Web Desk

December 11, 2019, 9:58 pm

മാതൃക തുടരാൻ ഇനി പഠനോത്സവം

Janayugom Online
c raveendranath

സി രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നാലാമത് അക്കാദമിക വർഷമാണ് 2019–20. ഈ അക്കാദമിക വർഷത്തെ ശാസ്ത്രോത്സവവും കായികോത്സവവും കലോത്സവവും വിജയകരമായി പൂർത്തിയായി. നിരവധി പ്രത്യേകതകളോടെയാണ് ഈ ഉത്സവങ്ങൾ സമാപിച്ചത്. അതിലേറ്റവും പ്രധാനപ്പെട്ടത് ജനകീയതയാണ്. എല്ലാ ഉത്സവങ്ങൾക്കും തുടർച്ചയുണ്ടാകുന്നു എന്നതാണ് മറ്റൊന്ന്. ശാസ്ത്രോത്സവത്തിൽ നിന്ന് ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ശാസ്ത്രപഠനത്തിന്റെ പ്രധാന ലക്ഷ്യം ശാസ്ത്രബോധം വളർത്തുക എന്നതാണ്. അതിലൂടെ മാത്രമേ അന്ധവിശ്വാസങ്ങളെ അകറ്റാൻ നമുക്ക് കഴിയൂ, നവോത്ഥാനത്തിലേക്ക് നീങ്ങാൻ കഴിയൂ. ഈ വർഷത്തെ ശാസ്ത്രോത്സവത്തിൽ നിന്ന് 30 പ്രതിഭകളെ കണ്ടെത്തിയിട്ടുണ്ട്. വിദഗ്ദ്ധരായ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ ഇവരിൽ നിന്ന് ഏറ്റവും പ്രഗത്ഭരും ശാസ്ത്രാന്വേഷണ തല്പരുമായ ആറു പ്രതിഭകളെ ക­ണ്ടെത്തും. അവർക്ക് കൈരളി യുവശാസ്ത്രജ്ഞ പുരസ്‌കാരം നൽകും. പ്രധാന ഗവേഷണ സ്ഥാപ­നങ്ങളുടെ സഹായത്തോടെ ഇവരെ വളർത്തും.

കേരളത്തിൽ നിന്ന് കൂടുതൽ ശാസ്ത്രജ്ഞരും ആശയങ്ങളും ഭാവിയിൽ ഉണ്ടാകണമെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഗ്രഹം. കായികോത്സവത്തിനും ഇതേ രീതിയിൽ ഒരു തുടർച്ച പ്രതീക്ഷിക്കുന്നു. കായിക വകുപ്പിന്റെ നേതൃത്വത്തിൽ ഒരു പ്രതിഭാ ടീം കായികോത്സവം സശ്രദ്ധം നിരീക്ഷിച്ചിരുന്നു. അവർ പത്തിൽ താഴെ പ്രതിഭകളെ കണ്ടെത്തിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രതിഭകളെ കായികവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി അന്താരാഷ്ട്ര നിലവാരമുള്ളവരാക്കി മാറ്റും. കായികോത്സവത്തിനുശേഷം ഇത്തരം ഒരു തുടർച്ചയുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ്. സാധ്യതകൾ പരിശോധിച്ചാൽ കായിക ലോകത്തിൽ കേ­രളത്തിന് ഇന്നത്തേക്കാൾ കൂടുതൽ പങ്കാളിത്തത്തിന് സാധ്യതയുണ്ട്. അത് നേടിയെടുക്കണം. കായികലോകത്ത് കേരളം നിറഞ്ഞു നിൽക്കണം. കായികോത്സവത്തെ അതിന്റെ ആദ്യപടിയായി കാണുന്നു. കലോത്സവത്തിനും ഇതേരീതിയിൽ ഒരു തുടർച്ച ഉണ്ടാകണമെന്നാഗ്രഹിക്കുന്നു. കലോത്സവത്തിലെ വിവിധ ഇനങ്ങളിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സൂക്ഷ്മ നിരീക്ഷണം നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രഗത്ഭരായ പത്തിൽ താഴെ കുട്ടികളെ തെരഞ്ഞെടുത്ത് സാഹിത്യ, സംഗീത, ലളിതകലാ അക്കാദമികളുടെ സഹകരണത്തോടെ വിശ്വകലാകാരന്മാരാക്കി മാറ്റുവാനാണ് ശ്രമം.

