പെരുന്തിരുത്തിയില്‍ വള്ളത്തോള്‍ പൂങ്കാവനത്തിന്റെ നിര്‍മാണം തുടങ്ങി

Web Desk
Posted on September 19, 2020, 7:43 pm

ചേന്നര പെരുന്തിരുത്തിയിൽ മഹാകവി വള്ളത്തോൾ സ്മാരക പുഴയോര പൂങ്കാവനത്തിന്റെ നിർമാണം തുടങ്ങി. മംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുന്തിരുത്തി വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് മഹാകവി വള്ളത്തോളിനായി സ്മൃതി കേന്ദ്രം ഉയരുന്നത്. തിരൂർ പൊന്നാനിപ്പുഴ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ 14 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനമാണ് നടക്കുന്നത്.

മുട്ടന്നൂരിലെ പൊതുപ്രവർത്തകൻ സലാം പൂതേരി സൗജന്യമായി നൽകിയ സ്ഥലത്താണ് നിർമാണം. അറുപത് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള സ്ഥലമാണ് ഇതിനായി വിട്ടു നൽകിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. 2017ൽ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത പുഴ സംരക്ഷണ പരിപാടിയുടെ ആലോചന യോഗത്തിൽ മംഗലം പഞ്ചായത്ത് അവതരിപ്പിച്ച പദ്ധതിയാണിത്. തിരൂർ ബ്ലോക്കിൽ മംഗലം പഞ്ചായത്ത് മാത്രമാണ് തിരൂർ പൊന്നാനി പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. തൂക്കുപാലത്തിന്റെ ടൂറിസം സാധ്യതകൾ കൂടി കണക്കിലാക്കിയാണ് പദ്ധതി പെരുന്തിരുത്തിയിൽ നടപ്പിലാക്കുന്നത്.

ശുചിത്വമിഷൻ, ഹരിത കേരളാ മിഷൻ, കുടുംബശ്രീ തുടങ്ങി ഏജൻസികളുമായി ചേർന്നാണ് പദ്ധതി പൂർത്തിയാക്കുക. സന്നദ്ധ സംഘടനകളുമായും വള്ളത്തോൾ കുടുംബവുമായും സഹകരിച്ച് പൂങ്കാവനത്തിൽ വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കും. വള്ളത്തോൾ പൂങ്കാവനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറാ മജീദ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ സെലിം അധ്യക്ഷത വഹിച്ചു.

മഹാകവി വള്ളത്തോളിന് ജന്മനാട്ടിൽ ഒരു സ്മാരകത്തിന് പുറമെ സ്മൃതി കേന്ദ്രം കൂടി ഉയരുന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യാതിഥിതിയായി സംസാരിച്ച മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പറഞ്ഞു. ഉചിതമായ സ്ഥലമാണ് വള്ളത്തോൾ സ്മാരക പുഴയോര പൂങ്കാവനത്തിന് തിരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വള്ളത്തോൾ സ്മൃതി കേന്ദ്രത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ സലാം പൂതേരിയെ ചടങ്ങിൽ ആദരിച്ചു.

Eng­lish sum­ma­ry; Con­struc­tion of Val­lathol Poonka­vanam start­ed at Perun­thiruthi

You may also like this video;