രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ സെസ് ഇനത്തില്‍ പിരിച്ച 70,744 കോടി പാഴായി. സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഗുരുതര അലംഭാവം കാട്ടിയെന്നും തൊഴില്‍ മന്ത്രാലയം വിവരാവകാശ മറുപടിയില്‍ അറിയിച്ചു. അതേസമയം കേരളം പിരിച്ചെടുത്ത ഫണ്ട് മുഴുവനും ചെലവഴിച്ചെന്ന് മന്ത്രാലയം നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 2005ല്‍ കൊണ്ടുവന്ന ദ ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ട് അനുസരിച്ച് പിരിച്ച തുകയാണ് വിനിയോഗിക്കാതിരുന്നത്. പിരിച്ചെടുത്ത 1,17,507.22 കോടിയില്‍ 67,669.92 കോടി മാത്രമാണ് തൊഴിലാളി ക്ഷേമത്തിനായി വിതരണം ചെയ്തത്. നിയമം അനുസരിച്ച് ഒന്നുമുതല്‍ രണ്ട് വരെ ശതമാനം തുകയാണ് തൊഴിലുടമകള്‍ ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സെസായി നല്‍കേണ്ടത്.
സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലായി 36 ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ 5.74 കോടി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട തുകയാണ് ഗുണഭോക്താക്കളുടെ കൈകളിലെത്താതെ പോയത്. തൊഴിലാളി പ്രവര്‍ത്തകനായ അര്‍ക രാജ് പണ്ഡിറ്റ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് തൊഴില്‍ മന്ത്രാലയം വിവരങ്ങള്‍ നല്‍കിയത്. മഹാരാഷ്ട്രയില്‍ 19 വര്‍ഷത്തിനിടെ 19,489.25 കോടി രൂപയാണ് സെസ് ഇനത്തില്‍ പിരിച്ചെടുത്തത്. പ്രതിവര്‍ഷം ഒരു ലക്ഷം കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സംസ്ഥാനത്ത് കേവലം 13,683.18 ലക്ഷം രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. ചെലവഴിക്കാതെ 9,731.83 കോടി രൂപയാണ് അവശേഷിക്കുന്നത്.
സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളാണ് ഫണ്ട് കൃത്യമായി വിനിയോഗിക്കേണ്ടത്. നിയമത്തിലെ സെക്ഷന്‍ 22, ഗുണഭോക്താവിന് അപകടം സംഭവിച്ചാല്‍ ഉടനടി സഹായം നല്‍കുന്നതിന് ഫണ്ട് വിനിയോഗിക്കുന്നതിനും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് പണം നല്‍കുന്നതിനും പെന്‍ഷന്‍ കൊടുക്കുന്നതിനും ഭവന വായ്പകളും അഡ്വാന്‍സുകളും നല്‍കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. ഗുണഭോക്താക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം, ആശ്രിതര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായാല്‍ ചികിത്സാ ചെലവ് വഹിക്കുക, വനിതാ ഗുണഭോക്താക്കള്‍ക്ക് പ്രസവാനുകൂല്യം, തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങളും നിയമത്തിലുണ്ട്. അതുകൊണ്ട് ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അര്‍ക രാജ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.