19 April 2024, Friday

Related news

April 10, 2024
April 9, 2024
April 8, 2024
April 7, 2024
April 4, 2024
March 31, 2024
March 30, 2024
March 27, 2024
March 26, 2024
March 16, 2024

വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ ഉപഭോക്താക്കളും ഉണരണം

ജയനാരായണൻ
August 13, 2021 5:45 am

രാജ്യത്തെ വൈദ്യുതി മേഖലയിൽ കൂടുതൽ വിനാശകരമായ നിയമങ്ങൾ നടപ്പാക്കാനുള്ള പരിപാടികളുമായി മോഡി സർക്കാർ മുന്നോട്ട് പോകുകയാണ്. വൈദ്യുതി വിതരണ മേഖലയുടെ നിയന്ത്രണം പൊതുമേഖലയിൽ നിന്നു മാറ്റി പൂർണ­മായും സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്ന 2021­ലെ വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ രാജ്യത്താകമാനം പ്രക്ഷോഭം തുടരുകയാണ്. വൈദ്യുതി വിതരണ മേഖലയിൽ പൊതുമേഖല വൈദ്യുതി ബോർഡുകളോടൊപ്പം സ്വകാര്യ സേ­വന ദാതാക്കളെയും നിയോഗിക്കുമെന്നാണ് പ്രധാ­ന നിര്‍ദ്ദേശം. ഇവ മത്സരാടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ ടെലികോം മേഖലയിലെന്നപോലെ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈ­ദ്യുതി നൽകാൻ കഴിയുമെന്നതാണ് കേന്ദ്രസർക്കാരിന്റെ വാദം. കഴിഞ്ഞ കുറെ മാസങ്ങളായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് നിർദ്ദിഷ്ട വൈദ്യുതി നിയമഭേദഗതികൾ പിൻവലിക്കുക എന്നത് നിര്‍ദ്ദിഷ്ട നിയമങ്ങള്‍ എത്ര ഗുരുതരമായി ആ മേഖലയെ ബാധിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് വൈദ്യുതി മേഖലയുടെ നിയന്ത്രണം സർക്കാരിലായിരുന്നു. ഇതിനായി 1910ൽ ഇലക്ട്രിസിറ്റി ആക്ട് കൊണ്ടുവരികയുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ഗുണമേന്മയുള്ള വൈദ്യുതി താങ്ങാവുന്ന നിരക്കിൽ പൊതുജനങ്ങൾക്ക് നൽകാനായി 1948ൽ ഇലക്ട്രിസിറ്റി സപ്ലൈ ആക്ടും 1956ൽ ഇന്ത്യൻ ഇലക്ട്രിസിറ്റി റൂൾസും രൂപീകരിച്ച് നെഹ്റു സർക്കാർ നടപ്പിലാക്കുകയുണ്ടായി. നവ ഉദാരവല്ക്കരണ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലയെ ദുർബലപ്പെടുത്തി സ്വകാര്യ കുത്തകകളെ സഹായിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് — ബിജെപി സർക്കാരുകൾ മത്സരിച്ച് നടപ്പിലാക്കി. വാജ്പേയി സർക്കാർ 2003ൽ നടപ്പിലാക്കിയ വൈദ്യുതി ഭേദഗതി നിയമം ഇന്ത്യയിലെ പൊതുമേഖല വൈദ്യുതി ബോർഡുകളെ വിഭജിച്ച് കമ്പനികളാക്കി മാറ്റി സ്വകാര്യവല്ക്കരിക്കാൻ നടപടികൾ സ്വീകരിച്ചു. ഈ ഭേദഗതി വഴി വൈദ്യുതി ഉല്പാദനത്തിന് (പവർ ജനറേഷൻ) സ്വകാര്യ മേഖലക്ക് അനുമതി ലഭിച്ചു. നിലവിൽ കേരളത്തിലും ഹിമാചൽപ്രദേശിലും മാത്രമാണ് പൊതുമേഖലാ വൈദ്യുതി ബോർഡുകൾ പ്രവർത്തിച്ചുവരുന്നത്. നമ്മുടെ സംസ്ഥാനത്ത് ഉല്പാദന, പ്രവർത്തന, വിതരണ മേഖലകളെ കെഎസ്ഇബിക്ക് കീഴിലാക്കി മുന്നോട്ട് പോകുകയാണ്.

