Web Desk

കോഴിക്കോട്

August 19, 2020, 5:18 pm

കോഴിക്കോട് തീരദേശ മേഖലയിൽ സമ്പർക്ക വ്യാപന കേസുകൾ ഉയരുന്നു

Janayugom Online

കോഴിക്കോട് ജില്ലയിൽ തീരദേശ മേഖലയിൽ കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയാകുന്നു. ജില്ലയിൽ 147 കേസുകളാണ് ചൊവ്വാഴ്ച്ച മാത്രമായി റിപ്പോർട്ട് ചെയ്തത്. ഇതിൽ 142 പേരും സമ്പർക്ക രോഗികളാണ്.

55 പേർക്കാണ് കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രം സമ്പർക്ക വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതിൽ 26ഉം തീരദേശ മേഖലയായ വെള്ളയിൽ ഉള്ളവരാണ്. മറ്റൊരു തീരദേശ മേഖലയായ ചോറോട് പഞ്ചായത്തിൽ 49 പേർക്കാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധ റിപ്പോർട്ട് ചെയ്തത്.

തീരദേശ മേഖലയിലെ ജനസാന്ദ്രത വർദ്ധനവാണ് രോഗ വ്യാപനത്തിന്റെ പ്രധാന കാരണമായി ആരോഗ്യവകുപ്പ് നോക്കി കാണുന്നത്. ഇവിടങ്ങളിലെ ഒരോ കുടുബങ്ങളിലും അഞ്ചു മുതൽ 10 വരെ അംഗങ്ങളാണുള്ളത്. ഒരു കുടുംബത്തിലെ ഒരാൾക്ക് രോഗബാധ ഉണ്ടായാൽ ആ കുടുംബത്തിലെ എല്ലാവർക്കും രോഗം ബാധിക്കുന്നതാണ് സ്ഥിതി. കഴിഞ്ഞദിവസം വെള്ളയിൽ മാത്രം ഒരു കുടുംബത്തിലെ പത്തു പേർക്കും മറ്റൊരു കുടുംബത്തിലെ എട്ടു പേർക്കും കോവിഡ് സ്ഥീരീകരിച്ചിരുന്നു.

സമാനമായ സാഹചര്യമാണ് ചോറോട് പഞ്ചായത്തിലും നിലനിൽക്കുന്നത്. വരും ദിവസങ്ങിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ രോഗ വ്യാപനകേസുകൾ വർദ്ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ, ഈ ലിസ്റ്റിൽ കോഴിക്കോട് ജില്ല ഉൾപ്പെട്ടിട്ടില്ലെങ്കിലും ജില്ലയിലെ തീരദേശ മേഖലയിൽ രോഗം വ്യാപിക്കുന്നതിനെ ആരോഗ്യവകുപ്പ് ജാഗ്രതയോടെയാണ് നോക്കി കാണുന്നത്. ഇതിന്റെ ഭാഗമായി രോഗവ്യാപന ഭീതി നിലനിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്.

you may also like this video