ഇപ്പോഴും തുടരുന്ന ജാതിവിവേചനങ്ങളും ആത്മഹത്യകളും

Web Desk
Posted on June 01, 2019, 9:42 pm

ജാതിവെറിക്കിരയായി ഒരു ആദിവാസി യുവതി കൂടി ആത്മഹത്യ ചെയ്തു. മെയ് 22 നാണ് തഡ്‌വില്‍ — ഭില്‍ ആദിവാസി ദളിത് മുസ്‌ലിം ഗോത്ര വിഭാഗത്തില്‍പ്പെട്ട ഡോ. പായല്‍ തഡ്‌വി എന്ന 26 വയസുകാരി ആത്മഹത്യ ചെയ്തത്. മുംബൈയിലെ ബി വൈ എല്‍ നായര്‍ ഹോസ്പിറ്റലില്‍ ഗൈനക്കോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ഡോ. പായല്‍ തഡ്‌വി. ഡോ. പായലിന്റെ മാതാപിതാക്കളും ഭര്‍ത്താവും പൊലീസില്‍ പറയുന്നത്, ”പായലിന്റെ സീനിയറായ ഡോ. ഹേമ അഹൂജ, ഭക്തി മെഹ്‌റ, അങ്കിത ഖാണ്ഡേല്‍വാല്‍ എന്നിവരുടെ തുടര്‍ച്ചയായ ജാതീയ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും സഹിക്കവയ്യാതെയാണ് അവള്‍ ആത്മഹത്യ ചെയ്തത് എന്നാണ്. ”ജോലിയിലും പഠനത്തിലുമുള്ള അവസരങ്ങളും അവള്‍ക്ക് ജാതിയുടെ പേരില്‍ ഇവര്‍ നഷ്ടപ്പെടുത്തുമായിരുന്നു.”

കുറ്റാരോപിതരായ മൂന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളും ‘ജസ്റ്റിസ് ഫോര്‍ പായല്‍’ എന്ന ലേബലില്‍ ഒരു നവ സാമൂഹ്യ മാധ്യമ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പൊലീസ് പ്രതികളുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റവും പട്ടിക ജാതി — പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമവും മഹാരാഷ്ട്ര റാഗിംഗ് നിരോധന നിയമവും അനുസരിച്ചുള്ള കേസെടുക്കുകയും മൂന്നുപേരെയും അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നത് ആശ്വാസകരം തന്നെ. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഡോ. പായലിന്റെ കുടുംബാംഗങ്ങളും അവരുടെ അഭിഭാഷകനും ആരോപിക്കുന്നുണ്ട്. കഴുത്തില്‍ കണ്ട മുറിവുകളാണ് ഈ ആരോപണത്തിന് അടിസ്ഥാനം.

കൊലപാതകമായാലും ആത്മഹത്യ ആയാലും എന്തുകൊണ്ട് മഹാഭൂരിപക്ഷവും കറുത്ത നിറക്കാരായ ഡോ. അംബേദ്കറുടെ ഇന്ത്യയില്‍ പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍, വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഇങ്ങനെ നിരന്തര പീഡനത്തിനിരയാകുന്നു.
രോഹിത് വെമുലയെന്ന ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ഥി ജാതീയ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത് 2016 ജനുവരി 17 നാണ്. വെമുലയുടെ അമ്മ രാധികാ വെമുല പട്ടികജാതിയില്‍പ്പെട്ട മാല സമുദായക്കാരിയാണ്. രാധികയുടെ ഭര്‍ത്താവ് മണികുമാര്‍ വെമുല വദ്ദേര എന്ന പിന്നാക്ക ജാതിയില്‍ ഉള്‍പ്പെട്ടയാളുമാണ്.

യൂണിവേഴ്‌സിറ്റിയിലെ എബിവിപി എന്ന സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനക്കാരുമായി ഉണ്ടായ പ്രശ്‌നത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ 2015 ജൂലൈ മുതല്‍ രോഹിത് വെമുലയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന 25,000 രൂപയുടെ ഫെലോഷിപ്പ് നിര്‍ത്തല്‍ ചെയ്തു. ഹോസ്റ്റലില്‍ നിന്നുകൂടി ആ വിദ്യാര്‍ഥിയെ പുറത്താക്കി. സാമ്പത്തിക ഞെരുക്കത്തിലായ രോഹിത് സഹപാഠികളുടെ കയ്യില്‍ നിന്നും പണം കടംവാങ്ങി തന്റെ ഗവേഷണ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന രോഹിത് വെമുല അവസാനം ഒരു കുറിപ്പ് എഴുതി വച്ചിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു. രോഹിത് തന്റെ ആത്മഹത്യാ കുറിപ്പില്‍ എഴുതി ”എന്റെ ജീവിതം തന്നെയാണ് എന്റെ ശാപം.” മരണശേഷവും സംഘപരിവാറും ഭരണകൂടവും രോഹിത് വെമുലയെ വേട്ടയാടിക്കൊണ്ടിരുന്നു. അന്നത്തെ ഒരു കേന്ദ്ര മന്ത്രിക്കും പൊലീസധികൃതര്‍ക്കും എതിരെ പട്ടികജാതി-വര്‍ഗ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം എടുത്തിരുന്ന കേസില്‍ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി രോഹിത് വെമുല ഒരു പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളല്ലായെന്ന് തെളിയിക്കേണ്ടുന്നത് അവര്‍ക്കാവശ്യമായിരുന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലാ സ്‌ക്രൂട്ടിണി കമ്മിറ്റി നല്‍കിയ അവസാന റിപ്പോര്‍ട്ടില്‍ ”രോഹിതോ അമ്മ രാധികയോ ദളിത് വിഭാഗത്തില്‍പ്പെട്ടവരല്ലാ” ഇനി എന്ത് കേസ്, എന്ത് ശിക്ഷ?
എങ്കിലും ഇന്നും നിരവധി യുവാക്കളുടെ മനസില്‍ ഒരു നൊമ്പരമായി തേങ്ങുന്ന ഒരു പേരായി നില്‍ക്കുന്നു ‘രോഹിത് വെമുല’.

