October 6, 2022 Thursday

സ്വര്‍ണത്തിലെ ഉപഭോക്തൃ നിക്ഷേപം വര്‍ധിച്ചു

Janayugom Webdesk
കൊച്ചി
July 29, 2021 3:00 pm

നടപ്പു വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സ്വര്‍ണത്തിലെ ഉപഭോക്തൃ നിക്ഷേപം വര്‍ധിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021‑ന്റെ ആദ്യ ത്രൈമാസത്തിലേതില്‍ നിന്ന് ഒന്‍പതു ശതമാനം വര്‍ധനവോടെ 955.1 ടണ്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡാണ് കൈവരിക്കാനായിട്ടുള്ളത്. ഇതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം ഇടിവുമുണ്ട്. ഉപഭോക്താക്കളും ചെറുകിട നിക്ഷേപകരും സ്വര്‍ണം വീണ്ടും വാങ്ങിയപ്പോള്‍ സ്ഥാപന നിക്ഷേപകര്‍ അത്ര താല്‍പര്യം കാട്ടിയില്ല. രണ്ടാം ത്രൈമാസത്തില്‍ ഗോള്‍ഡ് ഇടിഎഫുകളിലേക്ക് 40.7 ടണ്‍ മാത്രമായിരുന്നു എത്തിയത്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് ഇക്കാലയളവിലും തുടര്‍ന്നു. ഇക്കാര്യത്തില്‍ 199.9 ടണിന്റെ വളര്‍ച്ചയാണ് രണ്ടാം ത്രൈമാസത്തില്‍ ദൃശ്യമായത്.

ഈ വര്‍ഷം 1,600 മുതല്‍ 1,800 ടണ്‍ വരെയുള്ള ആഭരണ ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കു കൂട്ടുന്നത്. ഇത് 2020‑ലെ കണക്കുകളേക്കാള്‍ വളരെ ഉയര്‍ന്നതാണെങ്കിലും അഞ്ചു വര്‍ഷ ശരാശരിയേക്കാള്‍ താഴ്ന്ന നിലയിലാണ്. നിക്ഷേപ ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ചെറിയ തോതില്‍ ഉയര്‍ന്ന് 1,250–1,400 ടണ്‍ എന്ന നിലയിലുമായിരിക്കും എന്നാണ് വിലയിരുത്തല്‍. ഗോള്‍ഡ് ഇടിഎഫുകള്‍ 2020‑ലെ റെക്കോര്‍ഡ് പ്രകടനം ആവര്‍ത്തിക്കില്ലെന്നാണ് കണക്കാക്കുന്നത്.

സ്വര്‍ണ ബാറുകളുടേയും നാണയങ്ങളുടേയും കാര്യത്തില്‍ 2013‑നു ശേഷമുള്ള ഏറ്റവും മികച്ച ത്രൈമാസവുമായിരുന്നു കടന്നു പോയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 56 ശതമാനം വര്‍ധനവോടെ 243.8 ടണ്‍ ഡിമാന്‍ഡാണ് ഇവിടെ ദൃശ്യമായത്. ഇതേ സമയം ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളിലെ കണക്കു വിലയിരുത്തുമ്പോള്‍ ആകെ ഡിമാന്‍ഡ് 2020‑ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം ഇടിഞ്ഞ് 1,833 ടണില്‍ എത്തിയതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ആകെ സ്വര്‍ണ ഡിമാന്‍ഡ് രണ്ടാം ത്രൈമാസത്തില്‍ 19.2 ശതമാനം വര്‍ധിച്ച് 76.1 ടണില്‍ എത്തിയിട്ടുണ്ട്. ആഭരണ ഡിമാന്‍ഡ് 25 ശതമാനം വര്‍ധിച്ച് 55.1 ടണിലും എത്തി. രണ്ടാം ത്രൈമാസത്തില്‍ ഇന്ത്യയിലേക്ക് ആകെ 120.4 ടണ്‍ ഇറക്കുമതി നടത്തിയതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020‑ലെ രണ്ടാം ത്രൈമാസത്തില്‍ ഇത് 10.9 ടണ്‍ മാത്രമായിരുന്നു.

കോവിഡ് ബാധയെ തുടര്‍ന്ന് വിപുലമായ ലോക്ഡൗണുകളാണ് 2021‑ലെ രണ്ടാം ത്രൈമാസത്തില്‍ ഉണ്ടായിരുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഇന്ത്യാ റീജണല്‍ സിഇഒ പി ആര്‍ സോമസുന്ദരം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ അപ്രതീക്ഷിത ദേശീയ ലോക്ഡൗണിനെ അപേക്ഷിച്ച് ഈ വര്‍ഷം ബിസിനസ് മേഖലയില്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നു. ഡിജിറ്റല്‍ സേവനങ്ങളും നിയന്ത്രണങ്ങളിലെ ഇളവും ആഭരണ ഡിമാന്‍ഡ് 25 ശതമാനം വര്‍ധനവടെ 55.1 ടണില്‍ എത്താന്‍ സഹായകമായി. വില കുറഞ്ഞതോടെ നിക്ഷേപ ഡിമാന്‍ഡ് ആറു ശതമാനം വര്‍ധിച്ച് 21 ടണിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി

”ആഗോള സാമ്പത്തിക സ്ഥിതി വീണ്ടെടുക്കല്‍ തുടരുന്നതിനിടയില്‍, ജ്വല്ലറികളില്‍ വര്‍ഷം തോറും ശക്തമായ വളര്‍ച്ചയോടുകൂടി ഉപഭോക്തൃ ആവശ്യങ്ങള്‍ തിരിച്ചുവരുന്നുണ്ട് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിലെ സീനിയര്‍ മാര്‍ക്കറ്റ്‌സ് അനലിസ്റ്റ് ലൂയിസ് സ്ട്രീറ്റ് പറഞ്ഞു.
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.