യുപിഎ സർക്കാരിന്റെ കാലത്ത് 2013ലാണ് വൈദ്യുതി നിയമഭേദഗതികളുടെ ആദ്യ കരട് ത­യാറാക്കപ്പെട്ടത്. വൈദ്യുതി വിതരണ മേഖലയെ പ്രസരണം, വിതരണം എന്നീ മേഖലകളായി വിഭജിക്കാനായിരുന്നു നിർദ്ദേശം. വൈദ്യുതി മേഖലയിൽ മത്സരം ഉയർത്തി കൊണ്ടുവരുന്നതിന് കണ്ടന്റും ക്യാരേജും ആയി വേർതിരിച്ചുകൊണ്ടു മാത്രമെ സാധ്യമാകൂ എന്നതായിരുന്നു ഇതിനായി ഉയർത്തിയ വാദം. മോഡി സർക്കാർ 2014ൽ വൈദ്യുതി നിയമഭേദഗതികൾ പരിഷ്കരിച്ച് പുതിയ കരട് അവതരിപ്പിച്ചു. ഇതനുസരിച്ച് വിതരണ മേഖലയിൽ നിലവിലുള്ള കമ്പനിയുടെ കൈവശമുള്ള വൈദ്യുതി പുതിയതായി ഈ മേഖലയിൽ എത്തുന്ന സപ്ലൈ കമ്പനികൾക്ക് പങ്കുവയ്ക്കാനുള്ള ഇടനില കമ്പനി (ഇന്റര്‍ മീഡിയറി കമ്പനി) എന്ന ഒരു പുതിയ സ്ഥാപനംകൂടി രൂപീകരിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചു. ഈ ഭേദഗതി നിർദ്ദേശങ്ങൾ ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും രാജ്യവ്യാപകമായ കടുത്ത പ്രതിഷേധത്തെ തുടർന്ന് മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞില്ല. സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ സഹായിക്കുന്ന ക്രോസ് സബ്സിഡി എടുത്തുകളയുന്നത് ഉൾപ്പെടെയുള്ള ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ നിയമഭേദഗതികൾ 2018ൽ കേന്ദ്രസർക്കാർ മുന്നോട്ട് വെക്കുകയുണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇത് പാസാക്കുന്ന കാര്യത്തിലും പുരോഗതി ഉണ്ടായില്ല.

2003ലെ വൈദ്യുതി നിയമഭേദഗതി സ്വകാര്യ കമ്പനികള്‍ക്ക് ലൈസൻസുകൾ എടുത്ത് വൈദ്യുതി ഉല്പാദന മേഖലയിൽ കടന്നുവരാൻ അനുമതി നൽകിയപ്പോൾ വൈദ്യുതി വിതരണമേഖല സ്വകാര്യകുത്തകകളെ ഏല്പിക്കാനുള്ള നീക്കങ്ങളാണ് 2021 ലെ വൈദ്യുതി നിയമ ഭേദഗതികളിലൂടെ മോഡി സർക്കാർ നടത്തുന്നത്. ലൈസൻസിങ് സമ്പ്രദായം പൂർണമായും ഇല്ലാതാക്കി, വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഈ ഭേദഗതി നൽകുന്നു. ഈ മേഖലയിൽ കടന്നു വരുന്ന കമ്പനികൾക്ക് മുതൽമുടക്കിറക്കി പുതിയതായി സ്വന്തമായി ആസ്തികളോ, അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കേണ്ടതില്ല. പൊതുഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച പൊതുമേഖലാ വൈദ്യുതി ബോർഡുകളുടെ വൈദ്യുതി വിതരണ ആസ്തികളും, അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കാം. കൂടാതെ സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി ഉല്പാദിപ്പിക്കേണ്ട ആവശ്യകതയും ഇല്ല. മറ്റെവിടെ നിന്നെങ്കിലും ഇത് ലഭ്യമാക്കിയാൽ മതി. പുതിയ ഭേദഗതിയനുസരിച്ച് നിലവിൽ വൈദ്യുതി വിതരണം നടത്തുന്ന വൈദ്യുതബോർഡുകൾ ഉൾപ്പെടെയുള്ള വിതരണകമ്പനികൾ അവരുടെ വൈദ്യുതി വാങ്ങൽ കരാർ പുതിയതായി ഈ മേഖലയിൽ എത്തുന്ന കമ്പനികളുമായി പങ്കുവയ്ക്കണമെന്ന് നിർദ്ദിഷ്ട ഭേദഗതി നിർദ്ദേശിക്കുന്നു. വൈദ്യുതി വിതരണം നടത്തുന്നതിന് കമ്പനികൾക്ക് ലൈസൻസ് ആവശ്യമില്ല. മറിച്ച് ആ പ്രദേശത്ത് പ്രവർത്തിക്കുന്ന റെഗുലേറ്ററി കമ്മിഷനിൽ രജിസ്റ്റർ ചെയ്താൽ മതിയാകും. ഇതിന് ആവശ്യമായ നിബന്ധനകൾ തയ്യാറാക്കുക ഭാവിയിൽ കേന്ദ്രസർക്കാരായിരിക്കും.