സാം­സ‌്കാരിക മേഖലയിലെ വളർച്ചയാണ് എല്ലാ വളർച്ചകളുടെയും ഭൂമിക എന്നത് ഈ ശ്രമത്തിന്റെ സർഗ പ്രചോദനമാണ്. സർഗ പ്രതിഭകളെ ഇത്തരം വേദികളിൽവച്ചു മാത്രമല്ല അന്വേഷിക്കുന്നത്. ‘ടാലന്റ് ലാബ്’ എന്ന സങ്കല്പം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുന്നോട്ടുവച്ച ഏറ്റവും നൂതനമായ ആശയമാണ്. അധ്യാപകരും മാതാപിതാക്കളും കുട്ടിയെന്താണ് എന്ന് നിരന്തരമായി നിരീക്ഷിക്കണം എന്നതാണ് ഈ സങ്കല്പത്തിന്റെ ആശയം. ആ നിരീക്ഷണം അന്വേഷണത്തിലേക്കും കുട്ടിയുടെ യഥാർഥ ജന്മവാസനയിലേക്കുമെത്തും. മാത്രവുമല്ല മറ്റു മനസുകളുമായി പങ്കുവയ്ക്കുവാനുള്ള അവസരങ്ങൾ കൂടുതൽ ഉ­ണ്ടാകുന്നത് ജനകീയ ഇടപെടലുകളിലാണ്. കാഞ്ഞങ്ങാട് കലോത്സവം ഈ സങ്കല്പത്തിൽ ഉത്തമ മാതൃകയാണ്. പണ്ട് സ്കൂളിൽ നിന്ന് ലോഡ്ജിലേക്കും തുടർന്ന് വേദിയിലേക്കും എത്തി പരിപാടി അവതരിപ്പിച്ച് യാന്ത്രികമായി തിരിച്ചു പോകുകയായിരുന്നു. പക്ഷേ കാഞ്ഞങ്ങാട് കുട്ടികൾ എ­ത്തിയത് വീടുകളിലേക്കാണ്. ഹൃദയം ഹൃദയത്തോ­ട് സംസാരിക്കുന്ന അനുഭവങ്ങൾ അവരുടെ കലാഹൃദയത്തെ പരിപോഷിപ്പിച്ചു. വൈവിധ്യമായ ഭാഷകൾ, ഭക്ഷണശീലങ്ങൾ ഇവയെല്ലാം പരിചയപ്പെടുവാൻ അവസരമുണ്ടായി. ആ കുടുംബമടക്കം അവർ കലാവേദിയിലെത്തി പരിപാടി അവതരിപ്പിച്ചു. തിരിച്ച് അതേ വീട്ടിൽ തന്നെ വന്ന് ഭക്ഷണം കഴിച്ച് അനുഭവങ്ങൾ പങ്കിട്ടു. ഇതിലും നല്ല പാഠമെന്താണ്.

ഉത്സവങ്ങളെ മേളകളാക്കുവാനും മേളകളെ ക­മ്പോളവൽക്കരിക്കുവാനുമുള്ള ശ്രമങ്ങളാണ് ലോകം മുഴുവൻ നടക്കുന്നത്. അതിലൂടെ ഗ്രാമീണതയും സർഗ തനിമകളും ആവാസവ്യവസ്ഥാധിഷ്ഠിതമായ വികസന സങ്കല്പങ്ങളും താളം തെറ്റും. അതുതന്നെയാണ് കമ്പോളത്തിന്റെ ലക്ഷ്യവും. ഈ അപകടത്തെ ചെറുത്തു തോല്പിക്കുവാനുള്ള ഒരു മാതൃക സൃഷ്ടിക്കുക എന്നതാണ് ജനകീയവൽക്കരണത്തിന്റെ മുഖ്യലക്ഷ്യം. ഇനി നമുക്ക് ഒരുത്സവവും കൂടി വിജയിപ്പിക്കണം. അതു പഠനോത്സവമാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ഡിസംബർ ഒന്നിന് എല്ലാ അക്കാദമിക ഇതര ഉത്സവങ്ങളും സമാപിക്കുന്നത്. ജൂൺ ഒന്നിന് മുൻപുതന്നെ ഈ വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളുടെയും കലണ്ടർ തയാറാക്കിയിരുന്നു. അവയെല്ലാം ഒരുവിധം കാലത്തിനനുസരിച്ച് പൂർത്തിയാക്കുവാൻ ഈ വർഷം കഴിഞ്ഞു. ഇനി നാലു മാസം കൂടി ബാക്കിയുണ്ട്. ക്രിസ്‌മസ്, മോഡൽ പരീക്ഷകളടക്കം മൂന്ന് പരീക്ഷകളുമുണ്ട്. അതിനിടയിൽ ഗ്രാമീണ മേഖലകളിൽ മുഴുവൻ സ്കൂളുകളിലെയും കുട്ടികളുടെ പഠനശേഷി തെളിയിക്കുന്ന, പ്രകടിപ്പിക്കുന്ന പഠനോത്സവങ്ങളുമുണ്ട്.

എല്ലാം ചേർന്ന സമ്പൂർണ്ണ പഠനോത്സവം ഏറ്റവും പ്രബുദ്ധമാക്കുവാൻ ജനത മുഴുവൻ ഒന്നിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നാലാം വർഷം ഉത്സവങ്ങളുടെ അക്കാദമിക വർഷമാകട്ടെ എന്നാഗ്രഹിക്കുന്നു. സമൂഹത്തിന്റെ പ്രതീക്ഷ മുഴുവൻ പൊതുവിദ്യാഭ്യാസരംഗത്തെ അധ്യാപകരിലാണ്. ആ പ്രതീക്ഷക്കൊത്ത് ഉയരുവാൻ വേണ്ടി സമഗ്രമായ തയാറെടുപ്പിലാണ് പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർ എന്നത് ശ്രദ്ധേയമാണ്. ക്ലാസുകളിൽപോലും ലൈബ്രറികൾ ഒരുക്കിക്കൊണ്ട് അറിവിന്റെ ലോകം കുട്ടിയുടെ മുന്നിൽ തുറന്നു കൊടുക്കുവാനുള്ള അധ്യാപകരുടെ ശ്രമത്തെ പ്രോത്സാഹിപ്പിക്കണം. ഇതിലൂടെ അനന്യമായൊരു ജനകീയവിദ്യാഭ്യാസ മാതൃക നമുക്ക് തീർക്കാം. ജനകീയ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി കേരളം മാറണം. ഇത് നാളെയുടെ അനുകരണീയമായ വിദ്യാഭ്യാസ മാതൃക കൂടിയാകണം.