Web Desk

കാസര്‍കോട്‌

July 29, 2020, 6:40 pm

540 കിടക്കകളോടെ കാസര്‍കോട്‌ ടാറ്റ കോവിഡ്‌ ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്‌; 36 വെന്റിലേറ്റര്‍ കിടക്കകള്‍

Janayugom Online

കാസര്‍കോട്‌ ഹൈടെക്‌ ടാറ്റ കോവിഡ്‌ ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍. 36 വെന്റിലേറ്റര്‍ കിടക്കകള്‍ ഉള്‍പ്പെടെ 540 കിടക്കകളോടെ പ്രീ ഫാബ്‌ സാങ്കേതിക വിദ്യയില്‍ ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്‌ യുദ്ധകാല അടിസ്ഥാനത്തില്‍. ആശുപത്രിയുടെ കോറിഡോറും മേല്‍ക്കൂര നിര്‍മ്മാണവും മാത്രമാണ്‌ ബാക്കിയുള്ളത്‌. കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കാസര്‍കോട്‌ ജില്ലയ്‌ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ്‌ നിര്‍മ്മിക്കുന്ന ആശുപത്രി ഏപ്രില്‍ ആദ്യം കാസര്‍കോടിന്‌ അനുവദിച്ചത്‌.

ഏപ്രില്‍ 28, 29 തിയ്യതികളിലാണ്‌ ആശുപത്രി നിര്‍മ്മാണം ആരംഭിച്ചത്‌. ജൂലൈ 30 നോട്‌കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ്‌ ടാറ്റാ ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത്‌. തെക്കില്‍ വില്ലേജില്‍ റവന്യൂ വകുപ്പ്‌ അനുവദിച്ച ഭൂമിയില്‍ പ്രദേശത്തിന്റെ കാഠിന്യം  കാരണം ഭൂമി നിരപ്പാക്കലായിരുന്നു ഏറെ ദുഷ്‌ക്കരം. എന്നാല്‍ കണ്‍സ്‌ട്രക്ഷന്‍ എക്യുപ്‌മെന്റ്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയും കരാറുകാരും ചേര്‍ന്ന്‌ നൂറ്‌ കണക്കിന്‌ ജെ സി ബികള്‍ എത്തിച്ചുകൊണ്ട്‌ 15 ദിവസത്തിനുള്ളില്‍ സൗജന്യമായി ഭൂമി നിരപ്പാക്കി നല്‍കുകയായിരുന്നു. ചൈനയിലെ വുഹാനില്‍ കോവിഡ്‌ പടര്‍ന്നു പിടിച്ചപ്പോള്‍ ആയിരം കിടക്കകളുള്ള ആശുപത്രി പത്ത്‌ ദിവസം കൊണ്ട്‌ പണിതിരുന്നിരുന്നു. ഈ മാതൃകയില്‍ മൂന്ന്‌ മാസം കൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍കം നിര്‍മ്മാണം പൂര്‍ത്തിയാക്കും. തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്‌.

പ്രതികൂലമായ കാലാവസ്ഥയും കോവിഡ്‌ രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു. എന്നിരുന്നാലും നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്‌. ജൂലൈ അവസാന വാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആശുപത്രി സര്‍ക്കാരിന്‌ വിട്ടു നല്‍കാനാവും. ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയെ മൂന്ന്‌ സോണുകളായി തിരിക്കും. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ്‌ ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ്‌ പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ്‌ ഒരുക്കുന്നത്‌. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച്‌ കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ്‌ ഉള്ളത്‌. 128 യൂണിറ്റുകളിലായി(കണ്ടെയ്‌നറുകള്‍) 540 കിടക്കകളാണ്‌ ആശുപത്രിയിലുള്ളത്‌. ഒരു യൂണിറ്റിന്‌ 40 അടി നീളവും 10 അടി വീതിയുമുണ്ട്‌. തെക്കില്‍ വില്ലേജില്‍ അഞ്ച്‌ ഏക്കര്‍ സ്ഥലത്ത്‌ റോഡ്‌, റിസപ്‌ഷന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ്‌ ആശുപത്രി ഒരുങ്ങുന്നത്‌.

സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട്ടേക്ക്‌ ടാറ്റാ കോവിഡ്‌ ആശുപത്രി അനുവദിച്ച്‌ തൊട്ടടുത്ത ദിവസം തന്നെ റവന്യൂ വകുപ്പ്‌ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശ പ്രകാരം തെക്കില്‍ വില്ലേജില്‍ അഞ്ച്‌ ഏക്കര്‍ ഭൂമി അനുവദിക്കുകയായിരുന്നു. ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മ്മാണത്തിന്‌ ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ്‌ ഒരുക്കി നല്‍കിയത്‌. ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മ്മാണവും ടാറ്റ ഗ്രൂപ്പാണ്‌ സൗജന്യമായി ചെയ്യുന്നത്‌. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തിര ഘട്ടങ്ങളില്‍ ടാറ്റാ ഗ്രൂപ്പ്‌ ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത്‌ ആദ്യമായി കാസര്‍കോടാണ്‌ ചെയ്യുന്നത്‌. നിര്‍മ്മാണത്തിന്റെ ഒരോ പ്രതിസന്ധിഘട്ടങ്ങളിലും മന്ത്രി ഇ ചന്ദ്രശേഖനും ജില്ലാ ഭരണകൂടവും ജില്ലാ കളക്ടറര്‍ ഡോ ഡി സജിത്‌ ബാബുവും നല്‍കിയ സഹായസഹകരണങ്ങള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സഹായകമായത്‌. ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ടാറ്റാ ഗ്രൂപ്പ്‌ ആശുപത്രി സംസ്ഥാന സര്‍ക്കാരിന്‌ കൈമാറും. തുടക്കത്തില്‍ കോവിഡ്‌ ആശുപത്രിയായാണ്‌ പ്രവര്‍ത്തനമാരംഭിക്കുക. അതിന്‌ ശേഷം ഇത്‌ എങ്ങനെ ഉപയോഗിക്കണമെന്ന്‌ തിരുമാനിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരാണ്‌. എല്ലാ ചികിത്സാ സംവിധാനങ്ങള്‍ക്കുമുള്ള സൗകര്യം ആശുപത്രിയിലുണ്ട്‌. എന്നാല്‍ എന്തെല്ലാം മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന്‌ തിരുമാനിക്കേണ്ടതും സജ്ജീകരിക്കേണ്ടതും സര്‍ക്കാരാണ്‌. ആശുപത്രിയിലേക്ക്‌ ആവശ്യമായ ജീവനക്കാരുടെ നിയമനവും സര്‍ക്കാര്‍ തന്നെയാണ്‌.

you may also like this video

;