രാജസ്ഥാനിലെ ദംഗാവാസ് വില്ലേജില്‍ 2015 ല്‍ ഉണ്ടായ ജാട്ട്-ദളിത് സംഘട്ടനത്തില്‍ മരിച്ചത് നാല് ദളിത് വിഭാഗത്തിലുള്ളവരാണ്. നിരവധിയാളുകള്‍ക്ക് സാരമായ പരിക്കുമേറ്റു.
2016 ല്‍ നടന്ന സഹറന്‍പൂര്‍കലാപത്തില്‍ മരിച്ചത് ഒരാളാണെങ്കിലും കത്തിച്ചാമ്പലായത് ദളിത് വിഭാഗങ്ങളുടെ 25 വീടുകളാണ്. 20 ഓളം ആളുകള്‍ക്ക് പരിക്കു പറ്റി.
മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് സംഘട്ടനം രാജ്യത്തെ ഞെട്ടിച്ച മറ്റൊരു സംഭവം ആയിരുന്നു. 2018 ല്‍ ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികം ആഘോഷിക്കാനായി മഹറുകള്‍ ഒത്തുകൂടിയപ്പോള്‍ ഉന്നത ജാതിക്കാരായ മറാത്താ വിഭാഗം ആ ജനക്കൂട്ടത്തിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. തുടര്‍പ്രക്ഷോഭത്തില്‍ വീണ്ടും ഒരാള്‍ കൂടി കൊല്ലപ്പെട്ടു. മുപ്പതിലധികം പൊലീസുകാര്‍ക്കും പരിക്കുകള്‍ സംഭവിച്ചു. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തേക്ക് ദളിത് വിഭാഗം ‘ബന്ദി‘ന് ആഹ്വാനം ചെയ്തു. ഈ സംഭവത്തിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വരവര റാവു ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തത്.

സവര്‍ണ വിഭാഗത്തിലെ ഒരു യുവാവിനെയോ യുവതിയെയോ സ്‌നേഹിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താല്‍ ആ ദളിതിനെ ദുരഭിമാന കൊലയെന്ന പേരില്‍ കൊലപ്പെടുത്തുന്നു. പട്ടികജാതി — വര്‍ഗ വിഭാഗത്തിനു നേരെ രാജ്യത്തു നടക്കുന്ന ആള്‍ക്കൂട്ട കൊലകള്‍ക്കും ഒരറുതിയുമില്ല. ഉന്നത ജാതിയില്‍പ്പെട്ട ഒരാളിന്റെ പറമ്പില്‍ നിന്നും മാങ്ങ മോഷ്ടിച്ചു തിന്നതിന് ഒരു ദളിത് യുവാവിനെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ സവര്‍ണ ജാതിക്കൂട്ടം തല്ലിക്കൊന്ന് കെട്ടിത്തൂക്കിയെന്ന് ഇക്കഴിഞ്ഞ ദിവസം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യാ റെസിസ്റ്റ്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ പ്രേരണാ ഗുപ്തയുടെ ഒരു ലേഖനത്തില്‍ ജാതി വിവേചനത്തിന്റെ ഫലമായി ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ ഒരു ഭാഗിക ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഐഐറ്റി വിദ്യാര്‍ഥികള്‍, എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍, പിഎച്ച്ഡി രജിസ്റ്റര്‍ ചെയ്ത ഗവേഷക വിദ്യാര്‍ഥികള്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി വിദ്യാര്‍ഥികളാണ് ജീവിതം സ്വയം അവസാനിപ്പിച്ചത്. 2004 ല്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ ഓഫീസിന്റെ ഏഴാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത അടൂര്‍ ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ഥിനി രജനി എസ് ആനന്ദ് എന്ന പെണ്‍കുട്ടിയുടെ മരണം മുതലുള്ള പട്ടിക തയാറാക്കാന്‍ ആരെങ്കിലും തയാറായാല്‍ അതുതന്നെ ഒരു ഗവേഷക പ്രബന്ധത്തിനുള്ള പേജുകള്‍ വരും.

ചാതുര്‍വര്‍ണ്യത്തിന്റെ നുകം പേറിയ നാളുകളെ ചവറ്റുകുട്ടയിലെറിഞ്ഞിട്ട് ദശകങ്ങള്‍ കഴിഞ്ഞിട്ടും ജാതീയ വിവേചനങ്ങളും പീഡനങ്ങളും ഇന്ത്യയില്‍ ഇന്നും ഒരു തുടര്‍ക്കഥയായി നിലനില്‍ക്കുന്നു. സവര്‍ണ അവര്‍ണ വ്യത്യാസങ്ങള്‍ രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ”എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്” എന്നത് കേവലം ഒരു അധര വ്യായാമ മന്ത്രമായി അവശേഷിക്കും. ഈ അധമ ചിന്തയില്‍ നിന്നും മനുഷ്യ മനസിനെ സംസ്‌കരിച്ചെടുക്കാന്‍ ഇനിയും നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഭാവി തലമുറയെ ഓര്‍ത്ത് നമുക്ക് ഏറെ ദുഃഖിക്കേണ്ടി വരും. മതം, ജാതി, വംശീയത ഇവയില്‍ അഭിരമിക്കുന്ന ഒരു ജനതയ്ക്ക് മാനവ സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല.