന്റെ മുകള്‍ഭാഗങ്ങളില്‍ അമ്പതിലധികം റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെ നിരവധി ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിച്ചിരുന്നു. അശാസ്ത്രീയമായി ഭൂമി തരംമാറ്റിയത് വയനാട്ടിലെ മണ്ണിടിച്ചിലിന്റെ ആഘാതം കൂട്ടിയതായി മണ്ണ് സംരക്ഷണ വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയിലും പരിസരത്തുമായി റവന്യു പട്ടയഭൂമിയില്‍ ഉള്‍പ്പെടെ അഞ്ചിലധികം റിസോര്‍ട്ടുകള്‍ നിലവിലുണ്ട്. മലയോരമേഖലകളിലെ മണ്ണിടിച്ചിലിനും നീര്‍ച്ചാലുകള്‍ നികത്തുന്നതിനും കര്‍ശനനിയമം നടപ്പാക്കിയില്ലെങ്കില്‍ ഇനി വലിയ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് കരണമാകും.