കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണം; പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

Web Desk
Posted on March 22, 2018, 8:32 pm

തളിപ്പറമ്പ് : നിലവിലുള്ള ഹൈവേ വീതി കൂട്ടി തളിപ്പറമ്പ് നഗരത്തിലൂടെ ഫ്ലൈ ഓവറിന്‍റെ സാധ്യത പരിഗണിക്കണമെന്ന ആവശ്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് ബൈപ്പാസ് ബദല്‍ നിര്‍ദ്ദശങ്ങള്‍ പ്രസിദ്ധീകരിച്ചു. തളിപ്പറമ്പ് നഗരത്തില്‍ നിലവില്‍ റോഡിന് 20 മുതല്‍ 30 മീറ്റര്‍ വരെ വീതിയുണ്ട്. നഗരത്തിലെ കെട്ടിടങ്ങളുടെ ബാഹുല്യമാണ് വീതികൂട്ടുന്നതിന് പ്രധാന തടസ്സം. ഇത് ഒഴിവാക്കാന്‍ ഏഴാംമൈല്‍ മുതല്‍ ലൂര്‍ദ്ദ് ഹോസ്പിറ്റലിനു സമീപത്തു വരെ പത്ത് മീറ്റര്‍ വീതിയില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കണമെന്നാണ് ബദല്‍ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. ഇതനുസരിച്ച് താഴെയും മുകളിലും രണ്ട് വരി വീതം പാതകളായി ഫ്ലൈ ഓവറും നിലവിലുള്ള പാതയെയും ഉപയോഗപ്പെടുത്താനാവും. ദീര്‍ഘകാല അടിസഥാനത്തില്‍ പരിശോധിച്ചാല്‍ 50 കൊല്ലത്തേക്ക് അറ്റകുറ്റ പണികള്‍ വേണ്ടിവരില്ല എന്നതുകൊണ്ട് ഫ്ലൈഓവര്‍ ലാഭകരമാണ്. ഇതോടൊപ്പം ചിറവക്ക് മുതല്‍ 40 മീറ്റര്‍ വീതിയില്‍ കയറ്റം കുറച്ചും വളവ് നികത്തിയും നിലവിലുള്ള ദേശീയപാത വികസിപ്പിക്കണം. ഇതില്‍ പലസ്ഥലത്തും സര്‍ക്കാര്‍ ഭൂമിയും നിലവിലുണ്ട്. അതു കഴിച്ച് വളരെ കുറച്ച് സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടി വരികയുള്ളൂ. ഇവിടെ മൂന്ന് വീടുകള്‍ മാത്രമേ നഷ്ടമാകുന്നുള്ളൂ.

ബദല്‍ നിര്‍ദ്ദേശം അനുസരിച്ച് 30 വീടുകളും, 39 വാണിജ്യ സ്ഥാപനങ്ങളും പൊളിച്ചു മാറ്റേണ്ടി വരും. പൊളിച്ചു മാറ്റേണ്ട വീടുകളില്‍ 73 ശതമാനവും, വ്യാപാര സ്ഥാപനങ്ങളില്‍ 77 ശതമാനവും 30 മുതല്‍ 50 വര്‍ഷം വരെ പഴക്കമുള്ളവയാണ്. വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസത്തിനും , കച്ചവട സ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് തൃച്ചംബരത്തിനും ഏഴാംമൈലിനും ഇടയില്‍ വ്യാപാര സമുച്ചയം നിര്‍മ്മിച്ചു നല്‍കുന്നതിനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. വികസനത്തിനായി ഒരൊറ്റ വയലും നികത്തരുതെന്ന അഭിപ്രായം പരിഷത്തിനില്ല. കൃഷിക്കു പുറമെ പാരിസ്ഥികപ്രാധാന്യം കൂടി കണക്കിലെടുക്കണം. വീടുകള്‍ നഷ്ടപ്പെടില്ല എന്നതുകൊണ്ടു മാത്രം വയല്‍ നികത്താന്‍ കൈക്കൊണ്ട തീരുമാനത്തെ എതിര്‍ക്കുന്നു.

കൃഷിക്കാര്‍ക്ക് സമ്മതമാണ് എന്നതുകൊണ്ട് വയല്‍ നികത്താമെന്നത് അംഗീകരിക്കാനാവില്ല. കുറ്റിക്കോല്‍, കുപ്പം, കൂവോട് ഭാഗത്ത് 229.4 ഏക്കര്‍ മാത്രമാണ് വയലുള്ളത് എന്നിരിക്കെ 250 ഏക്കര്‍ വയല്‍ ബൈപ്പാസിനായി നികത്തപ്പെടുമെന്ന് പരിഷത്ത് പ്രചരിപ്പിച്ചുവെന്ന വാദം ശരിയല്ല. നവീകരിക്കുന്ന 5.50 കിമി ഹൈവേയും 2.1 കിമി യാണ് ഫ്ലൈ ഓവര്‍ നിര്‍മ്മിക്കേണ്ടി വരിക. ഹൈവേ വികസനത്തിനായി 10.33 ഹെക്ടര്‍ ഭൂമി മാത്രമേ പരിഷത്തിന്‍റെ ബദല്‍ നിര്‍ദ്ദേശമനുസരിച്ച് ഏറ്റെടുക്കേണ്ടി വരികയുള്ളൂ. ബൈപ്പാസ് ആവശ്യമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ അത് ഏത് വഴി വേണമെന്ന് നിശ്ചയിക്കുന്നത് വിശദമായ പാരിസ്ഥിതിക സാമ്പത്തിക പഠനത്തിന്‍റെയും ദീര്‍ഘകാലത്തേക്കുള്ള പരിഗണനയുടെയും അടിസ്ഥാനത്തിലാവണം എന്നും ബദല്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. റോഡ് വികസനത്തിന് സ്ഥലം കണ്ടെത്തുന്നത് വിഷമകരമായ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും മുകളിലോട്ടുള്ള വികസനം അനിവാര്യമാണെന്ന് പരിഷത്തിന്റെ തളിപ്പറമ്പ് ബൈപ്പാസ് ബദല്‍ നിര്‍ദ്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ലോക ജലദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ടൗണ്‍സ്‌ക്വയറില്‍ തളിപ്പറമ്പ് ബൈപ്പാസ് പ്രശ്‌നവും സാധ്യതകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കീഴാറ്റൂര്‍ വഴി വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. ജില്ലാ പ്രസിഡണ്ട് പ്രൊഫസര്‍ കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി വികസനം, ജലസുരക്ഷ എന്ന വിഷയം സിപി ഹരീന്ദ്രനും, തളിപ്പറമ്പ് ബൈപ്പാസ് പഠന റിപ്പോര്‍ട്ട് പ്രൊഫസര്‍ എന്‍കെ ഗോവിന്ദനും അവതരിപ്പിച്ചു. കെ വിനോദ്കുമാര്‍ സ്വാഗതവും ടികെ മുരളീധരന്‍ നന്ദിയും പറഞ്ഞു.