സബിന പത്മന്‍

കണ്ണൂർ:

March 24, 2020, 9:16 pm

വേനൽകാലവും കൊറോണ പ്രതിരോധവും; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

Janayugom Online

കടുത്ത വേനൽക്കാലവും കൊറോണ പ്രതിരോധവും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇത് വരെയുള്ള റെക്കോർഡ് മറികടക്കും. വേനൽക്കാലത്ത് പൊതുവെ വൈദ്യുതി ഉപഭോഗം കൂടുമെന്നിരിക്കെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ സാധാരണയുള്ളതിനേക്കാളും ഇരട്ടിയിലധികമാകും ഇത്തവണത്തെ വൈദ്യുതി ഉപഭോഗം എന്ന കാര്യത്തിൽ സംശയമില്ല. ടെക്കികൾ, വലിയൊരു വിഭാഗം സ്വകാര്യ കമ്പനി ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരെല്ലാവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർക്ക് അറ്റ് ഹോം സംവിധാനത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

സർക്കാർ ഓഫീസുകൾ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രവർത്തിക്കുന്നുമുണ്ട്. അവധിക്കാലത്ത് സാധാരണയായി കുട്ടികളെ വിടാറുള്ള അവധിക്ലാസുകളിലേക്ക് നിലവിലുള്ള സാഹചര്യത്തിൽ അയക്കാൻ പറ്റാത്തതിനാൽ കുട്ടികളും വീട്ടിൽ തന്നെയുണ്ടാകും. ഇക്കാരണങ്ങളാൽ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡ് കടക്കുമെന്ന് മാത്രമല്ല പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ തോത് കൂട്ടേണ്ടതായും വരും. 2020 ജനുവരി 31 ലെ കണക്കനുസരിച്ച് കെഎസ്ഇബിഎല്ലിന് കീഴിൽ 12,78,0679 ഉപഭോക്താക്കളുണ്ട്. ഇതിൽ 98,57,888 ഉപഭോക്താക്കൾ ഗാർഹിക വിഭാഗത്തിൽപ്പെടുന്നവരാണ്. 2018 — 19 കാലയളവിൽ 4621.04 കോടി രൂപ വരുമാനമാണ് ലഭിച്ചത്. നിലവിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ ഏകദേശം 30 ശതമാനം മാത്രമെ ആഭ്യന്തര ഉല്പാദനം വഴി നിറവേറ്റാൻ സാധ്യമാകുന്നുള്ളു . സംസ്ഥാനത്തിന്റെ പ്രതിദിന ആഭ്യന്തര വൈദ്യുതി ഉല്പാദനം 2020 മാർച്ച് നാലിലെ കണക്ക് പ്രകാരം 16.3065 ദശലക്ഷം യൂണിറ്റാണ്. ഇതിൽ 15.52 24 എംയു ജലവൈദ്യുത നിലയങ്ങളിൽ നിന്നും 0.0013 എംയു കാറ്റാടി നിലയങ്ങളിൽ നിന്നും 0.0362 എം യു സോളാർ (കെഎസ്ഇബി)യും സോളാർ എൽഎൽപികളിൽ നിന്ന് 0.3607 എംയുവും മറ്റ് എൽ എൽ പി കളിൽ നിന്ന് (കാറ്റാടി, എസ് എച്ച് ഇ പി മുതലായവ) 0.3859 എംയുവും ഉല്പാദിപ്പിച്ചിട്ടുണ്ട്. പക്ഷെ അവശേഷിക്കുന്ന വൈദ്യുതി പുറത്ത് നിന്നാണ് വാങ്ങുന്നത്.

കേന്ദ്ര ഊർജ്ജമന്ത്രാലയം വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നും സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള വൈദ്യുതി വിഹിതം നിലവിൽ 1741.04 മെഗാവാട്ട് ആണ്. കേരളത്തിലെ ആഭ്യന്തര ഉല്പാദനത്തിന്റെയും നിലവിലുള്ള ദീർഘകാല കരാറുകൾ പ്രകാരം ലഭിക്കുന്ന വൈദ്യുതിയുടെയും അടിസ്ഥാനത്തിൽ 2020ലെ വേനൽ കാലത്തെ വർധിപ്പിച്ച ഉപഭോഗം കണക്കിലെടുത്ത് പ്രതീക്ഷിക്കാവുന്ന അധിക വൈദ്യുത കമ്മി കെഎസ്ഇബി എല്ലിൽ മുൻകൂട്ടി വിലയിരുത്തിയിട്ടുണ്ട്. ഇപ്രകാരം പ്രതീക്ഷിക്കുന്ന വൈദ്യുതി കമ്മി ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകളിലൂടെയും ബാങ്കിംഗ് കരാറുകളിലൂടെയും പരമാവധി നികത്താനുള്ള നടപടികൾ കെഎസ്ഇബിഎൽ പൂർത്തീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY: con­sump­tion of pow­er into record