നിർദ്ദിഷ്ട ഭേദഗതി ബില്ലിലെ ഏറ്റവും പ്രതിലോമകരമായ മറ്റൊരു നിര്‍ദ്ദേശം വൈദ്യുതി വിതരണ മേഖലയിൽ ഒന്നിലധികം സ്വകാര്യ സേവന ദാതാക്കൾക്ക് അവസരം നൽകും എന്നതാണ്. ഇതിലൂടെ ഈ മേഖലയെ മത്സരാധിഷ്ഠിതമാക്കാനാണ് കേന്ദ്ര നീക്കം. പൊതുമേഖലാ വൈദ്യുതി ബോർഡുകളെല്ലാം സാമൂഹിക പ്രതിബന്ധതയോടെ പ്രവർത്തിക്കാൻ ബാധ്യസ്ഥമായ സ്ഥാപനങ്ങളാണ്. വൻകിട ഉപഭോക്താക്കൾ, വാണിജ്യ — വ്യവസായ സംരംഭങ്ങള്‍ എന്നിവരില്‍ നിന്നും അല്പം ഉയർന്ന നിരക്കിലും കർഷകരിൽനിന്നും സാധാരണക്കാരിൽനിന്നും കുറഞ്ഞ നിരക്കിലും വൈദ്യുതി ചാർജ് ഈടാക്കിയാണ് പൊതുമേഖലാ വൈദ്യുത ബോർഡുകൾ വലിയ സാമ്പത്തിക ബാധ്യതയില്ലാതെ മുന്നോട്ട് പോകുന്നത്. വൈദ്യുതി വിതരണ മേഖലയിൽ പൊതു മേഖലാ വൈദ്യുതി ബോർഡുകൾക്കൊപ്പം സ്വകാര്യ സേവനദാതാക്കളെയും അനുവദിച്ചാൽ ലാഭം കൂടുതൽ കിട്ടാൻ അവസരമുള്ള വ്യവസായ‑വാണിജ്യ മേഖലയും പട്ടണ കേന്ദ്രീകൃത പ്രദേശങ്ങളും സ്വകാര്യ സേവന ദാതാക്കളുടെ കൈപിടിയിൽ ഒതുങ്ങുകയും കുറഞ്ഞ നിരക്കിൽ വൈദ്യുതി എത്തിക്കേണ്ട ഗ്രാമീണ പ്രദേശങ്ങളുടെയും, കാർഷിക മേഖലകളുടെയും ഉത്തരവാദിത്വം പൊതുമേഖലാ വൈദ്യുതി ബോർഡുകളുടെ ചുമലിൽ എത്തിച്ചേരുകയും ചെയ്യും. ഒരു മുതൽമുടക്കും നടത്താതെ സ്വകാര്യ സംരംഭകർക്ക് ചെറിയ പിക്കിങ്ങിന് (കൂടുതൽ ലാഭം കിട്ടാനുള്ള അവസരം) സാധ്യത തുറന്നുകിട്ടുമ്പോൾ, സമൂഹ ഉത്തരവാദിത്തം നിറവേറ്റുക വഴി പൊതുമേഖല വൈദ്യുത ബോർഡുകൾ സാമ്പത്തിക തകർച്ച നേരിടേണ്ടിവരും.

