സമ്പർക്കത്തിൽ കുറവില്ല; മുൾമുനയിൽ തലസ്ഥാനം

Web Desk
Posted on July 31, 2020, 10:34 pm

തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങളിലും തലസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം ദിനംപ്രതി ക്രമാതീതമായി വര്‍ധിക്കുന്നത് ജില്ലയെ ആശങ്കയുടെ നിഴലിലാക്കുന്നുണ്ട്. ഇന്നുവരെ 4, 084 പേർക്കാണ് തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ആകെ സമ്പർക്ക രോഗികളുടെ 30 ശതമാനത്തോളം പേരും തിരുവനന്തപുരത്താണ്.

തിരുവനന്തപുരത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 90 ശതമാനത്തോളം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നതും സ്ഥിതി ഗൗരവതരമാണെന്ന് സൂചിപ്പിക്കുന്നു.  ജില്ലയിൽ രോഗബാധിതരുടെയും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെയും എണ്ണം 300 കടന്നു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ ശേഷം ഇത് രണ്ടാം തവണയാണ് 300 കടക്കുന്നത്. നിലവിൽ സമ്പർക്ക ബാധിതരുടെ എണ്ണം ജില്ലയിൽ പ്രതിദിനം നൂറിന് മുകളില്‍ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്. തിരുവനന്തപുരത്ത് മാർച്ച് 13‑നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേർക്കായിരുന്നു അന്ന് രോഗബാധ. നാല് മാസങ്ങൾക്കിപ്പുറം എത്തി നിൽക്കുമ്പോള്‍ സംസ്ഥാനത്തെ കോവിഡ് വ്യാപന കേന്ദ്രം എന്ന നിലയിലേക്കാണ് തലസ്ഥാനം എത്തി നിൽക്കുന്നത്.

ഇതുവരെ 4, 493 കോവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1, 434 പേർക്ക് രോഗം ഭേദമായി. 12 മരണമാണ് ഔദ്യോഗിക കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം കഴിഞ്ഞാൽ മലപ്പുറം മാത്രമാണ് രണ്ടായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല (2, 059). നിലവിൽ ഏറ്റവും കൂടുതൽ പേർ രോഗബാധിതരായി ചികിത്സയിലുള്ളതും തിരുവനന്തപുരത്താണ്, 3,043 പേർ. മറ്റ് ജില്ലകളിൽ ഇത് ആയിരത്തിൽ താഴെയാണ്. 801 പേർ ചികിത്സയിലുള്ള എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരിൽ 19 ശതമാനം പേരും തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ 28 ശതമാനവും ജില്ലയിലാണ്.

 

Sub: Con­tact trac­ing increas­es in Trivan­drum

You may like this video also