വൈദ്യുതി ബോർഡുകൾ സ്വകാര്യവൽക്കരിച്ച സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി നിരക്ക് വർധിപ്പിച്ചപ്പോൾ കേരളത്തിൽ ക്രോസ് സബ്സിഡി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കി താങ്ങാവുന്ന നിരക്കിൽ പൊതു ജനങ്ങൾക്ക് വൈദ്യുതി നൽകിവരുന്നു. കൂടാതെ ദരിദ്ര വിഭാഗങ്ങൾക്കും കാർഷിക മേഖലയ്ക്കും സൗജന്യങ്ങളും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങൾക്ക് വൈദ്യുത കണക്ഷന് മുൻഗണനകളും നൽകി, വലിയ സമൂഹിക ഉത്തരവാദിത്തമാണ് കെഎസ്ഇബി നിർവഹിച്ച് വരുന്നത്.

ക്രോസ് സബ്സിഡി സമ്പ്രദായം സമയബന്ധിതമായി അവസാനിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പകരം നേരിട്ട് ബാങ്കിലേക്ക് നല്കല്‍ (ഡിബിടി) സമ്പ്രദായം കൊണ്ടുവരും. ഇക്കാര്യത്തിൽ പാചകവാതക വിതരണത്തിലെ മാതൃക തന്നെയായിരിക്കും സ്വീകരിക്കുക. വൈദ്യുതി വിലയിൽ അനിയന്ത്രിതമായ വർധനവുവരുത്തിയും നടപ്പാക്കിയ സബ്സിഡി ബാങ്കിൽ നിക്ഷേപിച്ചും പൊതുജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരിക. സ്വകാര്യ സംരംഭകർ വൈദ്യുത മേഖലയിൽ ഇടപെട്ടിട്ടുള്ള ഇടങ്ങളിൽ എല്ലാം കാര്യങ്ങള്‍ അവതാളത്തിലായി എന്നതാണ് മുൻ അനുഭവങ്ങൾ. മഹാരാഷ്ട്രയിലെ എൻറോണ്‍ സംരംഭം തകർന്നതുവഴി വൻതുക ഇന്ത്യയിലെ ബാങ്കുകൾക്ക് കിട്ടാക്കടമായി. യുപിയിലെ ആദിത്യനാഥ് സർക്കാർ വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവല്ക്കരണത്തിൽ നിന്നും അടുത്തിടെ പിൻവാങ്ങുകയുണ്ടായി.

വൈദ്യുതി മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രാഥമികാവശ്യമായി തീർന്നിരിക്കുന്നു. മാനവരാശിയുടെ പുരോഗതിക്ക് എല്ലാ കുടുംബങ്ങൾക്കും വൈദ്യുതി ലഭിക്കേണ്ടത് ഒരു അനിവാര്യതയാണ്. സാധാരണക്കാർക്കും, കർഷകർക്കും സബ്സിഡികളും സൗജന്യങ്ങളും നിഷേധിക്കുന്നതിലേക്കും വൈദ്യുതി നിരക്ക് ഇന്ധനവിലപോലെ അനിയന്ത്രിതമായി വർധിക്കുന്നതിലേക്കുമാണ് പുതിയ വൈദ്യുതി നിയമഭേദഗതികൾ വഴിയൊരുക്കുന്നത്. നിർദ്ദിഷ്ട നിയമ ഭേദഗതിയിലെ പല നിർദ്ദേശങ്ങളും ജനവിരുദ്ധവും പ്രതിലോമകരവും ദീർഘകാലടിസ്ഥാനത്തിൽ കർഷകർക്കും സാധാരണക്കാർക്കും വൈദ്യുതി ലഭ്യത നിഷേധിക്കുന്നതുമാണ്. രാജ്യത്തെ ഊർജമേഖലയിൽ തൊഴിലെടുക്കുന്നവർ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിർദ്ദിഷ്ട വൈദ്യുതി നിയമഭേദഗതികൾക്കെതിരെ ഓഗസ്റ്റ് മൂന്നാം തീയതി മുതൽ ജന്തർ മന്ദറിൽ സത്യഗ്രഹം നടത്തിവരികയാണ്. ഇക്കഴി‍ഞ്ഞ 10ന് അതേ മുദ്രാവാക്യത്തില്‍ അഖിലേന്ത്യാ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.